കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഇന്ത്യൻ സിനിമ
Sunday, May 29, 2022 4:27 AM IST
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവുമായ ചലച്ചിത്ര മാമാങ്കമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയ്ക്ക് കണ്ട്രി ഓഫ് ഓണർ ബഹുമതി നൽകിയിരുന്നു. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു രാജ്യത്തെ ആദരിക്കുന്നത്.
ലോക സിനിമയുടെ സംഗമവേദിയായ ചലച്ചിത്രമേളയുടെ എഴുപത്തിയഞ്ചാം പതിപ്പിന് ഫ്രാൻസിലെ കാനിൽ പരിസമാപ്തിയായി. ചലച്ചിത്ര മാമാങ്കമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ സിനിമയും തിളങ്ങി. മലയാള ചിത്രമുൾപ്പെടെ ഇന്ത്യയിൽ നിന്ന് ആറ് സിനിമകളാണ് പ്രദർശിപ്പിച്ചത്.
യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്കിയുടെ അഭിസംബോധനയോടെയാണ് ചലച്ചിത്രമേളയ്ക്ക് തുടക്കമായത്. യുദ്ധത്തിനെതിരെ ലോകസിനിമ ശബ്ദിക്കണമെന്നാണ് സെലൻസ്കി ആവശ്യപ്പെട്ടത്. ഓണ്ലൈനായി നടത്തിയ പ്രസംഗത്തിൽ ചാർലി ചാപ്ലിൻ ഹിറ്റ്ലറുടെ നയങ്ങൾക്കെതിരെ പ്രതികരിച്ചതുപോലെ ഇന്നത്തെ സിനിമപ്രവർത്തകരും യുദ്ധത്തിനെതിരെ പ്രതികരിക്കണമെന്ന ആശയം സെലൻസ്കി മുന്നോട്ടുവെച്ചു. യുദ്ധവും യുദ്ധാനന്തരവും സിനിമാ കാഴ്ചാനുഭവത്തിൽ ഏറെ ചർച്ചയാകുന്ന വിഷയമായതുകൊണ്ടു തന്നെ സെലൻസ്കിയുടെ വാക്കുകൾക്ക് ഇന്ന് ഏറെ പ്രസ്ക്തിയുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവുമായ ചലച്ചിത്ര മാമാങ്കമാണ് കാൻ ഫിലിം ഫെസ്റ്റിവൽ. ബോളിവുഡ് നായിക ദീപിക പദുക്കോണ് ഇത്തവണ ജൂറി അംഗമായത് ഇന്ത്യയ്ക്ക് ഏറെ അഭിമാനകരമായിരുന്നു. ഐശ്വര്യ റായ്, ഷർമിള ടാഗോർ, നന്ദിതാ ദാസ്, വിദ്യാ ബാലൻ എന്നിവരാണ് ദീപികയ്ക്ക് മുന്പ് ജൂറി അംഗത്വം നേടിയ മറ്റ് ഇന്ത്യൻ അഭിനേത്രികൾ. ഇത്തവണത്തെ ചുവന്ന പരവതാനിയിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യയിൽ നിന്നുള്ള സംഗീത സംവിധായകരും നടീ നടൻമാരുമുൾപ്പടെയുള്ള പ്രതിനിധികളെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂറാണു നയിച്ചത്.
ജയരാജ് സംവിധാനം ചെയ്ത നിറയെ തത്തകളുള്ള മരമാണ് മലയാളത്തിൽ നിന്നും പ്രദർശിപ്പിച്ചത്. സംവിധായകൻ അരവിന്ദന്റെ 1978 ൽ പുറത്തിറങ്ങിയ തന്പ് കാൻ ചലച്ചിത്രമേളയിൽ ഇത്തവണ പ്രദർശിപ്പിച്ചിരുന്നു. നാഷണൽ ഫിലിം ആർക്കൈവ്സ് സാങ്കേതിക സഹായത്തോടെ വീണ്ടെടുത്ത പ്രിന്റുകളാണ് പ്രദർശിപ്പിച്ചത്. നാലു പതിറ്റാണ്ടിനപ്പുറം തന്റെ ആദ്യ സിനിമയായ തന്പ് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചതിന്റെ സന്തോഷത്തിലായിരുന്നു നടി ജലജയും.
ആദ്യമായി കാനിലെത്തുന്ന മലയാള നടിമാരാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ജലജയും മകൾ ദേവിയും പറഞ്ഞു. തന്പിന്റെ സംവിധായകൻ ജി. അരവിന്ദൻ, നടന്മാരായ നെടുമുടി വേണു, ഭരത് ഗോപി എന്നിവരുടെ ഓർമകളാണ് റെഡ് കാർപ്പെറ്റിലൂടെ നടക്കുന്പോൾ തന്റെ ഉള്ളിലൂടെ കടന്നുപോയതെന്നും വിദേശികൾ ഉൾപ്പെടെ പ്രേക്ഷകർ, സ്വന്തം പേരെഴുതിയ കസേര, എല്ലാം സ്വപ്നം പോലെ തോന്നിയിരുന്നെന്നും ജലജ പറയുന്നു.
ഇന്ത്യാ - ഫ്രഞ്ച് നയതന്ത്ര സഹകരണം 75 വർഷം പിന്നിടുന്ന അവസരത്തിൽ ഫിലിം ഫെസ്റ്റിൽ ഇന്ത്യയ്ക്ക് കണ്ട്രി ഓഫ് ഓണർ ബഹുമതി നൽകിയിരുന്നു. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു രാജ്യത്തെ ആദരിക്കുന്നത്. ഇന്ത്യൻ സിനിമയെയും സംസ്കാരത്തെയും പാരന്പര്യത്തെയും പരിചയപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കിയത്.
ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷണ് നന്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയ റോക്കട്രി- ദ നന്പി ഇഫക്ടിന്റെ വേൾഡ് പ്രീമിയറും കാൻ ഫിലിം ഫെസ്റ്റിവലിൽ നടന്നു. രാജ്യത്തിന്റെ ഒൗദ്യോഗിക എൻട്രിയായാണ് ചിത്രം തെരഞ്ഞെടുത്തത്. തമിഴ് താരം ആർ. മാധവനാണ് ചിത്രത്തിന്റെ സംവിധായകൻ. മാധവൻ തന്നെയാണ് നന്പി നാരായണനായി അഭിനയിച്ചതും. ജൂലൈ ഒന്നിന് ലോകമെന്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് വലിയ നേട്ടം സ്വന്തമാക്കിയത്.
ഇതിനുപുറമെ ശങ്കർ ശ്രീകുമാർ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ആൽഫ ബീറ്റ ഗാമ, നിഖിൽ മഹാജൻ സംവിധാനം ചെയ്ത മറാത്തി ചിത്രം ഗോദാവരി, ബിശ്വജിത് ബോറ സംവിധാനം ചെയ്ത മിഷിമഗ് ഭാഷാ ചിത്രം ബൂംബാ റൈഡ്, അചൽ മിശ്ര സംവിധാനം ചെയ്ത ഹിന്ദി, മറാത്തി ചിത്രം ധുയിൻ എന്നിവയും ഇന്ത്യയിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.