മഹാത്മസംഗീതം!
Saturday, January 28, 2023 9:20 PM IST
മഹാത്മാ ഗാന്ധി! ആ പേരിൽ കുടികൊള്ളുന്നത് എന്തൊക്കെയാണ്!! കാലദേശഭേദങ്ങൾക്കപ്പുറം മനുഷ്യനെക്കുറിച്ചുള്ള മഹത്തായ ഒരു ചിന്തയുടെ സാരാംശമാണ് ആ പേര്. സ്വന്തം ജീവിതം സന്ദേശമാക്കിയ അദ്ദേഹത്തിന് സംഗീതത്തെയും കലകളെയും സ്നേഹിച്ച മനസുമുണ്ടായിരുന്നു.
ഒരിക്കൽ ആരോ ഗാന്ധിജിയോടു ചോദിച്ചു: അങ്ങേക്ക് സംഗീതം ഇഷ്ടമല്ലേ?
അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു:
എന്റെയുള്ളിൽ സംഗീതവും തമാശകളും ഇല്ലായിരുന്നെങ്കിൽ കഠിനമായ ജോലിഭാരംകൊണ്ട് ഞാൻ മരിച്ചുപോയേനെ...
സംഗീതത്തെ ഗാന്ധിജി സമീപിച്ചിരുന്നത് വ്യത്യസ്തമായൊരു തത്വചിന്തയിലൂടെയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ- തൊണ്ടയിൽനിന്നു മാത്രം പുറപ്പെട്ടുവരുന്നതല്ല സംഗീതം. മനസിന്റെയും ഇന്ദ്രിയങ്ങളുടെയും ഹൃദയത്തിന്റെയും സംഗീതമുണ്ട്. അതെ, സംഗീതത്തിലെ ആത്മാംശമായിരുന്നു അദ്ദേഹത്തിനു മുഖ്യം.
ഹൃദയത്തിന്റെ ട്യൂണിംഗ്
ഗാന്ധിജി ഒരിക്കൽ പറഞ്ഞു: ഹൃദയത്തിന്റെ തന്ത്രികൾ കൃത്യം ട്യൂണിംഗിൽ ആയിരിക്കുന്പോൾ മാത്രമാണ് സംഗീതം പിറക്കുന്നത്. സബർമതിയിലെ സത്യഗ്രഹ ആശ്രമത്തിൽ സംഗീതാധ്യാപകനായിരുന്ന പണ്ഡിറ്റ് നാരായണ് മോരേശ്വർ ഖരേയ്ക്ക് 1924 ഒക്ടോബർ ഏഴിന് എഴുതിയ കത്തിൽ ഗാന്ധിജി പങ്കുവച്ച ചിന്തകൾ ഇപ്രകാരമാണ്:
ആത്മീയ വികാസത്തിനുള്ള ഉപാധിയായി ഞാൻ സംഗീതത്തെ കണ്ടുതുടങ്ങിയത് മെല്ലെ മെല്ലെയാണ്. ആത്മാവിന്റെ ഉന്നതി സാധ്യമാക്കുന്ന സൃഷ്ടിപരമായ പ്രവൃത്തിയാണ് സംഗീതം. അതിലൂടെ ഞാൻ അനുഭവിക്കുന്ന ആഹ്ലാദം വിവരിക്കുകവയ്യ. ഇന്ദ്രിയങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ധാരണ നൽകുംവിധം എല്ലാവരും ഭജനുകൾ പാടാൻ താങ്കളുടെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തുക.
സംഗീതത്തെക്കുറിച്ചുള്ള ഈ വിശാലമായ കാഴ്ചപ്പാട് അദ്ദേഹം എല്ലാക്കാലവും നവീകരിച്ചുകൊണ്ടിരുന്നു.
1926ൽ ഹൈദരാബാദിൽ അദ്ദേഹം പറഞ്ഞതിങ്ങനെ: ഐക്യം, യോജിപ്പ്, പരസ്പര സഹായം എന്നിവയെ സംഗീതത്തിന്റെ അർഥങ്ങളാക്കുകയാണെങ്കിൽ ജീവിതത്തിന്റെ ഒരുഘട്ടത്തിലും നമുക്കതിനെ നിരസിക്കാനാവില്ല. മാതാപിതാക്കൾ കുട്ടികളെ സംഗീതം അഭ്യസിക്കാൻ അയയ്ക്കുന്നത് ദേശീയോദ്ഗ്രഥനത്തിനു സഹായകമാവുമെന്നും അദ്ദേഹം കരുതിയിരുന്നു.
രഘുപതി രാഘവ...
ലക്ഷ്മണാചാര്യയുടെ വരികൾക്ക് പണ്ഡിറ്റ് വിഷ്ണു ദിഗംബർ പലൂസ്കർ ഈണമിട്ട രഘുപതി രാഘവ എന്ന രാമഭക്തിഗാനം ജനഹൃദയങ്ങൾ കീഴടക്കിയതാണ്. വരികളുടെ ഭംഗിയും സുന്ദരമായ ഈണവും പരസ്പരം മത്സരിക്കുന്ന ഗാനം. സബർമതി മുതൽ ദണ്ഡിവരെ 24 ദിവസം നീണ്ട 384 കിലോമീറ്റർ കാൽനടയാത്രയിൽ ഗാന്ധിജി ഈ ഗാനത്തെയും ഒപ്പം കൂട്ടിയിരുന്നു. സഹയാത്രികർക്ക് ആവേശം പകരാനും യാത്രാക്ഷീണം മറക്കാനും സംഗീതം സഹായിച്ചു. മഹാത്മജി പാടിക്കൊടുക്കുന്ന വരികൾ ജനങ്ങൾ ഏറ്റുപാടിക്കൊണ്ടിരുന്നു.
സുന്ദരവിഗ്രഹ മേഘശ്യാം, ഗംഗാ തുളസി സാളഗ്രാം എന്ന വരികൾക്കു പകരം ഗാന്ധിജി പാടിക്കൊടുത്തത് സീതാറാം സീതാറാം, ഭജ് പ്യാരേ തൂ സീതാറാം ഈശ്വര് അല്ലാ തേരേ നാം, സബ്കോ സന്മതി ദേ ഭഗ്വാൻ എന്നായിരുന്നു. ഈശ്വരനെന്നും അള്ളായെന്നും വിളിക്കുന്നത് ഒരു ദൈവത്തെ തന്നെ എന്ന ചിന്തകൂടി ഉൾപ്പെടുത്തി ആ ഭക്തിഗാനത്തെ ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുദ്രാഗാനങ്ങളിലൊന്നാക്കി മാറ്റി.
ജാതിമതഭേദമെന്യേ ഏവരെയും ഒരുമിപ്പിച്ചു നിർത്തുന്ന, അവർക്ക് മഹത്തായ ആവേശം പകരുന്ന ഗാനമായി അതുയർന്നു. വന്ദേമാതരത്തിനും ദേശീയഗാനത്തിനുമൊപ്പം പ്രശസ്തമായ രഘുപതി രാഘവ. ഗാന്ധിജിയുടെ ഗാനമായാണ് ഇന്നത് അറിയപ്പെടുന്നതും അനുഭവപ്പെടുന്നതും.
ബ്രിട്ടീഷുകാർക്കെതിരേ ജനങ്ങളെക്കൂട്ടാൻ മോഹൻദാസ് ഗാന്ധി ഉപയോഗിക്കുന്ന പാട്ട് എന്നവിധത്തിലാണ് വിദേശമാധ്യമങ്ങൾ അക്കാലത്ത് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. വിഖ്യാതനായ അമേരിക്കൻ ഫോക് ഗായകൻ പീറ്റ് സീഗെർ 1964ലെ സ്ട്രേഞ്ചേഴ്സ് ആൻഡ് കസിൻസ് എന്ന ആൽബത്തിൽ ഈ ഗാനം ഉപയോഗിച്ചിരുന്നു.
സത്യ, അഹിംസാ രാഗങ്ങൾ
ഗാന്ധിജിയുടെ പ്രിയപ്പെട്ട രാഗങ്ങൾ സത്യവും അഹിംസയുമാണെന്ന് പറയാറുണ്ട്. സ്വദേശിയും ഖാദിയും അദ്ദേഹം ഉപയോഗിച്ച ഥാട്ടുകൾ. വാദി, സംവാദി സ്വരങ്ങൾ ബ്രഹ്മചര്യവും നിസ്വാർഥതയും. അസത്യവും ഹിംസയുമാകട്ടെ വർജിതസ്വരങ്ങളാണ്. ചർക്കയുപയോഗിച്ചുള്ള സാധകം അദ്ദേഹം ഒരിക്കലും ഒഴിവാക്കിയിരുന്നുമില്ല. ചർക്കയുടെ താളത്തിൽ സംഗീതം അന്തർലീനമാണെന്ന് അദ്ദേഹം കരുതി.
വികാരങ്ങളെ മാറ്റാനും നിയന്ത്രിക്കാനും ശക്തിയുള്ളതാണ് സംഗീതമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബഹളത്തിൽ മുങ്ങിയ വന്പൻ ജനക്കൂട്ടങ്ങളെ ശാന്തരാക്കാൻ ദേശീയഗാനം മതി. ജീവിതകാലം മുഴുവൻ ഒരു പാട്ടുപോലെ സംഗീതാത്മകവും മധുരവുമാക്കാൻ ശ്രമിക്കണം. അതിനു സത്യസന്ധത പരിശീലിക്കണം. ജീവിതം സംഗീതാത്മകമാക്കുകയെന്നാൽ അതിനെ ദൈവത്തിൽ ലയിപ്പിക്കുകയുമാണ്. രാഗവും ദ്വേഷ്യവും വെടിഞ്ഞ് ആഹ്ലാദം രുചിക്കണം.
ഭജനുകളിൽ തുടങ്ങി ഭജനുകളിൽ അവസാനിക്കുന്ന ദിനങ്ങളിലൂടെയാണ് അദ്ദേഹം ഏതു തിരക്കുകളിലും കടന്നുപോയത്. ഭൂമിയൊരു സംഗീതാത്മകമായ സ്ഥലമാണെന്ന് അദ്ദേഹം പറഞ്ഞു. ശ്രുതിശുദ്ധവും താളനിബദ്ധവുമായ ജീവിതമായിരുന്നു ഗാന്ധിജിയുടേത്. അതുതന്നെയാണ് അദ്ദേഹം തന്ന സന്ദേശവും.
ഹരിപ്രസാദ്