സു​വ​ർ​ണ​തിള​ക്ക​ത്തി​ൽ കേ​ര​ള ക​ലാ​മ​ണ്ഡ​ലം
മ​ഹാ​ക​വി വ​ള്ള​ത്തോ​ൾ നാ​രാ​യ​ണ​മേ​നോ​ൻ ക​ലാ​കൈരളിക്കു ന​ൽ​കി​യ അ​തു​ല്യ​മാ​യ സം​ഭാ​വ​ന​യാ​ണ് കേ​ര​ള ക​ലാ​മ​ണ്ഡ​ലം. 1930 ന​വം​ബ​റി​ൽ ക​ളി​വി​ള​ക്കു തെ​ളി​യി​ച്ച ക​ലാ​മ​ണ്ഡ​ലം തൃ​ശൂ​ർ ചെ​റു​തു​രു​ത്തി​യി​ൽ ക​ല​യു​ടെ വ​ർ​ണ​രാ​ജി പൊ​ഴി​ച്ചു തു​ട​ങ്ങി​യി​ട്ട് 50 വ​ർ​ഷം പി​ന്നി​ടുന്നു.
കേ​ര​ളീ​യ ക​ല​ക​ളു​ടെ പാ​ര​ന്പ​ര്യ​വും ത​നി​മ​യും നി​ല​നി​ർത്താ​നും ത​ല​മു​റ​ക​ൾ​ക്ക് സംസ്കൃതിയെ കൈ​മാ​റാ​നു​മാ​ണ് മ​ഹാ​ക​വി വ​ള്ള​ത്തോ​ൾ നി​ളാ​ന​ദി​യു​ടെ തീ​ര​ത്ത് ഈ ​മ​ഹാ​ക​ലാ​ല​യ​ത്തെ പടുത്തു​യ​ർ​ത്തി​യ​ത്. ക​ല്പി​ത​സ​ർ​വക​ലാ​ശാ​ല​യാ​യി ഇ​ന്ന് കേ​ര​ള ക​ലാ​മ​ണ്ഡ​ലം വ​ള​ർ​ച്ച​യു​ടെ പ​ട​വു​ക​ൾ താ​ണ്ടി മു​ന്നേ​റു​ന്നു. കേ​ര​ളീ​യ ക​ല​ക​ളു​ടെ പ​ഠ​ന​ത്തി​ന്‍റെ​യും പ​രീ​ശീ​ലന​ത്തി​ന്‍റെ​തു​മാ​യ ക​ലാ​ല​യം എ​ട്ടാം ക്ലാ​സ് മു​ത​ൽ പിഎച്ച്ഡി വ​രെ ഒരേ കളരിവളപ്പിൽ പഠന സൗകര്യമൊരുക്കുന്നു.

ക​ഥ​ക​ളി, മോ​ഹി​നി​യാ​ട്ടം, കൂ​ടി​യാ​ട്ടം, പ​ഞ്ച​വാ​ദ്യം, തു​ള്ള​ൽ, മൃ​ദം​ഗം, ക​ർ​ണാ​ട​ക സം​ഗീതം എ​ന്നി​വ​യി​ലും അ​വ​യു​ടെ വ​ക​ഭേ​ദ​ങ്ങ​ളി​ലും ഇ​ത​ര ക​ലാവതരണങ്ങളിലും ഇ​വി​ടെ ശാ​സ്ത്രീ​യ പ​രി​ശീ​ല​നം ന​ൽ​കുന്നു.

ര​വീ​ന്ദ്ര​നാ​ഥ് ടാ​ഗോർ സ്ഥാ​പി​ച്ച കോ​ൽ​ക്ക​ത്തയിലെ വിഖ്യാതമായ ശാ​ന്തി​നി​കേ​ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ നി​ന്ന് ആവേശം ഉ​ൾ​ക്കൊ​ണ്ടാ​ണ് വ​ള്ള​ത്തോ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്ത് മ​ണ​ക്കു​ളം മു​കു​ന്ദ​രാ​ജ​യും ചേ​ർ​ന്ന് കേ​ര​ള ക​ലാ​മ​ണ്ഡ​ലം എ​ന്ന സ​ർ​ഗ​ക്ഷേ​ത്ര​ത്തി​ന് ശി​ല​പാ​കി​യ​ത്. ലോ​ട്ട​റി​ അടിച്ചിറക്കിയും ഉ​ദാ​ര​മ​ന​സ്ക​രി​ൽ​നി​ന്നും സ​ഹാ​യം സ്വ​രൂ​പി​ച്ചുമാണ് ഏ​റെ സ​ഹ​ന​പ​ർ​വ​ങ്ങ​ൾ പി​ന്നി​ട്ട് വ​ള്ള​ത്തോ​ൾ ത​ന്‍റെ സ്വ​പ്ന സ്ഥാ​പ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. 1930ൽ ​കു​ന്നം​കു​ള​ത്ത് മോ​ഹി​നി​യാ​ട്ട​ത്തി​നും ക​ഥ​ക​ളി​ക്കു​മാ​യി തു​ട​ങ്ങി​യ ചെ​റി​യ പ​രി​ശീ​ല​ന​ക്ക​ള​രി ഇ​ന്ന് ഗ​വേ​ഷ​ണ​കേ​ന്ദ്രം വ​രെ​യാ​യി ആ​ഗോ​ള​പ്ര​ശ​സ്ത​മാ​യി​രി​ക്കു​ന്നു

ഗു​രു​രു​കു​ല സ​ന്പ്ര​ദാ​യം അ​നു​വ​ർ​ത്തി​ക്കു​ന്ന ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ബ്രാ​ഹ്മ മുഹൂർ​ത്ത​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന കലാ പഠ​ന പ​രി​ശീ​ല​നം വൈ​കു​ന്നേ​രം നാ​ലു വ​രെ തു​ട​രും. പു​ല​ർ​ച്ചെ 4.30 മു​ത​ൽ 6.30 വ​രെ ക​ള​രി​യി​ൽ സാ​ധ​കം. 6.30 മു​ത​ൽ ഒ​ൻ​പ​തു വ​രെ വി​ശ്ര​മം. തു​ട​ർ​ന്ന് ക​ള​രി​കളിൽ പ്രസിദ്ധരായ ആ​ശാ​ൻ​മാ​ർ​ക്കൊ​പ്പം പു​തി​യ പാ​ഠ​ങ്ങ​ളു​ടെ പ​രി​ശീ​ല​നം. ഓ​രോ ക്ലാ​സി​ലും എ​ട്ടി​ൽ താ​ഴെ പ​ഠി​താ​ക്ക​ളേ​യു​ള്ളു. ഉ​ച്ചവി​ശ്ര​മം ക​ഴി​ഞ്ഞാ​ൽ ക്ലാ​സു​ക​ൾ വൈ​കു​ന്നേ​രം നാ​ലുവ​രെ തു​ട​രും. ഭാ​ര​തീയ പാ​ര​ന്പ​ര്യം അ​നു​സ​രി​ച്ചു​ള്ള ഭ​ക്ഷ​ണ​ക്ര​മ​മാ​ണ് ഇ​വി​ടെ പി​ൻ​തു​ട​രു​ന്ന​ത്.

ചെ​റു​തു​രു​ത്തി​യി​ൽ നി​ളാതീ​ര​ത്തു വാ​ങ്ങി​യ ക​ലാ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് 1936-ൽ ​ക​ലാ​മ​ണ്ഡ​ലം മാ​റ്റി സ്ഥാ​പി​ക്ക​പ്പെ​ട്ടു. പ്ര​ശ​സ്ത​രാ​യ നി​ര​വ​ധി ക​ലാ​കാ​ര​ൻ​മാ​രും ക​വി​ക​ളും ആ​ദ്യ​കാ​ല​ത്ത് ഈ ​ക​ലാ​ങ്ക​ണ​ത്തി​ലെ പതിവു സ​ന്ദ​ർ​ശ​ക​രാ​യി​രു​ന്നു. അ​വി​ടെ ന​ട​ന്നി​രു​ന്ന എ​ല്ലാ വി​ദ്വ​ൽ സ​ദ​സു​ക​ളി​ലും മ​ഹാ​ക​വി വ​ള്ള​ത്തോ​ളി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. 1958ൽ ​ മ​ര​ണം വ​രെ വ​ള്ള​ത്തോ​ൾ ആ​യി​രു​ന്നു ക​ലാ​മ​ണ്ഡ​ല​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ൻ.

സ​ക​ല​കലക​ളു​ടെയും പ​രി​ശീ​ല​ന ശാ​ല​യാ​ണ് സ​ർ​വക​ലാ​ശാ​ല​യെ​ങ്കി​ൽ കേ​ര​ളീ​യ ക​ല​യു​ടേ​യും സം​ഗീ​ത​ത്തിന്‍റെയും സ​ർ​വക​ലാ​ശാ​ല​യാ​ണ് കേ​ര​ള ക​ലാ​മ​ണ്ഡ​ലം.
കാ​ന്പ​സി​ലെ കൂ​ത്ത​ന്പ​ല​വും ക​ള​രി​ക​ളും പാ​ർ​പ്പി​ട​ങ്ങ​ളും ഗ്ര​ന്ഥ​ശാ​ല​ക​ളും ഏ​റെ പ്ര​സി​ദ്ധ​മാ​ണ്. നി​റ​യെ മ​ര​ങ്ങ​ളു​ടെ പ​ച്ച​പ്പു​മാ​യി ഹൃ​ദ്യ​മാ​യ ഒ​രു അ​നു​ഭ​വ​വും അ​ന്ത​രീ​ക്ഷ​വു​മാ​ണ് ഇ​വി​ടം പ്ര​ദാ​നം ചെ​യ്യു​ന്ന​ത്.

കേ​ര​ള സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ലാ​മ​ണ്ഡ​ലം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​പ്പം കേ​ന്ദ്ര സം​ഗീത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ​യും കേ​ന്ദ്ര സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ​യും സ​ഹാ​യ​ങ്ങ​ളു​മു​ണ്ട്. കൂ​ടി​യാ​ട്ട​ത്തി​ന് യു​നെ​സ്കോ​യു​ടെ​യും സ​ഹാ​യ പ​ദ്ധ​തി​യു​ണ്ട്.

വ​ള്ള​ത്തോ​ൾന​ഗ​ർ കാ​ന്പ​സി​ലെ വി​പു​ല​മാ​യ ഗ്ര​ന്ഥ​ശാ​ല​യി​ൽ 23000 പു​സ്ത​ക​ങ്ങ​ളു​ണ്ട്. ഇ​തി​ൽ പ​തി​നാ​യി​രം ഗ്ര​ന്ഥ​ങ്ങ​ളും അ​പൂ​ർ​വ​മാ​യ റ​ഫ​റ​ൻ​സ് ഗ്ര​ന്ഥ​ങ്ങ​ളാ​ണ്. കൂ​ടാ​തെ എ​ഴു​ത്തോ​ല​ക​ളും താ​ളി​യോ​ല ഗ്ര​ന്ഥ​ങ്ങ​ളും ഗ​വേ​ഷ​കർക്ക് കലാവിജ്ഞാനം പകരുന്നു. ​ ലൈ​ബ്ര​റി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഓ​ഡി​യോ വി​ഷ്വൽ സം​വി​ധാ​ന​ങ്ങ​ളും നൂ​തന​മാ​ണ്.

ചെ​റു​തു​രു​ത്തി​യി​ലെ വ​ള്ള​ത്തോ​ളി​ന്‍റെ വീ​ട്് സ്മാ​ര​ക​മാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​പ്പോ​ൾ അ​തി​ന്‍റെ മേ​ൽ​നോ​ട്ടം ക​ലാ​മ​ണ്ഡ​ല​ത്തെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ക​വി​യു​ടെ വീ​ടാ​ണ് ഇ​പ്പോ​ൾ വ​ള്ള​ത്തോ​ൾ മ്യൂ​സി​യ​മെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​വി​ടെ മ​ഹാ​ക​വി​യു​ടെ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളു​ടെ ഓ​ർ​മ പു​തു​ക്ക​ലു​ണ്ട്. ആ​ദ​ര​ങ്ങ​ളും അ​വാ​ർ​ഡു​ക​ളും ഇതിനുള്ളിൽ പ്ര​​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്നു. വ​ള്ള​ത്തോ​ളും പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ വി​വി​ധ സ്മ​ര​ണ​ക​ളും നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്.

ക്ഷേ​ത്ര മ​തി​ൽക്കെ​ട്ടി​നു​ള്ളി​ൽ നി​ന്ന് ക​ഥ​ക​ളി​യേ​യും മോ​ഹി​നി​യാ​ട്ട​ത്തേ​യും പു​റം​ലോ​ക​ത്തെ​ത്തി​ക്കാ​ൻ വ​ള്ള​ത്തോ​ളി​ന് ആ​ദ്യ​കാ​ല​ത്ത് ഏ​റെ എ​തി​ർ​പ്പു​കൾ നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. ക്ഷേ​ത്രക​ല​ക​ളെ പൊ​തു​സ​മൂ​ഹ​ത്തി​ന് ആ​സ്വ​ദി​ക്കു​ന്ന​തി​നും പ​ഠി​ക്കു​ന്ന​തി​നും സൗ​ക​ര്യ​മൊ​രു​ക്കി​യെ​ന്നു മാ​ത്ര​മ​ല്ല കേ​ര​ളീ​യ ക​ല​ക​ളു​ടെ പെ​രു​മ ലോ​ക​മെ​ന്പാ​ടും പ്രചരിപ്പിക്കാനും സാ​ധി​ച്ചു. ക​വി​യു​ടെ ആ​ഗ്ര​ഹം പോ​ലെ കേ​ര​ള ക​ലാ​മ​ണ്ഡ​ലം ഇ​ന്ന് ലോ​ക​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ കേ​ര​ളീ​യ ക​ല​ക​ളു​ടെ ഒൗ​ദ്യോ​ഗി​ക പ​താ​ക​വാ​ഹ​ക​രാ​യി മാ​റി​യി​രി​ക്കു​ന്നു.

പാ​ര​ന്പ​ര്യ​മാ​യി കൂ​ത്തും കൂ​ടി​യാ​ട്ട​വും ന​ട​ത്ത​പ്പെ​ട്ടി​രു​ന്ന​ത് കൂ​ത്ത​ന്പ​ല​ങ്ങ​ളി​ൽ ആ​യി​രു​ന്നു. പാ​ര​ന്പ​ര്യ​മാ​യി രൂ​പ​ക​ല്പ​ന ചെ​യ്ത കൂ​ത്ത​ന്പ​ല​ങ്ങ​ളി​ൽ അ​താ​യ​ത് ക്ഷേ​ത്ര മ​തി​ൽ​ക്കെ​ട്ടി​ന​ക​ത്ത് ഇ​തി​നാ​യി പ്ര​ത്യേ​കം നി​ർ​മ്മി​ച്ചി​രു​ന്ന ഇ​ട​ങ്ങ​ളി​ലായിരുന്നു ഇതിനുള്ള സൗകര്യം. ക​ലാ​മ​ണ്ഡ​ല​ത്തി​ൽ കേ​ര​ള​ത്തി​ലെ ചി​ല പ്ര​ധാ​ന​പ്പെ​ട്ട ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ല​നി​ല്ക്കു​ന്ന മാ​തൃ​ക​യി​ലാ​ണ് കൂ​ത്ത​ന്പ​ല​ത്തി​ന്‍റെ രൂ​പ​ക​ല്പ​ന.

ആ​ക​ർ​ഷ​ക​മാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന കൂ​ത്ത​ന്പ​ല​ത്തി​ന്‍റെ ക​റു​ത്ത ക​രി​ങ്ക​ൽ തൂ​ണു​ക​ളി​ൽ നാ​ട്യ​ശാ​സ്ത്ര​ത്തി​ൽ പ​റ​യു​ന്ന നൂ​റ്റി​യെ​ട്ട് നൃ​ത്ത ചു​വ​ടു​ക​ൾ കൊ​ത്തി​യി​ട്ടു​ണ്ട്. ഈ ​കൂ​ത്ത​ന്പ​ല​ത്തി​ലാ​ണ് പ​ഠി​താ​ക്ക​ളു​ടെ അ​ര​ങ്ങേ​റ്റ​വും മാ​സകലാപ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.

ക​ലാ​മ​ണ്ഡ​ലം കൃ​ഷ്ണ​ൻനാ​യ​ർ, ക​ല്യാ​ണി​ക്കു​ട്ടി​യ​മ്മ, രാ​മ​ൻ​കു​ട്ടിനാ​യ​ർ, ഗോ​പി, ശി​വ​ൻ ന​ന്പൂ​തി​രി, രാ​മ​ചാ​ക്യാ​ർ, സ​ത്യ​ഭാ​മ, ക്ഷേ​മാ​വ​തി, ലീ​ലാ​മ്മ, അ​പ്പു​ക്കു​ട്ടി പൊ​തു​വാ​ൾ, കൃ​ഷ്ണ​ൻ​കു​ട്ടി പൊ​തു​വാ​ൾ, വാ​സു പി​ഷാ​ര​ടി, പ​ര​മേ​ശ്വ​ര മാ​രാ​ർ, പ​ത്മ​നാ​ഭ​ൻ നാ​യ​ർ, നീ​ല​ക​ണ്ഠ​ൻ ന​ന്പീ​ശ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ക്കു​റു​പ്പ്, ഹൈ​ദ​രാ​ലി, ശ​ങ്ക​ര​ൻ എ​ന്പ്രാ​ന്തി​രി, ഗം​ഗാ​ധ​ര​ൻ എന്നിങ്ങനെ വിഖ്യാതരായ ഒ​ട്ടേ​റെ പ്ര​തി​ഭാ​ധ​ന​രെ സം​ഭാ​വ​ന ചെ​യ്തു ഈ ​ക​ലാ​ക്ഷേ​ത്രം.

ക​ഥ​ക​ളി​യും കൂ​ടി​യാ​ട്ട​വും മോ​ഹി​നി​യാ​ട്ട​വും ഭ​ര​ത​നാ​ട്യ​വും കു​ച്ചു​പ്പി​ടി​യും തു​ള്ള​ലും പ​ഞ്ച​വാ​ദ്യ​വും മൃ​ദം​ഗ​വും ചെ​ണ്ട​യും തു​ട​ങ്ങി പൈ​തൃ​ക കേ​ര​ള ക​ല​ക​ളു​ടെ ആ​ധി​കാ​രി​ക പ​രി​ശീ​ല​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​യ കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തെ ക​ലാ​കേ​ര​ള​ത്തി​ന്‍റെ കീ​രീ​ടം എ​ന്നു വി​ശേ​ഷി​പ്പി​ക്കാം.

ചെ​റു​തു​രു​ത്തി വ​ള്ള​ത്തോ​ൾ ന​ഗ​റി​ൽ 31 ഏ​ക്ക​റു​ക​ളി​ൽ വി​ശാ​ല​മാ​യ കേ​ര​ള​ത്തി​ന്‍റെ പൈ​തൃ​ക​ലാ​കേ​ന്ദ്രം ക​ല​യു​ടെ പു​ത്ത​ൻ​ഭാ​വ​ങ്ങ​ളി​ലേ​ക്ക് അ​ണി​ഞ്ഞൊ​രു​ങ്ങു​ക​യാ​ണ്.

ആ​ന്‍റ​ണി ആ​റി​ൽ​ചി​റ, ച​ന്പ​ക്കു​ളം