ആകാശപാതയിലെ അതിവേഗ വിസ്മയം
Sunday, December 19, 2021 3:24 AM IST
പക്ഷികളെപ്പോലെ എന്തുകൊണ്ട് മനുഷ്യർക്കും പറന്നുകൂടാ എന്ന ചിന്ത മനുഷ്യരിൽ അടിയുറച്ചതോടെ ഇതിനായുള്ള നിരന്തര പരീക്ഷണങ്ങൾ ആരംഭിച്ചു.
മാനവരാശിയുടെ വികസനക്കുതിപ്പിനു ഗതിവേഗം പകർന്ന കണ്ടുപിടിത്തങ്ങളിൽ പ്രധാനപ്പെട്ടതാണ് വിമാനം. ചരിത്രത്തിൽ ആദ്യമായി അമേരിക്കയിലെ റൈറ്റ് സഹോദരങ്ങളായ വിൽബറും ഓർവിലും ചേർന്ന് ആദ്യവിമാനം നിർമിച്ച് അതു പറത്തിയതിന് ഈ ദിവസങ്ങളിൽ 118 വർഷം പിന്നിടുന്പോൾ വ്യോമയാനമേഖല ഇന്ന് മാനവരാശിയുടെ അനിവാര്യതയായി മാറിയിരിക്കുന്നു.
ഓരോ വർഷവും നൂതന ഡിസൈനുകളിലും പ്രത്യേകതകളിലുമായി വിമാനങ്ങൾ ആകാശത്തെത്തുന്നു. അത്യാധുനിക വിമാനങ്ങളും ലോകോത്തര വിമാനത്താവളങ്ങളും ഒരു രാജ്യത്തിന്റെ പുരോഗതിയുടെ അളവുകോലായി കാണുന്ന കാലഘട്ടമാണിത്. സമയത്തിനു വളരെയേറെ വിലകൽപ്പിക്കുന്ന ആധുനിക മനുഷ്യസമൂഹത്തിനു വിമാനയാത്ര അനിവാര്യതയാണ്.
അതിനാൽത്തന്നെ ശബ്ദവേഗതയുടെ ആറിരട്ടി വരെ പറക്കുന്ന ഹൈപ്പർ സോണിക് വിമാനങ്ങളുടെ യുഗത്തിലേക്ക് ലോകം നീങ്ങുകയാണ്. വാണിജ്യ, യാത്രാ മേഖലകളിലെന്നപോലെ പ്രതിരോധമേഖലയ്ക്കും വിമാനങ്ങൾ ഒഴിച്ചുകൂടാൻ പറ്റാത്തതായി.
ശതകോടികളുടെ മുടക്കിൽ വൻകിട രാജ്യങ്ങൾ അത്യാധുനിക യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഡ്രോണുകളുമെല്ലാം വാങ്ങിക്കൂട്ടി തങ്ങളുടെ വ്യോമസേനയെ ശക്തരാക്കുകയാണ്. കാരണം യുദ്ധങ്ങളിൽ ജയപരാജയം നിർണയിക്കുന്ന പ്രധാന ഘടകം വ്യോമസേനയാണെന്ന തിരിച്ചറിവുതന്നെ. വ്യോമഗതാഗതം വികസിച്ചതോടെ രാജ്യങ്ങൾ തമ്മിലുള്ള അകലം ചുരുങ്ങിയെന്നതും വലിയ നേട്ടം.
ഒന്നാം ലോകമഹായുദ്ധത്തിൽ പരിമിതമായാണ് വിമാനം ഉപയോഗിച്ചത്. എങ്കിലും വിമാന സാങ്കേതികവിദ്യ വികസിച്ചുകൊണ്ടിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിലെ എല്ലാ യുദ്ധങ്ങളിലും വിമാനങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. ആദ്യത്തെ ജെറ്റ് വിമാനം 1939-ൽ ജർമൻകാരനായ ഏണസ്റ്റ് ഹെയ്ങ്കേലിന്റെ വിമാനനിർമാണ കന്പനി നിർമിച്ച ഹെയ്ങ്കൽ ഹീ 178 ആയിരുന്നു.
ബ്രിട്ടീഷ് വിമാന നിർമാണ കന്പനിയായ ഡേ ഹാവിലാൻഡ് 1952-ൽ ആദ്യ ജെറ്റ് എയർലൈനർ ഡി ഹാവിലാൻഡ് കോമറ്റ് അവതരിപ്പിച്ചു. വ്യാപകമായി വിജയിച്ച ആദ്യത്തെ വാണിജ്യ ജെറ്റായ ബോയിംഗ് 707, 1958 മുതൽ 2013 വരെ 50 വർഷത്തിലേറെ വാണിജ്യ സേവനത്തിലുണ്ടായിരുന്നു.
തുടക്കം പക്ഷികളിൽ
രൂപം പോലെതന്നെ പക്ഷികളുടെ പറക്കലിൽനിന്നാണ് വിമാനം എന്ന ആശയം ഉദിച്ചത്. ഈ കൗതുകത്തിൽനിന്ന് ബിസി 400 ൽ ഗ്രീക്ക് തത്വചിന്തകനും വാനനിരീക്ഷകനുമായ ആർക്കൈറ്റ്സ് തടികൊണ്ട് പക്ഷിരൂപമുണ്ടാക്കി ആദ്യമായി പറത്തി. ആവികൊണ്ട് പ്രവർത്തിക്കുന്ന ഈ മരപ്പക്ഷി 200 മീറ്റർ വരെ പറന്നുവെന്നാണ് ചരിത്രം. ബി.സി. 300 ൽ ചൈനക്കാർ ഗ്ലൈഡറുകൾ പോലുള്ള പട്ടങ്ങളും നിർമിച്ചു. പക്ഷികളെപ്പോലെ എന്തുകൊണ്ട് മനുഷ്യർക്കും പറന്നുകൂടാ എന്ന ചിന്ത മനുഷ്യരിൽ അടിയുറച്ചതോടെ ഇതിനായുള്ള നിരന്തര പരീക്ഷണങ്ങൾ തുടങ്ങി.
ബലൂണുകൾ ഉപയോഗിച്ച് പറക്കുന്നതിലേക്കായി ലോകത്തിന്റെ ചിന്ത. അങ്ങനെ കൂറ്റൻ ബലൂണ് ഉപയോഗിച്ച് പാരീസിനുമുകളിൽ അഞ്ചു മൈൽ ദൂരത്തിൽ പറന്നുകൊണ്ട് ഫ്രഞ്ചുകാരായ ജീൻ എഫ് പില്രോത ഡെറോസിയറും മാർക്വിസ് ഡി അർലാൻഡെസും ചരിത്രം സൃഷ്ടിച്ചു. പിന്നീട് 1650 മുതൽ 1900 വരെ ഇത്തരത്തിൽ നടത്തിയ എല്ലാ യാത്രകളും ബലൂണുകൾ ഉപയോഗിച്ചുള്ളതായിരുന്നു. ഇതിനിടെയാണ് ഫ്രഞ്ചുകാരായ മോണ്ട് ഗോൾഫിയർ സഹോദരൻമാർ എന്നറിയപ്പെടുന്ന ജോസഫും ജാക്കും 6000 അടി ഉയരത്തിൽ ബലൂണ് ഉപയോഗിച്ചു പറന്ന് അത്ഭുതം സൃഷ്ടിച്ചത്.
എന്നാൽ നിയന്ത്രിക്കാൻ കഴിയില്ല എന്നത് ഇത്തരം പറക്കലുകളുടെ പ്രധാന പോരായ്മയായിരുന്നു. ഇതു പരിഹരിക്കാൻ പിന്നീട് പവർ പ്ലാന്റുകൾ ഉപയോഗിച്ചുതുടങ്ങി. ഗ്ലൈഡറുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാണ് പിന്നീട് നടന്നത്. ബ്രിട്ടണിലും ജർമനിയിലും അമേരിക്കയിലും ഫ്രാൻസിലും മറ്റുമായി നിരവധി ഗവേഷകർ ഗ്ലൈഡർ നിർമിക്കാനുള്ള പരീക്ഷണങ്ങളിൽ ഏർപ്പെട്ടു. 1804 ൽ ബ്രിട്ടീഷുകാരനായ ജോർജ് കെയ് ലി ആദ്യത്തെ ഗ്ലൈഡർ നിർമിച്ചു. പിന്നീട് ജർമൻകാരനായ ഓട്ടോ ലിലിയൻതാൾ പൈലറ്റുമാർക്ക് പറപ്പിക്കാവുന്ന ഗ്ലൈഡറുകൾ കണ്ടുപിടിച്ചു.
റൈറ്റ് സഹോദരങ്ങളുടെ വരവ്
ലിലിയൻതാളിന്റെ ഗ്ലൈഡറിൽനിന്നാണ് റൈറ്റ് സഹോദരൻമാർ എന്നറിയപ്പെടുന്ന ഓർവിലും വിൽബറും ചേർന്ന് വിമാന പരീക്ഷണങ്ങൾക്ക് തുടക്കമിട്ടത്. നാലു വർഷം കൊണ്ട് ഇരുവരും ചേർന്ന് ആയിരം തവണ ഗ്ലൈഡറിൽ ആകാശയാത്ര നടത്തി. ഇതേ കാലത്തുതന്നെ വ്യോമയാനത്തെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളും വായിച്ചു. എന്നാൽ പുസ്തകങ്ങളിൽനിന്ന് പരീക്ഷണത്തിന് സഹായകമായ ഒന്നുംതന്നെ ലഭിച്ചില്ല. പിന്നീട് സ്വയം ആലോചിക്കാൻ ആരംഭിച്ചു.
തങ്ങളുടെ പരീക്ഷണങ്ങൾക്ക് ആവശ്യമായ മിക്ക സാമഗ്രികളും റൈറ്റ് സഹോദരൻമാർ തന്നെയാണ് നിർമിച്ചത്. 12 എച്ച്പി ശേഷിയുള്ള എൻജിനായിരുന്നു ഇതിൽ പ്രധാനപ്പെട്ടത്. എൻജിനുശേഷം പ്രൊപ്പെല്ലറാണ് റൈറ്റ് സഹോദരൻമാരെ അലട്ടിയത്. നിരന്തര പരീക്ഷണങ്ങൾക്കുശേഷം അവർ അതും വികസിപ്പിച്ചു. സ്വന്തമായി നിർമിച്ച എൻജിനും പ്രൊപ്പെല്ലറും ഉപയോഗിച്ച് 1899 ലാണ് റൈറ്റ് സഹോദരൻമാർ ആദ്യവിമാനം നിർമിച്ചത്.
രണ്ടു ചിറകുള്ള ഒരു ബൈപ്ലെയിൻ പട്ടമായിരുന്നു അത്. പിന്നീട് 1902 ൽ കിറ്റി ഹാക് ഫ്ളൈയർ എന്ന വിമാനത്തിന് ഇരുവരും ചേർന്ന് രൂപം നൽകി. വിമാനത്തിൽ ആര് ആദ്യം പറക്കണമെന്നത് ഇരുവർക്കുമിടയിൽ തർക്കവിഷയമായി. നറുക്കിട്ടാണ് ഈ പ്രശ്നത്തിന് ഇവർ പരിഹാരം കണ്ടത്. വിൽബറിനെയായിരുന്നു ടോസ് തുണച്ചത്. എന്നാൽ പറക്കുന്നതിനിടെ വിമാനത്തിന്റെ ഒരു ചിറക് നിലത്തിടിച്ചതിനെ തുടർന്ന് ആ പരീക്ഷണം പരാജയപ്പെട്ടു.
1903 ഡിസംബർ 17ന് അമേരിക്കയിലെ നോർത്ത് കരോളിന സംസ്ഥാനത്തെ കിറ്റി ഹോക്കിനടുത്തുവച്ച് പോരായ്മകളെല്ലാം പരിഹരിച്ച് വിമാനം വീണ്ടും പറക്കലിനു തയാറാക്കി. വിമാനം പറത്താനുള്ള രണ്ടാമത്തെ ഉൗഴം ഓർവിലിന്റേതായിരുന്നു. നിരവധി പേരെ വിമാനം പറത്തുന്നത് കാണാൻ ക്ഷണിച്ചിരുന്നുവെങ്കിലും കേവലം അഞ്ചുപേർ മാത്രമാണ് സ്ഥലത്തെത്തിയത്. 12 സെക്കൻഡ് ആകാശത്തു പറന്ന വിമാനം കാഴ്ചക്കാർക്ക് അദ്ഭുതമായി.
മൂന്നു വർഷത്തിനുശേഷം ആദ്യമായി വിമാനം പറത്തിയതിനുള്ള പേറ്റന്റ് ഇവർ സ്വന്തമാക്കുകയും ചെയ്തു. റൈറ്റ് സഹോദരങ്ങളുടെ വിമാനങ്ങളിൽ വീണ്ടും പരീക്ഷണങ്ങൾ നടന്നുകൊണ്ടേയിരുന്നു. നിരന്തര പരീക്ഷണങ്ങൾക്കൊടുവിലാണ് ഇന്നു കാണുന്ന രീതിയിലേക്കുള്ള വിമാനങ്ങൾ ഉണ്ടായത്. സൈനിക നിരീക്ഷണങ്ങൾക്കായും യുദ്ധങ്ങൾക്കായും വിമാനം ഉപയോഗിച്ചത് വ്യോമസേനയുടെ രൂപീകരണത്തിന് വഴിവച്ചു.
മൂലധനം സൈക്കിൾകട
മറ്റു പലരും പരാജയപ്പെട്ടിടത്തുനിന്നാണ് സാങ്കേതിക വിദ്യാഭ്യാസമൊന്നുമില്ലാത്ത റൈറ്റ് സഹോദരൻമാർ വിജയിച്ചത്. രണ്ടുപേരും കോളജിൽ പോയിട്ടില്ല, സാങ്കേതിക പരിശീലനവും ഉണ്ടായിരുന്നില്ല. സൈക്കിൾ ഷോപ്പ് നടത്തി അതിൽനിന്നുള്ള ലാഭമുപയോഗിച്ചാണ് സഹോദരങ്ങൾ തങ്ങളുടെ കണ്ടുപിടിത്തം തുടർന്നത്. അതിയായ ജിജ്ഞാസയും കഠിനാധ്വാനവും ലോകം കാത്തിരുന്ന എൻജിനിയറിംഗ് വിസ്മയം സ്വായത്തമാക്കുന്നതിന് അവരെ സഹായിച്ചു.
പക്ഷികളുടെ ചലനങ്ങൾ നിരന്തരം നിരീക്ഷിച്ച ഇരുവരും അതിനെക്കുറിച്ച് ഗാഢമായി ചിന്തിച്ചു. പ്രൊട്ടസ്റ്റന്റ് ബിഷപ്പായ മിൽട്ടൻ റൈറ്റിന്റെയും സൂസൻ കാതറിന്റെയും മക്കളായി വിൽബർ 1867 ഏപ്രിൽ 16ന് അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്തിലെ മിൽവില്ലെയിലും ഇളയവൻ ഓർവിൽ 1871 ഓഗസ്റ്റ് 19ന് ഒഹിയോ സംസ്ഥാനത്തിലെ ഡേറ്റോണിലും ജനിച്ചു. വിൽബർ 76-ാം വയസിലും ഓർവിൽ 45-ാം വയസിലും ലോകത്തോട് യാത്രപറഞ്ഞു.
തർക്കവും കേസും
ആദ്യവിമാനത്തിന്റെ അവകാശത്തെച്ചൊല്ലി ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയത്തിന്റെ ഉടമകളായ അമേരിക്കയിലെ സ്മിത്സോനിയൻ ഇൻസ്റ്റിറ്റ്യൂഷനും റൈറ്റ് സഹോദരൻമാരും തമ്മിലുള്ള നിയമയുദ്ധം പ്രശസ്തമാണ്. റൈറ്റ് സഹോദരൻമാർ തങ്ങളുടെ വിമാനം രൂപകല്പന ചെയ്യുകയും പരീക്ഷിക്കുകയും ചെയ്യുന്ന അതേ സമയത്തുതന്നെ യൂണിവേഴ്സിറ്റി പ്രഫസറും സ്മിത്സോനിയൻ ഇൻസ്റ്റിറ്റ്യൂഷന്റെ സെക്രട്ടറിയുമായിരുന്ന സാമുവൽ ലാംഗ്ലിയും വിമാനം രൂപകല്പന ചെയ്തു.
റൈറ്റ് സഹോദരൻമാർ ആയിരം ഡോളറാണ് വിമാനം നിർമിക്കാൻ ചെലവഴിച്ചതെങ്കിൽ ലാംഗ്ലിയാകട്ടെ എഴുപതിനായിരം ഡോളറാണു ചെലവഴിച്ചത്. അതാവട്ടെ യുഎസ് യുദ്ധ കാര്യവകുപ്പിൽനിന്നുള്ള ഗ്രാന്റ് ഉപയോഗിച്ചും. കന്നിപ്പറക്കലിൽ ലാംഗ്ലിയുടെ വിമാനം പറന്നുയരാൻ ശ്രമിക്കുന്നതിനിടെ പൊട്ടോമാക് നദിയിൽ മുങ്ങിത്താഴുകയായിരുന്നു.
എങ്കിലും സ്മിത് സോനിയൻ ഇൻസ്റ്റിറ്റ്യൂഷന്റെ മ്യൂസിയത്തിൽ ഒരു വിമാനം പ്രദർശനത്തിനു വച്ച് അതിന്റെ ചുവട്ടിൽ എഴുതിയിരുന്നത് ആദ്യവിമാനം കണ്ടുപിടിച്ച് നിർമിച്ചു പറത്തിയത് സാമുവൽ ലാംഗ്ലിയെന്നാണ്. ഇതാണ് നിയമയുദ്ധത്തിനിടയാക്കിയത്. വർഷങ്ങളായി തുടർന്ന നിയമയുദ്ധം ഒടുവിൽ റൈറ്റ് സഹോദരൻമാർക്ക് അനുകൂലമായി.
വിമാനത്തിന്റെ കണ്ടുപിടിത്തത്തിനിടെ സാങ്കേതിക ഉപദേശം തേടി സ്മിത് സോനിയൻ ഇൻസ്റ്റിറ്റ്യൂഷനെ സമീപിച്ച റൈറ്റ് സഹോദരൻമാരെ അവ്യക്തമായ വിവരം നൽകി കബളിപ്പിക്കാനും സ്ഥാപനം ശ്രമിച്ചു. എങ്കിലും തെറ്റ് കണ്ടുപിടിച്ച സഹോദരങ്ങൾ സ്വന്തംനിലയ്ക്ക് ഗവേഷണവുമായി മു ന്നോട്ടുപോകുകയായിരുന്നു.
സൂപ്പർ സോണിക്, ഹൈപ്പർ സോണിക്
സൂപ്പർ സോണിക്, ഹൈപ്പർ സോണിക് വിമാനങ്ങളുടെ കാലമാണ് വരാൻ പോകുന്നത്. ശബ്ദത്തേക്കാൾ രണ്ടു മടങ്ങ് വേഗത്തിൽ അതായത് മണിക്കൂറിൽ 2092 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന വിമാനങ്ങളാണ് സൂപ്പർ സോണിക്. ശബ്ദ വേഗമെന്നത് സെക്കൻഡിൽ 343.2 മീറ്ററാണ്. അതായത് മണിക്കൂറിൽ 1,236 കിലോമീറ്റർ. രണ്ടു പതിറ്റാണ്ടു മുന്പ് ആരംഭിച്ച് പിന്നീട് വിസ്മൃതിയിലായ സൂപ്പർ സോണിക് വിമാനങ്ങൾ 2029 ഓടെ വീണ്ടും ആകാശപഥങ്ങളിൽ എത്തും. അമേരിക്കയിലെ ബൂം സൂപ്പർ സോണിക്കാണ് ഒവർച്യുർ എന്നപേരിൽ സൂപ്പർസോണിക് വിമാനം നിർമിക്കാനൊരുങ്ങുന്നത്.
55 യാത്രക്കാരെ മാത്രം ഉൾക്കൊള്ളുന്ന ചെറുവിമാനങ്ങളായിരിക്കും സൂപ്പർസോണിക് ശ്രേണിയിൽ ആദ്യമിറക്കുക.സൂപ്പർസോണിക് വിജയകരമായി 27 വർഷം ഉപയോഗിച്ചു പിന്നീട് ഉപേക്ഷിച്ച ചരിത്രം മുന്നിലിരിക്കെയാണ് വീണ്ടും നിർമാണം. ബ്രിട്ടനിലെയും ഫ്രാൻസിലെയും വിവിധ വിമാനനിർമാണകന്പനികൾ സംയുക്തമായി നിർമിച്ചതാണ് ആദ്യ സൂപ്പർ സോണിക് വിമാനം കോണ്കോർഡ്. 92 മുതൽ 128 വരെ യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഈ വിമാനത്തിന് മണിക്കൂറിൽ 2179 കിലോമീറ്ററായിരുന്നു വേഗം.
1976ൽ എയർഫ്രാൻസും ബ്രിട്ടീഷ് എയർവേസും കോണ്കോർഡിന്റെ വാണിജ്യ സർവീസ് ആരംഭിച്ചെങ്കിലും 2003ൽ അവസാനിപ്പിച്ചു. 2000 ജൂലൈ 25ന് പാരീസിൽനിന്ന് ന്യൂയോർക്കിലേക്ക് പറന്നുയർന്ന് ഒരു മിനിറ്റിനുള്ളിൽ കെട്ടിടത്തിനു മുകളിലേക്ക് തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 109 പേരും കെട്ടിടത്തിനുള്ളിലെ നാലുപേരും മരിച്ചതാണ് കോണ്കോർഡിന്റെ തകർച്ചയ്ക്കു കാരണം. ഇതിനുപുറമെ വിമാനത്തിന് ആവശ്യക്കാർ കുറഞ്ഞതും വർധിച്ച ഇന്ധനച്ചെലവും പരിപാലന ചെലവും കാരണം നിർമാണം നിർത്തുകയായിരുന്നു. 1970കളിൽ സോവ്യറ്റ് യൂണിയൻ ടുപൊലെവ് ടിയു-144 സൂപ്പർസോണിക് വിമാനങ്ങൾ നിർമിച്ചെങ്കിലും അധികം ആയുസ് ഉണ്ടായിരുന്നില്ല.
നിലവിലെ എയർലൈനുകളിൽ മണിക്കൂറിൽ 804 കിലോമീറ്റർ മാത്രമാണ് പരമാവധി വേഗം. ശബ്ദത്തേക്കാൾ ആറു മടങ്ങ് വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഹൈപ്പർ സോണിക് വിമാനവും യാഥാർഥ്യമാകുകയാണ്. വിവിധ കന്പനികൾ ഇതിന്റെ നിർമാണഘട്ടത്തിലാണെങ്കിലും ചൈനയാണ് മുന്പിൽ. ലോകത്ത് എവിടെയും ഒരു മണിക്കൂറുകൊണ്ട് എത്താൻ സാധിക്കുന്ന പത്തുപേർക്ക് യാത്ര ചെയ്യാവുന്ന ഹൈപ്പർ സോണിക് വിമാനമാണ് ചൈന നിർമിക്കുന്നത്. അമേരിക്കൻ സൈന്യത്തിനുവേണ്ടിയും ശബ്ദത്തേക്കാൾ ആറുമടങ്ങ് വേഗതയുള്ള വിമാനം നിർമാണഘട്ടത്തിലാണ്. വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്നതും സൗരോർജംകൊണ്ട് പ്രവർത്തിക്കുന്നതുമായ വിമാനങ്ങളും അണിയറയിൽ നിർമാണത്തിലാണ്.
സ്പന്ദിക്കുന്ന ഇന്ത്യൻ കരങ്ങൾ
ലോക വ്യോമയാനമേഖല നിയന്ത്രിക്കുന്നത് അമേരിക്കയുടെ ബോയിംഗും ഫ്രാൻസിന്റെ എയർബസുമാണ്. എയർബസ്, ബോയിംഗ് വിമാനങ്ങൾ പറക്കുന്പോൾ ഇന്ത്യക്കും അഭിമാനിക്കാൻ വകയുണ്ട്. കാരണം ഈ വിമാനങ്ങളിലെ പല ഘടകങ്ങളും നിർമിച്ചുനൽകുന്നത് ഇന്ത്യൻ കന്പനികളാണെന്നതുതന്നെ.
ബംഗളൂരു ആസ്ഥാനമായ ഡൈനമാറ്റിക് ടെക്നോളജീസ്, കർണാടകയിലെ ബെലാഗവി ജില്ലയിൽ ഹട്ടാർഗി ആസ്ഥാനമായ ഏക്വസ്, മുംബൈ ആസ്ഥാനമായ മഹീന്ദ്ര എയ്റോസ്ട്രക്ചേഴ്സ്, അമേരിക്കൻ കന്പനിയായ ലോക്ക് ഹീഡ്, മാർട്ടിൻ-ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് കന്പനിയുടെ സംയുക്ത സംരംഭമായ ഹൈദരാബാദ് ആസ്ഥാനമായ ലോക്ക് ഹീഡ് എയ്റോ സ്ട്രക്ചേഴ്സ് തുടങ്ങിയ ഇന്ത്യൻ കന്പനികളാണ് ബോയിംഗ്, എയർബസ് വിമാനനിർമാണത്തിന് ഉപയോഗിക്കുന്ന വിവിധ ഘടകങ്ങൾ നിർമിച്ചുനൽകുന്നത്.
ടി.എ. ജോർജ്