സുരേന്ദ്രൻ, ജൂലി, മാർട്ടിൻ ജോൺ
ഹൂസ്റ്റൺ: അമേരിക്കൻ ഐക്യനാടുകളിലെ തെരഞ്ഞെടുപ്പ് ചൂടിനിടയിൽ കേരളത്തിന് അഭിമാനത്തിളക്കം . അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിൽ തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച് മൂന്ന് മലയാളികൾ മിന്നും വിജയം കരസ്ഥമാക്കിയിരിക്കുന്നു. സുരേന്ദ്രൻ കെ. പട്ടേൽ, ജൂലി എ. മാത്യു, മാർട്ടിൻ ജോൺ എന്നിവരാണ് അമേരിക്കൻ ജനതയുടെ വിശ്വാസം ആർജിച്ച് ഈ സുവർണ്ണ നേട്ടത്തിന് അർഹരായത്. തികച്ചും ആവേശകരമായ മത്സരങ്ങൾക്കൊടുവിലാണ് മൂവരും തങ്ങളുടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി വിജയക്കൊടി പാറിച്ചത്.
ഡെമോക്രാറ്റിക് നിരയിൽ കരുത്തുകാട്ടി സുരേന്ദ്രൻ കെ. പട്ടേൽ
240-ാം ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് ജഡ്ജി (District Judge, 240th Judicial District) സ്ഥാനത്തേക്ക് ജനവിധി തേടിയ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി സുരേന്ദ്രൻ കെ. പട്ടേൽ തന്റെ വിജയത്തിന്റെ ഭൂരിപക്ഷം വൻതോതിൽ വർധിപ്പിച്ചു. പുതിയ ഫലങ്ങൾ പ്രകാരം അദ്ദേഹം 1,58,897 വോട്ടുകൾ (59.89%) സ്വന്തമാക്കിയിട്ടുണ്ട്. എതിരാളിയായ റിപ്പബ്ലിക്കൻ സ്ഥാനാർഥി ആശാ റെഡ്ഡിക്ക് 1,06,418 വോട്ടുകൾ (40.11%) മാത്രമാണ് നേടാനായത്. ആകെ 2,65,315 വോട്ടുകളാണ് ഈ ഡിസ്ട്രിക്റ്റിൽ രേഖപ്പെടുത്തിയത്.
നീതിന്യായ മേഖലയിൽ വീണ്ടും ജൂലി എ. മാത്യു
നീതിന്യായ മേഖലയിലെ മറ്റൊരു ശ്രദ്ധേയമായ പോരാട്ടത്തിൽ, കൗണ്ടി കോർട്ട് അറ്റ് ലോ നമ്പർ 3-ലെ (County Court at Law No. 3) ജഡ്ജി സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാർട്ടിയുടെ മലയാളിയായ ജൂലി മാത്യു (Juli Mathew ) ഉജ്ജ്വല വിജയമാണ് കരസ്ഥമാക്കിയത്. നിലവിലെ ജഡ്ജിയായ ജൂലി 1,68,321 വോട്ടുകൾ (60.10%) ലഭിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ ജെസ്സിക്ക ജെറമില്ലോയെയാണ് അവർ പരാജയപ്പെടുത്തിയത്. ജെസ്സിക്കയ്ക്കു 1,111,760 വോട്ടുകളാണ് (39.90%) ലഭിച്ചത്. ഈ തെരഞ്ഞെടുപ്പിൽ ആകെ 2,65,519 പേർ വോട്ട് രേഖപ്പെടുത്തി.
പാർട്ടി ഭേദമന്യേ വിജയം കൊയ്ത് മാർട്ടിൻ ജോൺ
രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളില്ലാതെ നടന്ന (Non-Partisan) ഫോർട്ട് ബെൻഡ് സെൻട്രൽ അപ്രൈസൽ ഡിസ്ട്രിക്റ്റ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് തെരഞ്ഞെടുപ്പിലെ പുതിയ കണക്കുകൾ പ്രകാരം മാർട്ടിൻ ജോൺ തന്റെ ലീഡ് വലിയ രീതിയിൽ ഉയർത്തി. മാർട്ടിൻ ജോൺ 1,22,131 വോട്ടുകൾ (57.68%) നേടി ഉജ്ജ്വല വിജയം സ്വന്തമാക്കി. എതിരാളിയായ ഷൈസാദ് 'സാം' ചത്രിവാലയ്ക്ക് 89,616 വോട്ടുകൾ (42.43%) മാത്രമേ നേടാനായുള്ളൂ. ഈ മത്സരത്തിൽ ആകെ 2,11,747 വോട്ടുകൾ രേഖപ്പെടുത്തപ്പെട്ടു. മാർട്ടിൻ ജോൺ പാലാ സെന്റ് തോമസ് കോളേജ് യൂണിയൻ മുൻ ചെയർമാനാണ്.
അമേരിക്കൻ പ്രാദേശിക ഭരണകൂടങ്ങളിലും നീതിന്യായ വ്യവസ്ഥയിലും പ്രവാസി മലയാളികൾ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്നും, ജനങ്ങൾക്കിടയിൽ അവർക്ക് എത്രത്തോളം സ്വീകാര്യതയുണ്ടെന്നും തെളിയിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ. സ്വന്തം പ്രയത്നവും നേതൃപാടവവും കൊണ്ട് അമേരിക്കൻ രാഷ്ട്രീയത്തിൽ വേരുറപ്പിക്കുന്ന ഈ മലയാളികളുടെ നേട്ടം, ലോകമെമ്പാടുമുള്ള പ്രവാസി സമൂഹത്തിന് വലിയൊരു പ്രചോദനം കൂടിയാണ്.
Tags : American elections Deepika DeepikaNewspaper BreakingNews Malayalis make history in the American elections