ഒന്‍പതാമത്തെ പൊന്നുണ്ണി
Sunday, December 25, 2022 12:23 AM IST
ഒന്‍പതാമത്തെ ഓമനക്കുഞ്ഞുമായി പുൽക്കൂടിനോടു ചേർന്നുനിൽക്കുന്പോൾ ജോ- ജെസ്ലിൻ ദന്പതികൾ പറയുകയാണ്. ‘ ഇവളാണ് ഞങ്ങളുടെ ക്രിസ്മസ് സമ്മാനം. ഇവൾക്കു മുന്നേ ദൈവം എട്ടു മക്കളെക്കൂടി സമ്മാനിച്ചു. അങ്ങനെ ഞങ്ങൾ ഒന്‍പതു നക്ഷത്രങ്ങൾ തൂക്കിയിരിക്കുന്നു.’
അന്‍പതു വയസു പിന്നിട്ട ദന്പതികൾക്കാണ് മൂന്നുമാസം മുൻപൊരു കുഞ്ഞുകൂടി പിറന്നിരിക്കുന്നത്. ജോയും ജെസ്ലിനും മക്കളും ഇളയവൾ ജോർജീനയെ താരാട്ടുപാടുകയാണ്. മാലാഖാമാരെപ്പോലെ തൂവെള്ള വേഷമണിഞ്ഞ് താളത്തിലും ഈണത്തിലും കരോൾ പാടുന്പോൾ സ്വർഗം ഭൂമിയിലേക്ക് ഇറങ്ങിവരുന്ന പ്രതീതി. ഇരുപത്തിരണ്ടുകാരിയായ മൂത്ത മകൾ ജെം കൈകൊട്ടി വിളിക്കുന്പോൾ ജോർജീന തൊട്ടിലിൽ കിടന്നു പുഞ്ചിരിക്കും. പുൽക്കൂട്ടിലെ ഉണ്ണീശോയെ കൈയിലെടുത്ത് മൂത്തവർ കുഞ്ഞിപ്പൈതലിനെ ഉമ്മവയ്പ്പിക്കും.
കൂടുതൽ മക്കൾ വേണമെന്ന ആഗ്രഹത്തിലും തീരുമാനത്തിലും ദാന്പത്യം നയിക്കുകയാണ് ജോ- ജെസ്ലിൻ ദന്പതികൾ. ഒന്‍പതു മക്കൾക്കൊപ്പമുള്ള ജീവിതത്തെ ഭാഗ്യം എന്ന വാക്കിലൊതുക്കാൻ ഇവർ തയാറല്ല. ഒന്‍പതു മക്കളിലൂടെ ദൈവം മണ്ണിലേക്കിറങ്ങിവന്ന് കനിഞ്ഞനുഗ്രഹിച്ചുവെന്നാണ് ഇരുവരും പറയുക.
മൂത്ത മകൾ ജെം ആർക്കിടെക്ചറിൽ പഠനം നടത്തുന്നു. ബിബിഎ- എൽഎൽബി വിദ്യാർഥിയാണ് രണ്ടാമൻ ജെഫ് ജോ (20). മൂന്നാമൻ ജസ്റ്റിൻ (17), പ്ലസ് വണ്‍ വിദ്യാർഥി ജെറമി (16), എട്ടാം ക്ലാസിൽ പഠിക്കുന്ന ജേക്കബ് (13), ആറാം ക്ലാസുകാരി ജിയന്ന (11), നാലാം ക്ലാസുകാരൻ ജോവാക്കിം (10), രണ്ടാം ക്ലാസുകാരൻ ജോണ്‍സ് (8) എന്നിവരാണു ജോർജീനയുടെ ചേച്ചിമാരും ചേട്ടൻമാരും. ജോണ്‍സ് പിറന്ന് എട്ടു വർഷത്തിനുശേഷമാണ് ക്രിസ്മസ് സമ്മാനമായി ജോർജീനയുടെ വരവ്. വീടൊന്നാകെ പാടുന്പോൾ ബത്ലഹേമിൽ മാലാഖാമാരും ഇടയരും പാടിയ കരോളിന്റെ ഹൃദ്യമായ അനുഭവം.
കാഞ്ഞങ്ങാട് പടന്നക്കാട് മാന്പള്ളിൽ ജോ 1998 ലാണ് കൂത്തുപറന്പ് സ്വദേശിനി ജെസ്ലിനെ ജീവിതപങ്കാളിയാക്കിയത്. ദീർഘകാലം ദുബായിയിൽ എൻജിനിയറായിരുന്ന ജോയും ജെസ്ലിനും നാലു മക്കൾ വേണമെന്ന ആഗ്രഹത്തോടെയാണ്് ദാന്പത്യത്തിലേക്കു പ്രവേശിച്ചത്. ഉത്തമ കുടുംബജീവിതത്തിൽ മൂന്നു പെണ്മക്കൾ ഉൾപ്പടെ ഒന്‍പതു മക്കളായി. ഇനിയും ദൈവം മക്കളെ തന്നാൽ സ്വീകരിക്കാൻ ഇവർക്ക് സന്തോഷമേയുള്ളു.
17 വർഷത്തെ പ്രവാസ ജീവിതത്തിനിടെയാണ് ആദ്യത്തെ ഏഴു മക്കളും പിറന്നത്. മടങ്ങിയെത്തിയശേഷം രണ്ടു പേർ നാട്ടിലും. ഒന്‍പതു മക്കളുമായി കുടുംബം കൊച്ചിയിലാണു താമസം. ഇവരുടെ കാഴ്ചപ്പാടിൽ മക്കൾക്കു നൽകാവുന്ന ഏറ്റവും കരുതൽ അവർക്കു കൂടുതൽ സഹോദരങ്ങളെ സമ്മാനിക്കുകയെന്നാണ്. ദൈവാനുഭവം കൂടുതൽ സമൃദ്ധമായതിന്റെ ധന്യമായ അനുഭവമായിരുന്നു ഓരോ മക്കളുടെയും പിറവിയുമെന്ന് ഇരുവരും പറയുന്നു.
ഒന്‍പതു പ്രസവത്തിൽ ഒന്നിലും സിസേറിയൻ വേണ്ടിവന്നില്ലെന്നു പറയുന്നതിലും സന്തോഷം. ചിരിച്ചും കളിച്ചും കരഞ്ഞും പങ്കുവച്ചും ഒന്‍പതു മക്കളും മാതാപിതാക്കളും വീടൊരു സ്വർഗമാക്കുകയാണ്. സ്നേഹവും സന്തോഷവും നിറഞ്ഞൊഴുകുന്ന ഉൗഷ്മളനിമിഷങ്ങളിലാണ് ദന്പതികളും അവരുടെ ചുറ്റിലും നിരക്കുന്ന മക്കളും ഒരുമയുടെ പുൽക്കൂടൊരുക്കുന്നത്.
ഒൻപതു മക്കളെയും കരവലയത്തിൽ ഉമ്മവയ്ക്കുന്പോൾ ജോ-ജോസ്ലിൻ ദന്പതികൾ പറയുകയാണ്, ഇവരാണ് ഞങ്ങളുടെ കാവൽമാലാഖമാരെന്ന്.
സിജോ പൈനാടത്ത്