വിജയരാഘവൻ വിസ്മയിപ്പിച്ചു
Saturday, April 15, 2023 7:14 AM IST
ഇണക്കങ്ങളും പിണക്കങ്ങളുമായി ദാന്പത്യത്തിന്റെ 80 പൂക്കാല വർഷങ്ങൾ തീർത്ത ഇട്ടൂപ്പിന്റെയും കൊച്ചുത്രേസ്യായുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയാണ് പൂക്കാലം .
എഴുപത്തിയൊന്നുകാരന്റെ നൂറ് വയസുകാരനായുള്ള പകർന്നാട്ടം. വിരലുകളുടെയും കണ്ണുകളുടെയും ചലനങ്ങളിലും ചുണ്ടനക്കത്തിലുമൊക്കെ പടുവൃദ്ധനെ ഓർമപ്പെടുത്തുന്ന പൂക്കാലം എന്ന ചിത്രത്തിലെ അഭിനയം വിസ്മയമായി മാറിയിരിക്കുന്നു.
ഇണക്കങ്ങളും പിണക്കങ്ങളുമായി ദാന്പത്യത്തിന്റെ 80 വർഷങ്ങൾ തീർത്ത ഇട്ടൂപ്പിന്റെയും കൊച്ചുത്രേസ്യായുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയാണ് പൂക്കാലം.
ആനന്ദം എന്ന ചിത്രത്തിന് ശേഷം ഗണേഷ് രാജ് സംവിധാനം ചെയ്ത സിനിമയാണിത്. ദിവസം നാലര മണിക്കൂർ നീണ്ട മേക്കപ്പ് മാരത്തോണിനൊടുവിലാണ് വിജയരാഘവന്റെ ഇട്ടൂപ്പ് ആയുള്ള വേഷപ്പകർച്ച. 25 ദിവസത്തെ ചിത്രീകരണത്തിൽ മേക്കപ്പിനു മാത്രം ചെലവഴിച്ചത് ഏകദേശം നൂറ് മണിക്കൂറുകൾക്കു മുകളിലാണ്.
റോണെക്സ് സേവ്യർ എന്ന മേക്കപ്പ് ആർട്ടിസ്റ്റാണ് നടന്റെ മേക്കോവറിനു പിന്നിൽ.വിജയരാഘവന്റെ പകർന്നാട്ടമാണ് ഈ ചിത്രമെന്ന് ഒറ്റവാക്കിൽ പറയാം. സിനിമയിൽ പ്രായം കൂടുന്തോറും ഇട്ടൂപ്പിന് ഭാര്യയോടുള്ള സ്നേഹം കൂടുന്നതയുള്ളൂ.
എന്നാൽ ചെറുമകളുടെ മനസമ്മതത്തിന് ഇട്ടൂപ്പ് ഭാര്യയുടെ ഒരു രഹസ്യം കണ്ടുപിടിക്കുന്നതും തുടർന്നുനടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ഇട്ടൂപ്പിന്റെ ഭാര്യയായി അഭിനയിക്കുന്ന കെപിഎസി ലീല 1960 കാലം മുതൽ കെപിഎസിയുടെ അറിയപ്പെടുന്ന നാടകനടിയായിരുന്നു. പുതിയ ആകാശം പുതിയ ഭൂമി, കൂട്ടുകുടുംബം, യുദ്ധകാണ്ഡം, തുലാഭാരം തുടങ്ങിയ നാടകങ്ങളിലൂടെ ലീല അറിയപ്പെട്ടു.
ആ നാടകങ്ങൾ സിനിമയാക്കിയപ്പോൾ പലതിലും ലീല അഭിനയിക്കുകയും ചെയ്തു. എന്നാൽ വിവാഹശേഷം നാടകവും സിനിമയുമെല്ലാം വിട്ടു. നാലര പതിറ്റാണ്ടുകൾക്കുശേഷം 2018ൽ പ്രളയദുരിതം അഭ്രപാളിയിലെത്തിച്ച രൗദ്രം എന്ന ജയരാജ് ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ വീണ്ടുമെത്തിയത്. ഇപ്പോഴിതാ ഇട്ടൂപ്പിന്റെ കൊച്ചുത്രേസ്യായായി മികച്ച അഭിനയം കാഴ്ചവയ്ക്കുകയും ചെയ്തു.
എഴുപത്തിമൂന്നാം വയസിലാണ് നാടകാചാര്യനും വിജയരാഘവന്റെ അച്ഛനുമായ എൻ.എൻ.പിള്ള അഞ്ഞൂറാനായി ഗോഡ്ഫാദറിൽ അഭിനയിക്കുന്നത്. ഇപ്പോൾ എഴുപത്തിയൊന്നാം വയസിൽ വിജയരാഘവൻ കരിയറിലെ മറ്റൊരു ഗംഭീര പ്രകടനം കാഴ്ച്ചവച്ച് പകരംവയ്ക്കാനാകാത്ത അഭിനേതാവായി പ്രേക്ഷകമനസുകളിൽ ഇടംനേടി.
വിജയരാഘവൻ അഭിനയരംഗത്ത് എത്തിയിട്ട് അൻപതു വർഷം പിന്നിട്ടിരിക്കുന്നു. അച്ഛൻ എൻ.എൻ. പിള്ളയുടെ കോട്ടയം ഒളശ വിശ്വകേരള കലാസമിതിയിലൂടെ ബാല്യത്തിൽതന്നെ നാടകരംഗത്ത് എത്തിയതാണ്. ക്രോസ്ബെൽറ്റ് മണിയുടെ കാപാലിക സിനിമയിൽ പോർട്ടർ കുഞ്ഞാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഇരുപത്തിരണ്ടാം വയസിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
1989ൽ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയിൽ ടൈറ്റിൽ കഥാപാത്രമായ റാംജിറാവുവിനെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടി. തുടർന്നങ്ങോട്ട് വില്ലനായും സഹനായകനായും നായകനായുമെല്ലാം വിജയരാഘവൻ അഭിനയിച്ചു മുന്നേറി.
1993ൽ ഷാജി കൈലാസിന്റെ ഏകലവ്യനിലെ ചേറാടി കറിയ എന്ന കഥാപാത്രമായി വിസ്മയിപ്പിച്ച നടൻ എത്തിനിൽക്കുന്നത് നൂറുവയസുകാരനായ ഇട്ടൂപ്പിന്റെ വേഷത്തിലാണ്.
സിബിൾ ജോസ്