നല്ലതു പറഞ്ഞു നാടറിഞ്ഞു
Sunday, December 3, 2023 2:03 AM IST
ആയിരക്കണക്കിനു മനുഷ്യരുടെ ദിനങ്ങളെ ഏതാനും മിനിറ്റുകൊണ്ട് പ്രകാശപൂരിതമാക്കിയ മാജിക്. അതായിരുന്നു ഷിജി ജോൺസൺ എന്ന അധ്യാപിക അവതരിപ്പിച്ച തോട്ട് ഫോർ ദ ഡേ എന്ന റിഫ്ലക്ഷൻസ് വീഡിയോ പ്രോഗ്രാം. മൂന്നു വർഷംകൊണ്ട് പിന്നിട്ടത് ആയിരം എപ്പിസോഡുകൾ. ഇപ്പോൾ ടീച്ചറുടെ ദിനങ്ങൾ കൂടുതൽ തിരക്കുകളുടേതാണ്.
കപ്പൽ സഞ്ചാരത്തിനിടെ കുറെ ദിവസമായി മൊബൈൽ ഡേറ്റാ സിഗ്നൽ കിട്ടുന്നുണ്ടായിരുന്നില്ല. ഒരു പോർട്ടിലേക്കു കപ്പൽ അടുത്തതും മൊബൈൽ ഫോൺ റേഞ്ചിൽ എത്തി. ഡാറ്റാ ഒാണായതും മൊബൈൽ ഫോണുകളിലേക്കു പലരും അയച്ച വീഡിയോകളും ഫോട്ടോകളും മെസേജുകളുമൊക്കെ ഒന്നിനു പിറകെ മറ്റൊന്നായി ഒഴുകിയെത്തി. മറൈൻ എൻജിനിയർ നെടുങ്കുന്നം സ്വദേശി ജോൺസൺ തോമസും കിട്ടിയ അവസരത്തിൽ തന്റെ മൊബൈൽ ഫോൺ ചെക്ക് ചെയ്യുന്ന തിരക്കിലായിരുന്നു. അതിനിടയിലാണ് സഹപ്രവർത്തകനും സുഹൃത്തുമായ കോഴിക്കോട് സ്വദേശി ഷാജി ഒരു വീഡിയോ ഒാൺ ചെയ്തു കാണാൻ തുടങ്ങിയത്.
കണ്ടതിനു ശേഷം അദ്ദേഹം മൊബൈൽ ഫോൺ ജോൺസനു നേരെ നീട്ടിക്കൊണ്ടു പറഞ്ഞു, "ദേ ഇതൊന്നു കേട്ടു നോക്കൂ, നല്ലൊരു മെസേജ് ആണിത്.' ജോൺസൺ ആകാംക്ഷയോടെ ഷാജി നൽകിയ ആ വീഡിയോ മെസേജ് തുറന്നു. തുടക്കം കണ്ടതും അദ്ദേഹത്തിന്റെ മുഖത്ത് ഒരു ചിരിവിടർന്നു. ആ ചിരി കണ്ടു കാര്യമറിയാതെ നിൽക്കുകയാണ് ഷാജി. ഒരു വനിത നല്ല ചിന്തകൾ പങ്കുവയ്ക്കുന്ന "തോട്ട് ഫോർ ദ ഡേ' എന്നൊരു ചെറു വീഡിയോയാണ് സുഹൃത്തിനു കൊടുത്തത്.
നല്ല ചിന്തകളും ചില കഥകളുമൊക്കെയാണ് അതിൽ പറയുന്നത്. ഇങ്ങനെ ചിരിക്കാനുള്ളതൊന്നും ഇല്ലതാനും. ആകെ ആശയക്കുഴപ്പത്തിൽ നിൽക്കുന്ന ഷാജിയെ നോക്കി ജോൺസൺ ചോദിച്ചു: ആരാണ് ഈ വിഡിയോയിൽ ഉള്ളതെന്ന് അറിയാമോ?.. ഇല്ലെന്ന മട്ടിൽ ഷാജി തലവെട്ടിച്ചു: എടോ ഇത് എന്റെ ഭാര്യ ഷിജിയാണെടോ?.. ആശ്ചര്യത്തോടെ ഷാജി വീഡിയോയിലേക്കും ജോൺസന്റെ മുഖത്തേക്കും മാറിമാറി നോക്കി. അപ്പോൾ വീഡിയോയിൽ ആ പേര് എഴുതിക്കാണിക്കുന്നുണ്ടായിരുന്നു, ഷിജി ജോൺസൺ!
നല്ലതു കേൾക്കാനാളുണ്ട്
കുറ്റങ്ങളും കുറവുകളും വിവാദങ്ങളും വിദ്വേഷങ്ങളും പറഞ്ഞും പ്രചരിപ്പിച്ചും വൈറലാകുന്നതാണ് സോഷ്യൽ മീഡിയ യുഗത്തിലെ ട്രെൻഡ്. നെഗറ്റീവ് ചിന്തകൾ വച്ചുപുലർത്തുന്നവർക്കും പറയുന്നവർക്കുമൊക്കെയാണ് പലപ്പോഴും ലൈക്കും ഷെയറും കൂടുതൽ. ഈ വിദ്വേഷ പ്രചാരണങ്ങളുടെ കുത്തൊഴുക്കിനിടയിൽ നല്ലതു പറഞ്ഞു നാടിന്റെയും നാട്ടുകാരുടെയും ഇഷ്ടം നേടിയിരിക്കുകയാണ് ഷിജി ജോൺസൺ എന്ന അധ്യാപിക.
ചങ്ങനാശേരി മീഡിയ വില്ലേജിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി "തോട്ട് ഫോർ ദ ഡേ' എന്ന പേരിൽ ഷിജി ടീച്ചർ അവതരിപ്പിച്ച പ്രതിദിന പരിപാടിയാണ് വൈകാതെ വൈറലായി മാറിയത്. ദിവസവും രാവിലെ ചെറിയൊരു കഥയും മെസേജും അടങ്ങുന്ന മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോയായിരുന്നു ചെയ്തിരുന്നത്. പലരും ഗ്രൂപ്പുകളിലേക്കും മറ്റും സുപ്രഭാതമെന്നും ഗുഡ് മോണിംഗ് എന്നും കുറിച്ച് ഇലയും പൂക്കളും ചിത്രങ്ങളുമൊക്കെ അയയ്ക്കുന്ന പതിവുണ്ടല്ലോ. ആവർത്തനവിരസമായ ഇതു പലപ്പോഴും ശല്യമായിട്ടാണ് പലർക്കും അനുഭവപ്പെടാറുള്ളത്.
അപ്പോഴാണ് മീഡിയ വില്ലേജിലെ പിആർഒ എബിൻ ഫിലിപ്പ് രാവിലെ ചെറിയൊരു പോസിറ്റീവ് മെസേജ് ആണെങ്കിൽ അത് ആളുകൾക്കു കുറെക്കൂടി പ്രയോജനപ്പെടില്ലേ എന്നൊരു ആശയം മുന്നോട്ടുവച്ചത്. ടീച്ചറിന്റെ ക്ലാസുകളും പ്രഭാഷണങ്ങളുമൊക്കെ കേട്ടിട്ടുള്ള എബിൻ ഈ വിഷയം അവതരിപ്പിക്കാൻ ഷിജി ടീച്ചറെക്കാൾ നല്ലൊരാളില്ലെന്ന് ഉറപ്പിച്ചു. അങ്ങനെ വിഷയം ടീച്ചർക്കു മുന്നിലെത്തി. എന്നാൽ, ചാനൽ ആങ്കറായും മറ്റും മുൻപരിചയമൊന്നുമില്ലാത്ത താൻ അതു ചെയ്താൽ ശരിയാകുമോയെന്നായിരുന്നു ടീച്ചറുടെ സംശയം.
എന്നാൽ, എബിൻ വിട്ടില്ല. അതോടെ ഒരു പരീക്ഷണമെന്ന നിലയിൽ കുറച്ച് എപ്പിസോഡ് ചെയ്യാമെന്നും ആളുകളുടെ പ്രതികരണം അറിഞ്ഞ ശേഷം തുടരണോ വേണ്ടയോയെന്ന് തീരുമാനിക്കാമെന്നും ടീച്ചർ പറഞ്ഞു. അങ്ങനെയാണ് തോട്ട് ഫോർ ദ ഡേയുടെ ആരംഭം. എന്നാൽ, എബിനെയും ടീച്ചറെയും വിസ്മയിപ്പിക്കുന്ന പ്രതികരണമാണ് സമൂഹത്തിൽനിന്നുണ്ടായത്.
സന്തോഷ വർത്തമാനം
കുലീനത്വം തുളുന്പുന്ന അവതരണവും ടീച്ചർ പങ്കുവയ്ക്കുന്ന പോസീറ്റീവ് ചിന്തകളും കുഞ്ഞുകഥകളുമൊക്കെ പലരുടെയും പ്രഭാതങ്ങളെ പ്രകാശപൂർണമാക്കി. ഗുഡ്മോണിംഗ് മെസേജുകൾക്കു പകരം പലരും തോട്ട് ഫോർ ദ ഡേ ഷെയർ ചെയ്തുതുടങ്ങി. സംഘർഷങ്ങളുടെയും സമ്മർദങ്ങളുടെയും ലോകത്ത് തെളിഞ്ഞ മനസോടെ ഒരു ദിവസം തുടങ്ങാൻ കഴിയുകയെന്നതു പലർക്കും വലിയ സന്തോഷമാണ് പകർന്നു നൽകിയത്.
ശിഷ്യരുടെയും അവരുടെ മാതാപിതാക്കളുടെയും വിളികളും അഭിനന്ദനങ്ങളും തുടർച്ചയായി ടീച്ചറെ തേടിയെത്തി. സംഭവം ഹിറ്റ് ആയി മാറിയതോടെ പരിപാടി ഉടൻ നിർത്താൻ പറ്റില്ലെന്നു മീഡിയ വില്ലേജ് അധികൃതരും നിർബന്ധം പറഞ്ഞു. അങ്ങനെ പരീക്ഷണാടിസ്ഥാനത്തിൽ എട്ടോ പത്തോ എപ്പിസോഡിനു വേണ്ടി തുടങ്ങിയ തോട്ട് ഫോർ ദ ഡേ ജൈത്രയാത്ര ആയിരം എപ്പിസോഡുകൾ പിന്നിട്ടു. 2018 മുതൽ 2021 വരെ ഒരു മുടക്കവുമില്ലാതെ ആളുകളെ തേടി വീഡിയോ മെസേജുകൾ എത്തി. സമകാലിക വിഷയങ്ങൾ, കുട്ടികളുടെ പ്രശ്നങ്ങൾ, കുടുംബങ്ങളുടെ സന്തോഷങ്ങൾ, മാറേണ്ട മനോഭാവങ്ങൾ എന്നിങ്ങനെ നൂറുകണക്കിനു വിഷയങ്ങൾ ഇതിൽ ഇടംപിടിച്ചു.
ഒരു ദിവസം ടീച്ചറെ തേടി കാനഡയിൽനിന്ന് ബന്ധുവായ ഒരു പെൺകുട്ടിയുടെ ഫോൺ എത്തി. അവളും ഭർത്താവുംകൂടി കാനഡയിൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്നവൾ വളരെ സുപരിചിതമായ ഒരു ശബ്ദം കേട്ടു. ഒന്നൂകൂടി ശ്രദ്ധിച്ചു, ഇതു തന്റെ ആന്റി ഷിജിയുടെ അതേ ശബ്ദമാണല്ലോ എന്ന അതിശയത്തോടെയാണ് ശബ്ദം വന്നിരുന്ന ഭാഗത്തേക്കു നോക്കിയത്. അവിടെ ഒരു മലയാളിക്കുടുംബം മൊബൈൽ ഫോണിൽ ടീച്ചറിന്റെ മെസേജ് കേൾക്കുന്ന കാഴ്ച അവളെ അദ്ഭുതപ്പെടുത്തിക്കളഞ്ഞത്രേ.
നല്ല വാക്കുകൾ രാജ്യത്തിന്റെ അതിർത്തികൾ പോലും കടന്നു ജനങ്ങളെ തൊടുന്നുവെന്നതിൽ കവിഞ്ഞ് എന്തു സന്തോഷവും സംതൃപ്തിയുമാണ് വേണ്ടത്. അതുകൊണ്ടുതന്നെ യാതൊരു പ്രതിഫലവും വാങ്ങാതെയാണ് താൻ ഈ എപ്പിസോഡുകൾ മുഴുവൻ ചെയ്തു തീർത്തതെന്ന് മർച്ചന്റ് നേവി ഒാഫീസറായ നെടുങ്കുന്നം തകടിപ്പുറം ജോൺസൺ തോമസിന്റെ ഭാര്യയും നെടുങ്കുന്നം സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമായ ഷിജി അഭിമാനത്തോടെ പറയുന്നു.
16 വർഷം വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളിലെ അധ്യാപനത്തിനു ശേഷമാണ് നെടുങ്കുന്നത്തേക്ക് എത്തിയത്. ഈ നല്ല വാക്കുകളെ തേടി അംഗീകാരങ്ങളുമെത്തി. 2021ലെ കെസിബിസിയുടെ സോഷ്യൽ മീഡിയ ഐക്കൺ അവാർഡ് ടീച്ചർക്കായിരുന്നു.
ഓൾ ഇന്ത്യ റേഡിയോയിൽ
ആയിരം എപ്പിസോഡുകൾ പൂർത്തിയായപ്പോൾ തോട്ട് ഫോർ ദ ഡേ തത്കാലം നിർത്താൻ ടീച്ചർ തീരുമാനിച്ചു. മറ്റൊന്നുംകൊണ്ടല്ല, ഇനി ആവശ്യമെങ്കിൽ ഒരു ഇടവേളയ്ക്കു ശേഷം ചെയ്യാമെന്നതായിരുന്നു ടീച്ചറുടെ തീരുമാനം. മാത്രമല്ല, ജനശ്രദ്ധ നേടിയതോടെ ടീച്ചർക്കു തിരക്കുംകൂടി. ക്ലാസ് എടുക്കണമെന്ന ആവശ്യവുമായി സംഘടനകളും സ്ഥാപനങ്ങളും സമീപിച്ചുതുടങ്ങി. കഴിഞ്ഞ വർഷം ചങ്ങനാശേരി അതിരൂപതയുടെ മാക് ടിവിക്കുവേണ്ടി 25 ദിവസം ക്രിസ്മസ് റിഫ്ളക്്ഷൻ ചെയ്തു. സോൾ പോസ്റ്റ് എന്ന യു ട്യൂബ് ചാനലിലും സമയം പോലെ പ്രോഗ്രാം ചെയ്യുന്നുണ്ട്.
ഒാൾ ഇന്ത്യ റേഡിയോയിൽ കഴിഞ്ഞ പ്രാവശ്യം ക്രിസ്മസ് സുഭാഷിതങ്ങൾ അവതരിപ്പിച്ചതും ടീച്ചറായിരുന്നു. ജോലിക്കിടയിൽ ഇത്തരം കാര്യങ്ങൾക്കുകൂടി സമയം കണ്ടെത്തേണ്ടി വരുന്നതിനാൽ ഇപ്പോൾ ഒരു മിനിറ്റ് പോലും വെറുതെ കളയാനില്ലെന്നു ടീച്ചർ പറയുന്നു. കുടുംബത്തിന്റെ പിന്തുണയാണ് ടീച്ചർക്കു വലിയ പ്രോത്സാഹനം.
മൂത്തമകൾ ഐറിനും മരുമകൻ അലനും ഒാസ്ട്രേലിയയിൽ ആണ്. രണ്ടാമത്തെ മകൾ എലൈൻ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ഹൗസ് സർജൻ. ഇളയമകൾ കാരളിൻ ബംഗളൂരു സെന്റ് ജോസഫ് യൂണിവേഴ്സിറ്റിയിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി. ചില വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതും പ്രോഗ്രാമിന് ഉപയോഗിക്കേണ്ട കോസ്റ്റ്യൂം തെരഞ്ഞെടുക്കാൻ സഹായിക്കുന്നതുമൊക്കെ പലപ്പോഴും മക്കളാണെന്നു ഷിജി പറയുന്നു.
മടിക്കാതെ വായിച്ചോ
എവിടെ നിന്നാണ് ടീച്ചർക്ക് ഇത്രയധികം കഥകളും ചിന്തകളും കിട്ടുന്നതെന്നു പലരും അതിശയത്തോടെ ചോദിക്കാറുണ്ട്. അതിനു കടപ്പെട്ടിരിക്കുന്നത് തന്റെ മാതാപിതാക്കളോടാണെന്നു ഷിജി പറയുന്നു. അധ്യാപകരായിരുന്ന മാതാപിതാക്കൾ വർഗീസും രാജമ്മയും ചെറുപ്പം മുതൽ വായിക്കാൻ പ്രേരിപ്പിക്കുമായിരുന്നു. അതിനാൽ പത്രങ്ങളും ആനുകാലികങ്ങളും പുസ്തകങ്ങളുമൊക്കെ വായിക്കുന്നത് പഠനകാലത്തുതന്നെ ശീലമായി.
ഇങ്ങനെ സംസാരിക്കാൻ തന്നെ പ്രാപ്തയാക്കിയത് ആ വായനയാണെന്ന് ടീച്ചർ ഉറപ്പിച്ചു പറയുന്നു. തന്റെ ശിഷ്യരോടും ടീച്ചർക്കു പറയാനുള്ള പ്രധാന സന്ദേശം അതുതന്നെ. ഡിജിറ്റൽ യുഗത്തിലും വായന നഷ്ടപ്പെടുത്തരുത്. നിങ്ങളെ രൂപപ്പെടുത്താൻ, നിങ്ങളെ കണ്ടെത്താൻ വായന സഹായിക്കും. അതിന്റെ നന്മകൾ ജീവിതാവസാനം വരെ നിങ്ങളോടൊപ്പമുണ്ടായിരിക്കും- തോട്ട് ഫോർ ദ ലൈഫ്!
ജോണ്സണ് പൂവന്തുരുത്ത്