റെഡീമർ എന്ന ബോട്ട്
Sunday, January 22, 2023 1:18 AM IST
മഹാകവിയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടായെങ്കിലും തന്നെ കരുതലോടെ രക്ഷിച്ച ദൈവത്തിന് ഉപദേശി നന്ദിപറഞ്ഞു. ബോട്ടിന്റെ പേരായ റെഡീമർ എന്നതിന്റെ അർഥം രക്ഷകൻ എന്നാണ്. ഒരേസമയം മാമ്മൻ ഉപദേശിയുടെ രക്ഷകനായ ആ ബോട്ട് മഹാകവിയുടെ ജീവനെടുത്താണ് മുങ്ങിയത്. മരിക്കുന്പോൾ ആശാന് അന്പത്തൊന്നു വയസ് മാത്രം.
തന്റെ ജീവിതം മുഴുവൻ ദൈവത്തിനും സുവിശേഷവേലയ്ക്കുമായി നീക്കിവച്ച ശുദ്ധനായ വ്യക്തിയാണ് മാമ്മൻ ഉപദേശി. നാടിന്റെ നാനാഭാഗങ്ങളിൽ വചനപ്രഘോഷണം നടത്തി പ്രസിദ്ധിയാർജിച്ച അദ്ദേഹം ശ്രോതാക്കളുടെ ആരാധനാപാത്രമാണ്.
മാമ്മൻ ഉപദേശിയുടെ പ്രസംഗമുണ്ടെന്നു പറഞ്ഞാൽ വിശ്വാസിസമൂഹം അവിടെ തടിച്ചുകൂടും. അത്രയ്ക്കും പ്രചോദനാത്മകവും ഹൃദയഹാരിയുമാണ് അദ്ദേഹത്തിന്റെ വചസുകൾ. തെല്ലും വിശ്രമമില്ലാത്തവിധം ഉപദേശിക്ക് എപ്പോഴും തിരക്കാണ്.
അദ്ദേഹത്തിനു കൊല്ലത്തുനിന്ന് അത്യാവശ്യമായി ആലപ്പുഴയ്ക്കു പോകണം. ബോട്ടുയാത്രയാണ്. അതിനുവേണ്ടി രാത്രി ആലപ്പുഴയ്ക്കു പോകുന്ന അവസാനത്തെ ബോട്ടിൽ യാത്രചെയ്യാൻ ടിക്കറ്റെടുത്തു. കവാടത്തിൽ നിൽക്കുന്ന പരിശോധകന്റെ കൈയിൽ ടിക്കറ്റ് കൊടുത്ത് വേഗം അതിൽ കയറി.
അയ്യോ! അപ്പോഴാണ് ഓർത്തത് ചായക്കടയിൽ തന്റെ കുട മറന്നുവച്ചിരിക്കുന്നു. അതെടുത്ത് ഓടിവരാമെന്നു പറഞ്ഞ് കുടയെടുക്കാൻ പോയി. അവസാനത്തെ സർവീസായതുകൊണ്ടും പതിവിൽക്കവിഞ്ഞ് യാത്രക്കാരുണ്ടായിരുന്നതുകൊണ്ടും റെഡീമർ ബോട്ട് ഉപദേശി വരുന്പോഴേക്കും നീങ്ങിത്തുടങ്ങി. കൈകൾ നീട്ടി ഉച്ചത്തിൽ കരഞ്ഞുവിളിച്ചിട്ടും ബോട്ട് നിർത്തിയില്ല.
മാമ്മന് സഹിക്കാനാവാത്ത ദുഃഖം തോന്നി. ഇടിവെട്ടേറ്റപോലെ പാവം സ്തംഭിച്ചുനിന്നു. രാവിലെ പോകാമെന്നുവച്ചാൽ തന്റെ പക്കൽ കാശൊന്നുമില്ല. സ്വയം ശപിച്ചു. ദൈവത്തോടു പരിഭവം പറഞ്ഞു. “ജീവിതകാലം മുഴുവൻ, ദൈവമേ നിനക്കുവേണ്ടി വേല ചെയ്തവനല്ലേ ഞാൻ. സാധുവായ എനിക്ക് ഇങ്ങനെയൊരവസ്ഥ നീ വരുത്തിയല്ലോ. എന്തിന് എന്നെ ഇതുപോലെ ശിക്ഷിച്ചു.” ഇങ്ങനെ പറഞ്ഞു സങ്കടപ്പെട്ടു.
പിറ്റേന്നു കേട്ട വാർത്ത ഞെട്ടിക്കുന്നതായിരുന്നു. തിങ്ങിനിറഞ്ഞ യാത്രക്കാരുമായി പോയ റെഡീമർ ബോട്ട് പാതിരാത്രി പല്ലനയാറ്റിൽ മുങ്ങി ഒട്ടനവധിപ്പേർ മരിച്ചു. സങ്കടകരമെന്നു പറയട്ടെ, അക്കൂട്ടത്തിൽ മലയാളത്തിന്റെ അഭിമാനമായ മഹാകവി കുമാരനാശാനുമുണ്ടായിരുന്നു. അതു സംഭവിച്ചത് 1924 ജനുവരി 16ന്.
മഹാകവിയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടായെങ്കിലും തന്നെ കരുതലോടെ രക്ഷിച്ച ദൈവത്തിന് ഉപദേശി നന്ദിപറഞ്ഞു. ബോട്ടിന്റെ പേരായ റെഡീമർ എന്നതിന്റെ അർഥം രക്ഷകൻ എന്നാണ്. ഒരേസമയം മാമ്മൻ ഉപദേശിയുടെ രക്ഷകനായ ആ ബോട്ട് മഹാകവിയുടെ ജീവനെടുത്താണ് മുങ്ങിയത്. മരിക്കുന്പോൾ ആശാന് അന്പത്തൊന്നു വയസ് മാത്രം.
കോട്ടയം എസ്പിസിഎസ് പ്രസിദ്ധപ്പെടുത്തിയ വിശ്വവിജ്ഞാനകോശം നാലാം വാല്യം 345-ാം പേജിൽ ആശാന്റെ അന്ത്യത്തെക്കുറിച്ച് ഇങ്ങനെ വിവരിച്ചിരിക്കുന്നു: 1924 ജനുവരിയിൽ അത്യന്തം ദാരുണമായ സാഹചര്യങ്ങളിലായിരുന്നു ആശാന്റെ മരണം. ആലുവയിലെ തന്റെ ഓട്ടുകന്പനിവക യോഗത്തിൽ സംബന്ധിക്കാൻ അന്ന് (കൊല്ലവർഷം 1099 മകരം മൂന്നാം തീയതി) രാത്രി കൊല്ലത്തുനിന്ന് ആലപ്പുഴയ്ക്കു പോകുന്ന ബോട്ടിൽ കയറി.
ബോട്ട് അവസാനത്തേതായിരുന്നതിനാലും തിരുവനന്തപുരത്തെ മുറജപം കഴിഞ്ഞ് വടക്കോട്ടു യാത്രപോകുന്ന ആളുകൾ നിശ്ചിത പരിധിയിൽ കവിഞ്ഞ് തിങ്ങിക്കയറിയതിനാലും ആദ്യയാമങ്ങളിൽ ഉറങ്ങാൻ കഴിയാതെ ആശാൻ തന്റെ കൃതികൾ മറ്റുള്ളവരെ വായിച്ചുകേൾപ്പിച്ചും വിനോദങ്ങൾ പറഞ്ഞും കഴിച്ചുകൂട്ടിയതേയുള്ളൂ.
രാത്രി അവസാനിക്കാറായതോടെ മിക്ക യാത്രക്കാരും ലഭ്യമായ സ്ഥലങ്ങളിൽ ചാരിയും കുനിഞ്ഞും ഇരുന്ന് ഉറക്കം തുടങ്ങി. ആശാൻ ഇരുന്നിരുന്നത് ജലനിരപ്പിനേക്കാൾ താഴ്ന്ന ഒന്നാംക്ലാസ് മുറിയിലായിരുന്നു. തോട്ടപ്പള്ളിക്ക് നാലു കിലോമീറ്റർ തെക്ക്, ഇടുങ്ങിയതെങ്കിലും ആഴമേറിയ പല്ലനത്തോട്ടിൽവച്ച് വെള്ളത്തിൽ മറഞ്ഞുനിന്ന ഒരു തെങ്ങിൻകുറ്റിയിൽ തട്ടി റെഡീമർ നൗക മുങ്ങിത്താഴുകയും അനേകം യാത്രക്കാർക്കൊപ്പം ആശാന്റെയും പ്രാണവായു ആ ജലഗർഭത്തിൽ വിലയംപ്രാപിക്കുകയും ചെയ്തു.
“അന്തമില്ലാതുള്ളോരാഴത്തിലേക്കിതാ
ഹന്ത താഴുന്നു, താഴുന്നു കഷ്ടം!
പിന്തുണയും പിടിയും കാണാതുൾഭയം
ചിന്തി, ദുഃസ്വപ്നത്തിലെന്നപോലെ
പൊന്താനുഴറുന്നു, കാൽ നിൽക്കുന്നില്ലെന്റെ
ചിന്തേ, ചിറകുകൾ നൽകണേ നീ.”
എന്ന് ആശാൻതന്നെ ദുരവസ്ഥയിൽ ചെയ്ത ദാരുണ ഭീകരമായ ആക്രന്ദനം അദ്ദേഹത്തിന്റെയും ഹംസഗാനമായിത്തീർന്നു. ഏതാണ്ട് അറംപറ്റിയതുപോലുള്ള വരികൾ.
രണ്ടുദിവസങ്ങൾക്കു ശേഷമാണ് കുമാരനാശാന്റെ മൃതദേഹം വെള്ളത്തിൽ പൊങ്ങിയത്. മൃതശരീരം സംസ്കരിക്കപ്പെട്ട ആ തീരസ്ഥലം ഇന്ന് ‘കുമാരകോടി’ എന്ന പേരിൽ അറിയപ്പെടുന്നു.
സി.എൽ. ജോസ്