പത്തിലത്തോരൻ
പലതരം പച്ചിലകൾ ചേർത്ത് ഉണ്ടാക്കുന്നതാണ് ഈ തോരൻ. ഇതിൽ സാധാരണ പത്തുതരം ഇലകൾ ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ടു കിട്ടിയ പേരാണ് പത്തിലത്തോരൻ.

ആവശ്യമായ സാധനങ്ങൾ

1. വെള്ളച്ചീര, 2. ചുവന്ന ചീര, 3. വേലിച്ചീര, 4. തഴുതാമ ഇല, 5. കോവലിന്‍റെ ഇല 6. മത്തനില, 7. കുന്പളത്തിന്‍റെ ഇല, 8. ചേന്പില, 9. ചേനയില, 10. പയറില. ഇതെല്ലാംകൂടി അരിഞ്ഞത് 300 ഗ്രാം.
അരപ്പിനുവേണ്ടി - തേങ്ങ ചുരണ്ടിയത് ഒരു മുറി, പച്ചമുളക് 3, ജീരകം 1 ടീസ്പൂൺ, മഞ്ഞൾ അര ടീസ്പൂൺ, വെളുത്തുള്ളി 4 അല്ലി. ഇവയെല്ലാംകൂടി ചതച്ചത്.
താളിപ്പിന് - വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ, കടുക് അര ടീസ്പൂൺ, അരി 1 ടീസ്പൂൺ, ഉണക്കമുളക് 2, ചെറിയ ഉള്ളി അരിഞ്ഞത് 4.

ഉണ്ടാക്കുന്ന വിധം

എണ്ണ ചൂടാക്കി കടുകുപൊട്ടിച്ച്, മറ്റേ ചേരുവയും ചേർത്ത് മൂത്താൽ, ഇതിലേക്ക് ഇല അരിഞ്ഞത് ചേർത്തിളക്കുക. ഇതു നല്ലതുപോലെ വാടിയാൽ, ചതച്ച കൂട്ട് ചേർത്തിളക്കി പറ്റിച്ച് ഇളക്കുക. അല്പം നേരം മൂടിവച്ച് എടുത്ത് ഉപയോഗിക്കുക. രുചിയും മെച്ചം ഗുണവും മെച്ചം.

പാചകവാചകം/ ഓമന ജേക്കബ്