പ്രതീകാത്മക ചിത്രം
വാൻഷിംഗ്ടൺ: എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, വിദേശരാജ്യങ്ങളിൽനിന്ന് വിമാനമാർഗം അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാവർക്കും പുതിയ ആരോഗ്യ പ്രഖ്യാപനം നിർബന്ധമാക്കി അമേരിക്കൻ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ. അമേരിക്കൻ പൗരന്മാർ, ഗ്രീൻ കാർഡ് ഉടമകൾ, വിദേശ പൗരന്മാർ എന്നിവർക്കെല്ലാം ഇത് ബാധകമാണ്. അമേരിക്ക വഴി കണക്ഷൻ വിമാനത്തിൽ യാത്ര ചെയ്യുന്നവരും ഇതിൽ ഉൾപ്പെടും.
യാത്രയ്ക്ക് മുൻപുള്ള 21 ദിവസത്തിനുള്ളിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ സന്ദർശിച്ചിട്ടില്ലെന്ന് ഓരോ യാത്രക്കാരനും പ്രഖ്യാപനത്തിൽ സാക്ഷ്യപ്പെടുത്തണം. വിമാനമാറ്റത്തിനായി മാത്രം കോംഗോയിൽ ഇറങ്ങിയാലും അത് സന്ദർശനമായി കണക്കാക്കും. കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ കോംഗോയിൽ ഉണ്ടായിരുന്നവർക്ക് അമേരിക്കയിലേക്കുള്ള വിമാനത്തിൽ കയറാൻ അനുമതിയില്ല. കോംഗോ വിട്ട് 22-ാം ദിവസം മുതൽ മറ്റ് യാത്രാ നിബന്ധനകൾ പാലിക്കുന്ന പക്ഷം യാത്ര ചെയ്യാം.
സാക്ഷ്യപത്രം പേപ്പർ രൂപത്തിലോ ഇലക്ട്രോണിക് രൂപത്തിലോ വിമാനക്കമ്പനികൾക്ക് സമർപ്പിക്കാം. 18 വയസിന് താഴെയുള്ള കുട്ടികൾക്കുവേണ്ടി മാതാപിതാക്കൾക്ക് സാക്ഷ്യപത്രം നൽകാം. സാക്ഷ്യപത്രം സമർപ്പിക്കാത്തവർക്ക് ബോർഡിങ് നിഷേധിക്കാം. അറിഞ്ഞുകൊണ്ട് തെറ്റായ വിവരങ്ങൾ നൽകുന്നവർക്ക് പിഴയും തടവും ഉൾപ്പെടെയുള്ള നിയമനടപടികളും നേരിടേണ്ടിവരും.യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ നിർദേശങ്ങൾ ഉറപ്പാക്കണം.
Tags : Travel to the U.S. Deepika DeepikaNewspaper BreakingNews Travel to the U.S. is not possible without documentation