NRI
ഫിലഡൽഫിയ: മലങ്കര കത്തോലിക്കാ സഭ 2026 ആരാധനക്രമ വത്സരമായി ആചരിക്കുന്നതിന്റെ ഭാഗമായി ഫിലഡൽഫിയ സെന്റ് ജൂഡ് മലങ്കര കത്തോലിക്ക ഇടവകയിലെ മലങ്കര കാത്തലിക് അസോസിയേഷന്റെ ( എംസിഎ) നേതൃത്വത്തിൽ നടത്തപ്പെടുന്ന മലങ്കര ആരാധനാക്രമം - അർത്ഥവും പങ്കാളിത്തവും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു.
മേയ് 16ന് രാവിലെ 9.30 മുതൽ നടക്കുന്ന സെമിനാർ തിരുവനന്തപുരം മലങ്കര മേജർ സെമിനാരി മുന്‍ റെക്ടർ ഫാ.ഡോ. സണ്ണി മാത്യു സെമിനാർ നയിക്കും.
മലങ്കര ആരാധനയുടെ അർഥവും പ്രാധാന്യവും കൂടുതൽ ആഴത്തിൽ മനസിലാക്കുവാനും വിശ്വാസികളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നുള്ളതാണ് സെമിനാറിന്റെ ലക്ഷ്യം.
കൂടുതൽ വിവരങ്ങൾക്ക്: Rev. Fr. Babu Madathiparampil (Vicar): 773 754 9638, Philip John (Biju) MCA President: 215 327 5052, Joly Jacob MCA Secretary: 267 226 8824, Viji Joji MCA Treasrer: 856 912 3958.
NRI
ഗാർലൻഡ്: കേരള അസോസിയേഷൻ ഓഫ് ഡാളസും (കെഎഡി) ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും (ഐസി ആൻഡ് ഇസി) സംയുക്തമായി സംഘടിപ്പിച്ച നിയമബോധവത്കരണ സെമിനാർ പ്രവാസി മലയാളി സമൂഹത്തിന് പുത്തൻ അറിവുകൾ പകർന്നുനൽകി.
ഞായറാഴ്ച വൈകുന്നേരം 3.30ന് ഗാർലൻഡിലെ ഐസിസി ബാങ്ക്വറ്റ് ഹാളിൽ വച്ചായിരുന്നു പരിപാടി നടന്നത്. നിയമ അവബോധവും കുടുംബ മൂല്യങ്ങളും എന്ന വിഷയത്തിലൂന്നിയായിരുന്നു സെമിനാർ.
അമേരിക്കയിലെ സങ്കീർണമായ നിയമവ്യവസ്ഥകളെക്കുറിച്ച് സാധാരണക്കാർക്കിടയിൽ കൃത്യമായ ധാരണയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അഭിഭാഷകരായ സൗമ്യ ജോർജ്, മെലിസ റോയ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി.
NRI
ഡാളസ്: ഡാളസിലെ പ്രവാസി മലയാളി സമൂഹത്തിനായി കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി നിയമബോധവത്കരണ സെമിനാർ സംഘടിപ്പിക്കുന്നു.
നിയമ അവബോധവും കുടുംബ മൂല്യങ്ങളും എന്ന വിഷയത്തിലാണ് സെമിനാർ ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം 3:30 KAD / IC&EC ബാങ്ക്വറ്റ് ഹാളിലാണ് (3821 Broadway Blvd, Garland, TX 75043) സെമിനാർ നടക്കുക.
പ്രമുഖ അഭിഭാഷകരായ സൗമ്യ ജോർജ് (പേഴ്സണൽ ഇഞ്ചുറി & ഇമിഗ്രേഷൻ), മെലിസ റോയ് (എസ്റ്റേറ്റ് പ്ലാനിംഗ്) എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. പേഴ്സണൽ ഇഞ്ചുറി അവബോധം.എസ്റ്റേറ്റ് പ്ലാനിംഗ്, വിൽപത്രങ്ങൾ, ട്രസ്റ്റുകൾ.വ്യക്തിഗത അവകാശങ്ങളുടെയും സ്വത്തുക്കളുടെയും സംരക്ഷണം എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ.
കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും കൃത്യമായ നിയമധാരണയോടെ തീരുമാനങ്ങൾ എടുക്കുന്നതിനും സമൂഹത്തെ പ്രാപ്തരാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
എല്ലാവർക്കും പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി കേരള അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടുക.
District News
മുണ്ടൂർ: യുവക്ഷേത്ര കോളജ് ആന്റി നാർകോട്ടിക്ക് സെല്ലും ഇംഗ്ലീഷ് വിഭാഗവും ചേർന്ന് ബിയോണ്ട് ദ ഹൈ വാട്ട് ദെ ഡോണ്ട് ടെൽ യു എബൗട്ട് ഡ്രഗ്സ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ പാലക്കാട് വിമുക്തി മിഷൻ അസി. എക്സൈസ് കമ്മീഷണർ എസ്. സജീവ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. ടോമി ആന്റണി അധ്യക്ഷനായിരുന്നു. ഇംഗ്ലീഷ് വിഭാഗം മേധാവി പമീല ജോണ്സൻ സ്വാഗതവും കോ-ഓർഡിനേറ്റർ പൂജാ കൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറിൽ അസി. എക്സൈസ് കമ്മീഷണർ ക്ലാസെടുത്തു.
National
ബംഗളൂരു: സിബിസിഐയുടെ ഡെസ്ക് ഫോര്‍ എക്യുമെനിസം ആൻഡ് ഇന്റര്‍ റിലീജിയസ് ഡയലോഗ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ബംഗളൂരിലെ എന്‍ബിസിഎല്‍സിയില്‍ സംഘടിപ്പിച്ച ദ്വിദിന സെമിനാറില്‍ വിവിധ മതങ്ങളിലെ പണ്ഡിതര്‍ പങ്കെടുത്തു. കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.
സെമിനാറില്‍ ടെന്സിന് സെലോണ്‍ (ബുദ്ധമതം), ഭര്തീയ സിംഗ് (സിഖ് മതം), ഹലീമ സാദിയ (ഇസ്ലാം മതം), വെങ്കിട്ട് റാം (ഹിന്ദുമതം) എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിച്ചു.
വിവിധ മതങ്ങളിലെ ആശയങ്ങള്‍ പരസ്പരം പങ്കുവയ്ക്കുകയും മതാന്തര സംവാദത്തിന്റെ പ്രാധാന്യം ചര്‍ച്ച നടത്തുകയും ചെയ്തു.
District News
പാറശാല: കൊല്ലംകോട് തൂത്തൂര്‍ സെന്റ് ജൂഡ് കോളജിലെ മലയാള വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലയാളദിനാഘോഷവും മലയാള ഭാഷാസെമിനാറും സംഘടിപ്പിച്ചു. "മലയാളഭാഷ ഏഴാം നൂറ്റാണ്ട് മുതല്‍ 19-ാം നൂറ്റാണ്ട് വരെയുള്ള കവിതകളും ആസ്വാദനതലവും' എന്ന വിഷയത്തിൽ നടന്ന സെമിനാര്‍ കവി രാജന് വി. പൊഴിയൂര്‍ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഡോ. ജി. ആന്‍ലെറ്റ് അധ്യക്ഷത വഹിച്ചു. മലയാളം വകുപ്പ് മേധാവി ഡോ. വിന്നി ജി. സാഗോ ആമുഖ പ്രഭാഷണം നടത്തി. മലയാളം സമാജം സെക്രട്ടറി എസ്. ഷാമിയ, ജോയിന്റ് സെക്രട്ടറി ടി.ജെഫ്ത എന്നിവര്‍ മോഡറേറ്റർമാരായായിരുന്നു. സെമിനാറിനോടനുബന്ധിച്ച് നടന്ന സംവാദത്തില്‍ നൂറോളം കുട്ടികള്‍ പങ്കുചേര്‍ന്നു.
District News
കൂത്താട്ടുകുളം: നഗരസഭയുടെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ റെജി ജോൺ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിൻസ് പോൾ ജോൺ നഗരസഭയുടെ പുതിയ പദ്ധതികളുടെ അവതരണം നടത്തി.
നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ വിഷയങ്ങളിൽ ഊന്നൽ നൽകിയുള്ള ചർച്ചകളാണ് സെമിനാറിൽ നടന്നത്. ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.സി. ജോൺസൺ വികസന സെമിനാറിലെ ചർച്ചകൾ ഏകോപിപ്പിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ലിസി ജോസ്, മുനിസിപ്പൽ സെക്രട്ടറി എസ്. ഷീബ എന്നിവർ പ്രസംഗിച്ചു.
പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ വികസന സെമിനാറിൽ 2026 - 27 ലെ കരട് വാർഷിക പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ജോമി തെക്കേക്കര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജയിംസ് അധ്യക്ഷ വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അനിൽ എബ്രഹാം പദ്ധതി അവതരണം നടത്തി.
വൈസ് പ്രസിഡന്റ് ലൂസി സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗം ജേക്കബ് വർഗീസ്, സ്ഥിരം സമിതി അധ്യക്ഷരായ ഷീലാ റോയി, മേഴ്സി ബിജു പഞ്ചായത്തംഗങ്ങളായ കെ.സി. പ്രദീപ്, ജിജി മാത്യു, ജിനേഷ് കെ. പോൾ, വി.ജി. ജോബി, വിൻസന്റ് ഏബ്രഹാം, മിനി സണ്ണി, സാബു വർഗീസ്, സീന സജി, അലൻഷ്യ റോബി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി ജേക്കബ് സിഡിഎസ് ചെയർപേഴ്സൺ രാജേഷ് ദിലീപ് സെക്രട്ടറി കെ. യു. ജയകുമാർ എന്നിവർ പ്രസംഗിച്ചു.
പിറവം: വാർഷിക പദ്ധതികൾക്ക് രൂപം നൽകിക്കൊണ്ടുള്ള പിറവം മുനിസിപ്പാലിറ്റിയിലെ വികസന സെമിനാർ ഇന്ന് നടക്കും. രാവിലെ പത്തിന് ചിൽഡ്രൻസ് പാർക്കിൽ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിക്കും. മുൻസിപ്പൽ ചെയർപേഴ്സൺ കെ.ആർ. പ്രദീപ്കുമാർ അധ്യക്ഷത വഹിക്കും.
District News
കൊരട്ടി: കൊരട്ടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി പൗലോസ് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ അധ്യക്ഷതവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗ്രേസി സ്കറിയ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. സെമിനാർ 11 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് അംഗീകാരംനൽകി. വൈസ് പ്രസിഡന്റ് ജോയ് മാനുവൽ, ജില്ലാപഞ്ചായത്ത് അംഗം ഷോൺ പെല്ലിശേരി, സ്ഥിരംസമിതി അധ്യക്ഷന്മാരായ ഫിൻസോ തങ്കച്ചൻ, ആൻസി അഗസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സച്ചിൻ രാജ്, ലിജി അനിൽകുമാർ, ലിജോ ജോസ്, ജിനി ഡേവിസ് എന്നിവർ പ്രസംഗിച്ചു.
കാറളം: പഞ്ചായത്ത് വികസന സെമിനാര്‍ ബ്ലോക്ക് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. ശിവന്‍കുട്ടി അധ്യക്ഷതവഹിച്ചു. കരട് പദ്ധതി രേഖ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സുധീര്‍ ദാസ് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ സുനില്‍ സംസാരിച്ചു.
പൂമംഗലം: പൂമംഗലം പഞ്ചായത്തില്‍ പദ്ധതിരൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ ജില്ലാപഞ്ചായത്തംഗം സി.ബി. ഷക്കീല ഉദ്ഘാടനം ചെയ്തു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി. ജയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺമാരായ രാഖി ഗിരീഷ്, രാജേഷ് തുമ്പരത്തി, സമസ്യ മുരളി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജസ്ന, ജിതില്‍ ഗോപി, പൂമംഗലം പഞ്ചായത്തംഗങ്ങളായ ഡാലിയ സലീഷ്, സന്ധ്യ വിജയന്, ഇ.ആര്. വിനോദ്, രഞ്ജിനി ശ്രീകുമാര്‍, ജൂലി ജോയ്, സിരീഷ, താര അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
District News
ചേര്‍ത്തല: നഗരസഭയുടെ 2025-26 വാർഷിക പദ്ധതി തയാറാക്കുന്നതിനുള്ള വികസന സെമിനാർ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ എസ്. സോബിൻ അധ്യക്ഷത വഹിച്ചു. ഷേർളി ഭാർഗവൻ മുഖ്യാതിഥിയായി. വാർഷിക പദ്ധതി ആമുഖ അവതരണം നഗരസഭാ സെക്രട്ടറി ടി. കെ. സുജിത്ത് നിർവഹിച്ചു. ദുബായിൽ നടന്ന അന്താരാഷ്ട്ര ആയുഷ് കോൺഫറൻസിൽ ഹോമിയോ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഓർമക്കൂട്ട് പദ്ധതിയിലൂടെ ചേർത്തലയുടെ പേര് ലോകത്തിനു മുന്നിൽ എത്തിച്ച ഡോ. റിഫ്നയെ മന്ത്രി പി. പ്രസാദ് ആദരിച്ചു.
ജില്ലാ ഭിന്നശേഷി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ ആർദ്ര ബെഡ്സ് സ്കൂളിനും സംസ്ഥാനതല ഭിന്നശേഷി കലോത്സവത്തിൽ നാടോടി നൃത്തത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സൂര്യ ഗോവിന്ദരാജിനും നഗരസഭയുടെ ആദരവ് നൽകി. വികസന സെമിനാറിൽ കൃഷി, പൊതുമരാമത്ത്, ആരോഗ്യം, മാലിന്യസംസ്കരണം, സാമൂഹ്യനീതി തുടങ്ങിയ 16 വിഷയ മേഖലകളിൽ വരുന്ന വർഷത്തെ പദ്ധതികൾ രൂപീകരിക്കുന്നതിനായി, നിർവഹണ ഉദ്യോഗസ്ഥരെയും വിഷയ വിദഗ്ധരെയും ഉൾപ്പെടുത്തി അതത് വർക്കിംഗ് ഗ്രൂപ്പുകൾ പ്രത്യേക യോഗങ്ങൾ ചേർന്ന് അന്തിമ പദ്ധതി നിർദേശങ്ങൾക്ക് രൂപം നൽകി.
District News
ബാലുശേരി: പനങ്ങാട് പഞ്ചായത്ത് 2026- 27 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.വി. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.
കിനാലൂർ സ്വലാഹ് ഹാളിൽ നടന്ന സെമിനാറിൽ പഞ്ചായത്ത് പ്രസിഡന്റ് വി.എം. കമലാക്ഷി അധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖ മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടി കൃഷ്ണൻ ഏറ്റുവാങ്ങി.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജ പുളിയുള്ളതിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കോട്ടയിൽ മുഹമ്മദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹൃദ്യ എസ്. ചന്ദ്രൻ, ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
District News
കൊടുങ്ങൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തെ വാർഷികപദ്ധതി രൂപീകരണത്തിന് മുന്നോടിയായുള്ള വികസന സെമിനാർ കൊടുങ്ങൂർ കമ്യൂണിറ്റി ഹാളിൽ നടന്നു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ സമഗ്ര മുന്നേറ്റത്തിന് ജനകീയാസൂത്രണം അനിവാര്യമാണെന്നും കാർഷിക-സാമൂഹിക മേഖലകളിൽ മികച്ച പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമസഭകളിൽനിന്ന് ലഭിച്ച വികസന നിർദേശങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു. കൃഷിക്ക് പ്രാധാന്യം നൽകുന്ന പദ്ധതിരേഖയാണ് സെമിനാറിൽ അവതരിപ്പിച്ചത്. കാർഷിക യന്ത്രവത്കരണം, കുടിവെള്ള ലഭ്യത, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് വരുംവർഷം മുൻഗണന നൽകും.
പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. എസ്. പുഷ്കലാദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ രാജേഷ് കരട് പദ്ധതിരേഖയും സെക്രട്ടറി സൗമ്യ പഞ്ചായത്തിന്റെ ധനസ്ഥിതിയും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് മനോജ് പാലക്കാട്ട്, മെംബർമാരായ ജിനു രാജ്, പി.ജെ. ശോശാമ്മ, സൂസൻ, ശ്രീകാന്ത് പി. തങ്കച്ചൻ, ജോൺസൺ, സൗമ്യ വി. സോമൻ, വി.എൻ. മനോജ്, റംഷാദ് റഹ്മാൻ, വത്സമ്മ ആന്റണി, പി.ആർ. രാജേഷ്, ആതിര കെ. രാജ്, സൗമ്യ ജോസ്, പി.എം. ജോൺ, ഗ്രേസി, ആർ. രശ്മി എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഫെബ്രുവരി 15നു സംഘടിപ്പിക്കുന്ന ‘ഇന്റർനാഷണൽ കോണ്‍ഫറൻസ് ഓണ്‍ ഡവലപ്മെന്റ് ആൻഡ് ഡെമോക്രസി’ സെമിനാറിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് അമർത്യാ സെൻ, റോമിലാ ഥാപ്പർ അടക്കമുള്ളവർക്ക് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല കത്തു നൽകി.
ഫാസിസ്റ്റാണെന്ന് തെളിയിച്ച സർക്കാർ നടത്തുന്ന മുഖം മിനുക്കൽ പരിപാടിയാണ് സെമിനാർ. സർക്കാരിനെ ജനം തിരസ്കരിച്ചതാണ്. അവരുടെ പിആർ കാന്പയിനിൽ പങ്കാളിയാകരുത്. അഴിമതിയും ന്യൂനപക്ഷ വിരുദ്ധതയുമാണ് സർക്കാരിന്റെ മുഖമുദ്ര. ഇതൊക്കെ മറച്ചുവയ്ക്കാനുള്ള വ്യർഥശ്രമത്തിന്റെ ഭാഗമാണ് സെമിനാർ. ജനവികാരം സന്പൂർണമായി എതിരായി കഴിഞ്ഞ സർക്കാരിന്റെ ഇത്തരം ആത്മാർഥതയില്ലാത്ത പരിപാടികളിൽ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നും രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.
District News
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സ തീര്‍ഥാടനകേന്ദ്രത്തില്‍ അല്‍ഫോന്‍സാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിന്റെ റൂബി ജൂബിലിയുടെ ഭാഗമായി വിശ്വാസികളുടെ അമ്മ എന്ന പേരില്‍ സെമിനാര്‍ നടത്തി.
ഇന്നലെ രാവിലെ ആരംഭിച്ച സെമിനാര്‍ വടവാതൂര്‍ സെന്റ് തോമസ് അപ്പൊസ്തലിക് സെമിനാരി റെക്ടര്‍ റവ.ഡോ. ഡൊമിനിക് വെച്ചൂര്‍ ഉദ്ഘാടനം ചെയ്തു. റവ.ഡോ. ജോഷി മയ്യാറ്റില്‍, റവ.ഡോ. പോളി മണിയാട്ട്, ഫാ. ആദര്‍ശ് വടക്കേത്ത്, പ്രഫ. സണ്ണി കുര്യാക്കോസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
പരിശുദ്ധ മറിയത്തെ സംബന്ധിച്ച് റോമില്‍നിന്നു സമീപകാലത്ത് പ്രസിദ്ധീകരിച്ച മാത്തര്‍ ഫിദേലിസ് പോപ്പുളി എന്ന വത്തിക്കാന്‍ രേഖയെ ആസ്പദമാക്കിയുള്ള പഠനപ്രബന്ധം ബൈബിള്‍ പണ്ഡിതനും ഗ്രന്ഥകാരനുമായ റവ.ഡോ. ജോഷി മയ്യാറ്റില്‍ അവതരിപ്പിച്ചു.
ലിറ്റര്‍ജിയുടെ അര്‍ഥതലങ്ങള്‍ വിശുദ്ധ കുര്‍ബാന എന്ന ആരാധനയോടു ബന്ധപ്പെടുത്തി പഠനവിഷയമാക്കിയത് റവ.ഡോ. പോളി മണിയാട്ടാണ്. അല്‍ഫോന്‍സാമ്മയുടെ ജീവിതത്തെ ആഴമായി സ്വാധീനിച്ച ഫ്രാന്‍സിസ്കന്‍ ആത്മീയതയെ സംബന്ധിച്ച പ്രബന്ധം അവതരിപ്പിച്ചത് ഭരണങ്ങാനം സെറാഫിക് സെമിനാരിയിലെ ഫാ. ആദര്‍ശ് വടക്കേത്താണ്. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ സമകാലീന പ്രസക്തിയെപ്പറ്റി പോളിമര്‍ കെമിസ്ട്രി ശാസ്ത്രജ്ഞനായ ഡോ. സണ്ണി കുര്യാക്കോസും പ്രബന്ധം അവതരിപ്പിച്ചു.
ഇന്നലെ വൈകുന്നേരം വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ജപമാല പ്രദക്ഷിണവും നടത്തി. ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്കി.ജൂബിലി ദിവസമായ ഇന്നു രാവിലെ 11.30ന് വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ജൂബിലി സന്ദേശം നല്‍കും.
District News
അഞ്ചല്‍ : ആയൂര്‍ മാര്‍ത്തോമാ കോളജിലെ പോസ്റ്റ് ഗ്രാജുവേറ്റ് വകുപ്പ് കൊമേഴ്സ് വിഭാഗം നേതൃത്വം നല്കുന്ന നാലാമത് അന്തരാഷ്ട്ര സെമിനാര്‍ അഞ്ച്, ആറ് തീയതികളില്‍ നടക്കും.
പുതിയ തലമുറയിലെ വ്യാപാര സാമ്പത്തിക നിര്‍വഹണ രംഗങ്ങളിലെ നവീന പ്രവണതകള്‍ എന്ന വിഷയത്തിലാണ് ഈ വര്‍ഷത്തെ സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളത്. ദി ഇന്ത്യന്‍ അക്കൗണ്ടിംഗ് അസോസിയേഷന് കേരള ബ്രാഞ്ച്, ഇന്റർ നാഷണല്‍ സ്കില്‍ ഡവലപ്മെന്റ് കോര്പ്പറേഷന് യു കെ എന്നിവരുമായി സഹകരിച്ചാണ് സെമിനാര്‍ നടത്തുക.
അഞ്ചിന് രാവിലെ 10ന് തമിഴനാട് നൂറുല്‍ ഇസ്ലാം സെന്റര്‍ ഫോര്‍ ഹയര്‍ എഡ്യൂക്കേഷന്‍ പ്രൊ ചാന്‍സിലര്‍ ഡോ. എം. ഫൈസല്‍ ഖാന് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ആയൂര്‍ മാര്‍ത്തോമാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. ജേക്കബ് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സെക്ഷനില്‍ മാര്‍ത്തോമാ സഭ തിരുവനന്തപുരം കൊല്ലം ഭദ്രസനാധിപനും കോളജ് മാനേജരുമായ ഡോ. ഐസക്ക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പ മുഖ്യ പ്രഭാഷണം നടത്തും.
കേരള നിര്‍മിതി കേന്ദ്രം ഡയറക്ടര്‍ ഡോ. ഫെബി വര്‍ഗീസ്, ഇന്റർ നാഷണല്‍ സ്കില്‍ ഡവലപ്മെന്റ് കോര്പറേഷന് റീജണല്‍ ഹെഡ് ശരത് വേണുഗോപാല്‍, സെമിനാര്‍ ജനറല്‍ കണ്‍വീനര്‍ ഡോ. ബെന്സന് കുഞ്ഞ്കുഞ്ഞ് എന്നിവര്‍ പ്രസംഗിക്കും.
രാജ്യത്തിന് അകത്തും നിന്നും പുറത്തുനിന്നുമായി അക്കാദമിക് വിദഗ്ധര്‍, ഫാക്കല്‍റ്റി അംഗങ്ങള്‍, ഗവേഷകര്‍, പ്രഫഷണല്‍സ്, വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 350 ലധികം പേര് പങ്കെടുക്കുന്ന രാജ്യാന്തര സെമിനാറില്‍ ഇന്റർ നാഷണല്‍ സ്കില്‍ ഡവലപ്മെന്റ് കോര്പറേഷന് എക്സികുട്ടീവ് ഡയറക്ടര്‍ ത്രേസ ജേക്കബ്, ഫെഡറല്‍ ബാങ്ക് എക്സികുട്ടീവ് വൈസ് പ്രസിഡന്റ് ഇക്ബാല്‍ മനോജ്, തിരുനല്‍വേലി മനോന്മണിയം സുന്ദര്‍ യൂണിവേഴ്സിറ്റി പ്രഫ. ഡോ.പി. രവി, ഇന്ത്യന്‍ അക്കൗണ്ടിംഗ് അസോസിയേഷന് പ്രസിഡന്റ് ഡോ. ഗബ്രിയേല്‍ സൈമണ്‍ തട്ടില്‍, കേരള ഫിഷറീസ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ പ്രഫസര്‍ ഡോ. ബി. മധുസൂദനകുറുപ്പ്, ജമ്മു ആൻഡ് കശ്മീര്‍ കസ്റ്റര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.കെ.എസ്. ചന്ദ്രശേഖര്‍, ചെന്നൈ എസ്ആര്‍എം ഈശ്വരി എൻജിനിയറിംഗ് കോളജില്‍ നിന്നുള്ള ഡോ.എസ്. പുരുഷോത്തമന്, ചെന്നൈ ജെയിന് കോളജില്‍ നിന്നുള്ള ഡോ. കലൈശെല്‍വം, ചെന്നൈ ഹിന്ദു കോളജില്‍ നിന്നുള്ള ഡോ. ബി. കലൈരശന്‍, ഡോ.ആര്. രവി, നാട്ടിക എസ്എന്‍ കോളജില്‍ നിന്നുള്ള ഡോ. ശ്രീലാ കൃഷ്ണന, റാന്നി സെന്റ്തോമസ് കോളജില്‍ നിന്നുള്ള ഡോ.റോണി ജെയിന് രാജു എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് മുഖ്യവിഷയാവതരണം നടത്തും.
വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ ടെക്നിക്കല്‍ സെഷന്‍സ്, പാനല്‍ ചര്‍ച്ച, പേപ്പര്‍ പ്രസന്റേഷന് എന്നിവയും സെമിനാറിന്റെ ഭാഗമായി നടക്കും. ആറിന് വൈകുന്നേരം സെമിനാര്‍ സമാപിക്കുമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ആയൂര്‍ മാര്‍ത്തോമാ കോളജില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ.കെ. ജേക്കബ്, കണ്‍വീനര്‍ ഡോ.ബെന്സന് കുഞ്ഞുകുഞ്ഞ്, അഭിലാഷ് ഫിലിപ്, അര്‍ച്ചന രാമചന്ദ്രന് എന്നിവര്‍ അറിയിച്ചു.
District News
എടത്വ: കുട്ടനാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഗ്രന്ഥശാല സെമിനാറും ജനപ്രതിനിധികളെ ആദരിക്കലും വായനമത്സര വിജയികള്‍ക്കുള്ള സമ്മാനദാന വിതരണവും നടന്നു.
രാമങ്കരി ജുഡീഷൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് പി. അരുണ്‍ കുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ.കെ. ശശിധരന് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ റിപ്പബ്ലിക്കിന് നമ്മോടു പറയാനുള്ളത് എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ. ഗോപകുമാര്‍ വിഷയാവതരണം നടത്തി.
ചങ്ങനാശേരി എന്‍എസ്എസ് കോളജ് മുന്‍മലയാള വിഭാഗം മേധാവി ചര്‍ച്ച നയിച്ചു. കെ.ജി. മോഹനന്‍പിള്ള മോഡറേറ്ററായി പ്രവര്‍ത്തിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിൽ അംഗം ഹരീന്ദ്രനാഥ് തായങ്കരി, ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി അഡ്വ. ഐസക് രാജു, എസ്. ജതീന്ദ്രന്‍, ബി. രമേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വായന മത്സര വിജയികള്‍ക്കുള്ള സമ്മാനദാന വിതരണവും കൗണ്‍സില്‍ അംഗങ്ങളായ ജനപ്രതിനികള്‍ക്കുള്ള ആദരിക്കലും നടന്നു.
തുടര്‍ന്നു നടന്ന ശില്പശാല ജില്ലാലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി രഘുപ്രസാദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. കെ.ജി. മോഹനന് പിള്ള, മോളി അലക്സ് എന്നിവര്‍ പ്രസംഗിച്ചു.
NRI
റിയാദ്: കേളി കലാസ്കാരിക വേദിയുടെ 12-ാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി "അട്ടിമറിക്കപ്പെടുന്ന ജനാധിപത്യം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
സാംസ്കാരിക കമ്മിറ്റി അംഗം ഷബി അബ്ദുൾ സലാം മോഡറേറ്ററായ സെമിനാർ മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിൽ തെരഞ്ഞെടുക്കുന്ന സർക്കാരുകളെ പണാധിപത്യത്തിലൂടെ അട്ടിമറിക്കുന്നത് നാം നേരിൽ കണ്ടുകൊണ്ടിരിക്കുന്നു. ആഗോള തലത്തിലും സ്ഥിതി മറിച്ചല്ല.
ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തെ സാമ്രാജ്യത്വം തങ്ങളുടെ 51-ാം സംസ്ഥാനമാക്കുമെന്ന കാഴ്ചയും മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റിനെയും കുടുംബത്തേയും കള്ളക്കേസ് ചുമത്തി രാജ്യത്ത് കടന്നു കയറി പിടിച്ചു കൊണ്ടുപോകുന്നതും ഇത്തരത്തിലുള്ള അട്ടിമറികളുടെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണെന്നും ജോമോൻ സ്റ്റീഫൻ പറഞ്ഞു.
വിഭവ ചൂഷണ സാധ്യത ഇല്ലാത്തിടത്ത് കോർപ്പറേറ്റ് ശക്തികൾ തിരിഞ്ഞുനോക്കാറില്ലെന്നു പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് കേളി സാംസ്കാരിക കമ്മിറ്റി അംഗം സുധീർ പോരേടം അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾ മാത്രമല്ല പൗരന്റെ അവകാശങ്ങൾക്കുമേലുള്ള കടന്നു കയറ്റവും അടിച്ചമർത്തലുകളും ജനാധിപത്യ അട്ടിമറികളുടെ ഭാഗമാണെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കെഎംസിസി പ്രതിനിധി സിദ്ദീഖ് കോങ്ങാട്, കേരള പ്രവാസി കമ്മീഷൻ അംഗം എംഎം നയിം, ന്യൂ ഏയ്ജ് പ്രതിനിധി ഷാജഹാൻ, റിയാദ് മീഡിയ ഫോറം ജനൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, ഒഐസിസി പ്രതിനിധി അബ്ദുള്ള വല്ലാഞ്ചിറ, ഐഎംസിസി പ്രതിനിധി ഹാഷിം, കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിക്ക്, കുടുംബ വേദി സെക്രട്ടറി സീബാ കൂവോട്, എൻആർകെ കൺവീനർ സുരേന്ദ്രൻ കൂട്ടായ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ജോയിന്റ് സെക്രട്ടറി മധു ബാലുശേരി, രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ എന്നിവർ വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.
സാംസ്കാരിക കമ്മിറ്റി കൺവീനർ ഷാജി റസാഖ് സ്വാഗതവും കമ്മിറ്റി അംഗം നാസർ പട്ടാമ്പി നന്ദിയും പറഞ്ഞു.
District News
ചെർക്കള: മാർത്തോമ്മ ബധിര വിദ്യാലയത്തിൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സെമിനാറിന് തുടക്കമായി. ആശയവിനിമയ വൈകല്യങ്ങളുടെ ആദ്യകാല തിരിച്ചറിയലും ഇടപെടലും എന്ന വിഷയത്തിലുള്ള സെമിനാർ എൻ.എ. നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷി കുട്ടികളുടെ ഭാഷാപരമായ വളർച്ചയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാർത്തോമ്മസ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു ബേബി അധ്യക്ഷത വഹിച്ചു. മാർത്തോമ്മ കോളജ് ഓഫ് സ്പെഷ്യൽ എഡ്യുക്കേഷൻ ഡയറക്ടർ ഫാ. അനീഷ് തോമസ്, മുഖ്യാധ്യാപിക എസ്. ഷീല, ജിജുൽ വാസ് എന്നിവർ പ്രസംഗിച്ചു.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ ഇഗ്നേഷ്യസ്, ഡോ. ഗ്രേസ് സാറ, സിന്ധു, നദ ഫിറോസ്, ജവാദ്, നിധിഷ്, ഡോ. സോണി, ഡോ. മഹേഷ് എന്നിവർ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ക്ലാസെടുക്കും.
District News
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ ഫിസിക്സ് ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സെമിനാര്‍ നടന്നു. പ്രഫ. ഡോ. സാബു തോമസ് ഉദ്ഘാടനംചെയ്തു.
പ്രഫ.പി.ഐ. പോള്‍ യംഗ് ഫിസിക്സ് റിസര്‍ച്ചര്‍ അവാര്‍ഡ് പാലക്കാട് ഐഐടി അസോസിയേറ്റ് പ്രഫ. ഡോ. ജയകുമാര്‍ ബാലകൃഷ്ണനും പ്രഫ.പി.ഐ. പോളിനും ഗോള്‍ഡ് മെഡല്‍ എംഎസ്സി ഉയര്‍ന്നമാര്‍ക്ക് നേടിയ മുഹമ്മദ് അഫ്സലിനും നല്കി.
കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, ഫിസിക്സ് ഡിപ്പാര്‍ട്മെന്റ് മേധാവി പ്രഫ. ഡോ. സുധീര്‍ സെബാസ്റ്റ്യന്‍, കോ- ഓര്‍ഡിനേറ്റര്‍ ഡോ. എഡ്വിന് ജോസ് എന്നിവര്‍ സംസാരിച്ചു.
District News
പെരുമ്പാവൂർ: അപ്പോളോ അഡ്ലക്സ് ആശുപത്രി, ലയൺസ് ക്ലബ് ഒക്കൽ പെരിയാർ, വല്ലം സെന്റ് തെരേസാസ് ഫൊറോന ചർച്ച് വിൻസെന്റ് ഡി പോൾ സൊസൈറ്റി വല്ലം കോൺഫറൻസ്, ക്യാറ്റിക്കിസം ഡിപ്പാർട്ട്മെന്റ്, ഡിവൈൻ ഓഡിയോളജി ക്ലിനിക് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ മെഗാമെഡിക്കൽ ക്യാമ്പും സെമിനാറും വല്ലം ഫെറോന പള്ളിയിൽ സംഘടിപ്പിച്ചു. ഉദ്ഘാടനം വല്ലം ഫെറോന വികാരി ഫാ. സെബാസ്റ്റ്യൻ മാടശേരി നിർവഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് വർഗീസ് മൂലൻ അധ്യക്ഷതവഹിച്ചു.
പെരുമ്പാവൂർ സബ് ഇൻസ്പെക്ടർമാരായ വിനിൽ ബാബു, വിഷ്ണു മുരളി, ഡോ. ജോസഫ് തോട്ടപ്പിള്ളി, നിരഞ്ജന മോഹൻ, ഡോ. എൻ. നിഷാജ്, കെ.എസ്. സുമേഷ്, ഡാർവിൻ തോമസ്, സാന്ദ്ര മരിയ ജോസ്, ഇമ്മാനുവൽ. കെ. ജെ, ഷൈൻ തോമസ്, ബോബിൻ പാപ്പച്ചൻ, വർഗീസ് ചെട്ടിയകുടി, രഞ്ജി പെട്ടയിൽ, ഷിജു തോപ്പിലാൻ, സി.പി. യോഹന്നാൻ, പോൾ വെട്ടിക്കനാകുടി, ഡോ. വിനു വർഗീസ്, സാബു ചുള്ളി, ബേബി കിണാംചേരി, കെ.ഡി. ജോർജ്, ജോഷിബ ബേബി എന്നിവർ പ്രസംഗിച്ചു.
NRI
ഡാളസ്: ക്രിസ്ത്യൻ അപ്പോളജറ്റിക്സ് ഡാളസിന്റെ ആഭിമുഖ്യത്തിൽ "ഇന്ത്യയിലെ ക്രൈസ്തവർ: ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
വ്യാഴാഴ്ച രാത്രി ഏഴിന് ഡാളസ് സെന്റ് പോൾസ് മാർത്തോമ്മ ദേവാലയത്തിൽ നടന്ന പരിപാടിയിൽ പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ റവ. ഡോ. ജോൺസൺ തേക്കടയിൽ മുഖ്യ പ്രഭാഷണം നടത്തി.
ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ ചരിത്രപരമായ പശ്ചാത്തലവും വർത്തമാനകാല വെല്ലുവിളികളും സെമിനാറിൽ ചർച്ചയായി.
District News
ചിറ്റൂർ: ഗവ. കോളജ് സംഗീത വിഭാഗം, കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയസെമിനാറിന്റെ ഉദ്ഘാടനം വയലിൻ വിദ്വാൻ നെടുമങ്ങാട് ശിവാനന്ദൻ നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.ടി. റെജി അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ സംഗീതവിഭാഗം വകുപ്പധ്യക്ഷ ഡോ. കെ.ജി. ശ്രീജ, ഐക്യുഎസി കൺവീനർ എൻ.വി. വിജയകൃഷ്ണൻ, പിടിഎ സെക്രട്ടറി പി. സുരേഷ്, സിൻഡിക്കേറ്റ് അംഗം റിച്ചാർഡ് സ്കറിയ, മ്യൂസിക് അലുംനി അസോസിയേഷൻ സെക്രട്ടറി രവീന്ദ്രൻ ആച്ചനത്, യൂണിയൻ പ്രതിനിധി ആർദ്ര, വകുപ്പധ്യാപകൻ ജെ. മേനോൻ പ്രസംഗിച്ചു. നെടുമങ്ങാട് ശിവാനന്ദൻ, ഡോ.വി. സിന്ധു എന്നിവരുടെ വയലിൻ കച്ചേരിയും ഉണ്ടായിരുന്നു.
NRI
കാൽഗറി : ഇന്ത്യ അമേരിക്കൻ പ്രസ് ക്ലബ് (IAPC ) ആൽബെർട്ട ചാപ്റ്റർ സംഘടിപ്പിച്ച വായനക്കാർ എഴുത്തുകാരെ എങ്ങനെ കാണുന്നു (How Readers See Writers ) എന്ന സെമിനാർ പ്രഫ. ഡോ. യു. നന്ദകുമാർ നയിച്ചു
1891 ൽ പ്രസിദ്ധീകരിച്ച സി .വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന സാഹിത്യസൃഷ്ടി മുതൽ 2024 ൽ പ്രസിദ്ധീകരിച്ച റിച്ചഡ് പവേർസിന്റെ പ്ലേ ഗ്രൗണ്ട് എന്ന ,ന്യൂ ജെൻസീ ജനറേഷൻ വരെയുള്ള സാഹിത്യസൃഷ്ടിയെവരെ പരാമർശിച്ച സെമിനാർ എല്ലാവരെയും ആകർഷിച്ചു.
പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകനും ചിന്തകനുമായ പ്രഫ. ഡോ. യു. നന്ദകുമാർ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ(KSSP) മുഖ്യ നേതൃത്വത്തിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട് ചാപ്റ്റർ പ്രസിഡന്റ് ഡോക്ടർ സിനി ജോൺ സദസിന്, പ്രഫ. ഡോ. യു. നന്ദകുമാറിനെ പരിചയപ്പെടുത്തി . നോബിൾ അഗസ്റിൻ സെമിനാറിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
NRI
കാൽഗറി: ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് (ഐഎപിസി) ആൽബെർട്ട ചാപ്റ്റർ സംഘടിപ്പിക്കുന്ന വായനക്കാർ എഴുത്തുകാരെ എങ്ങനെ കാണുന്നു (How Readers See Writers) എന്ന സെമിനാർ പ്രഫ. ഡോ. യു. നന്ദകുമാർ നയിക്കുന്നു. അദ്ദേഹം മുൻ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ പ്രഫസറാണ്.
കേരളത്തിലെ ജനശാസ്ത്ര പ്രസ്ഥാനത്തിനും സാമൂഹിക ബോധവത്കരണ പ്രവർത്തനങ്ങൾക്കും അസാധാരണ സംഭാവന നൽകിയ പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകനും ചിന്തകനുമായ നന്ദകുമാർ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ (കെഎസ്എസ്പി) മുഖ്യ നേതൃത്വത്തിൽ ദീർഘകാലം പ്രവർത്തിച്ച് ശാസ്ത്രബോധം, യുക്തിചിന്ത, സാമൂഹിക ഉത്തരവാദിത്തം എന്നിവ ജനങ്ങളിൽ വളർത്താൻ ജീവിതം സമർപ്പിച്ച വ്യക്തിയാണ്.
ശനിയാഴ്ച രാവിലെ എട്ടിന് (എംഎസ്ടി) (ഇന്ത്യൻ സമയം രാത്രി 8.30ന്) ഓൺലൈനിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന സൂം ലിങ്ക് ഉപയോഹിക്കുക.
https://us06web.zoom.us/j/83385612749?pwd=2uF4TfKdUbaJcbMqlO3t1RsYpEY6H0.1. മീറ്റിംഗ് ഐഡി: 833 8561 2749, പാസ്കോഡ്: 523973.
NRI
ഫിലഡൽഫിയ: ഗുഡ് സമരിറ്റൻ കമ്യൂണിറ്റി സ്നേഹതീരവും സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചും സംയുകതമായി "ഹൃദയരോഗങ്ങളും പ്രതിവിധികളും' എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു.
ഡോ. ജിക്കു സക്കറിയയും ഡോ. ഷില്ല സക്കറിയയും ക്ലാസുകൾ നയിച്ചു. റവ.ഫാ. എം.കെ. കുര്യാക്കോസ്, റവ.ഫാ. സുജിത്ത് തോമസ് എന്നിവർ പങ്കെടുത്തു. ഫിലഡൽഫിയ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ഹാളിലാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.
ഇന്ന് സമൂഹത്തിൽ അപകടകരമായ രീതിയിൽ വർധിച്ചുവരുന്ന ഹൃദയ സംബദ്ധമായ അസുഖത്തിനെതിരേ വളരെയധികം പുത്തൻ അറിവുകളും അവയ്ക്കുള്ള പ്രതിവിധികളും വിശദമാക്കുന്ന സ്ലൈഡ് ഷോയും ഈ ക്ലാസിന്റെ പ്രത്യേകതയായിരുന്നു.
സെന്റ് തോമസ് പള്ളിയിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം ക്ലാസ് ഇൻവിറ്റേഷൻ റെച്ചേൽ ഡേവിഡ്, ലിസ ജോൺ, എഞ്ചലീൻ മാത്യു, മാത്യൂസ് വർഗീസ് എന്നിവർ നടത്തി.
നിരവധി പേർ ക്ലാസിൽ പങ്കെടുത്തു. റവ ഫാ. എം കെ കുറിയാക്കോസ് ക്ലാസ് ഉദ്ഘാടനം ചെയ്തു. രാജു ശങ്കരത്തിൽ സ്വാഗതം പറഞ്ഞു. ജെസി മാത്യു നന്ദി പ്രകാശിപ്പിച്ചു.
NRI
ലണ്ടൻ: യുകെയിലെ സ്ഥിരതാമസ യോഗ്യതയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, സ്കിൽഡ് വർക്കർ വീസയിലുള്ള മലയാളികളുൾപ്പെടെയുള്ള കുടിയേറ്റക്കാരെ നേരിട്ട് ബാധിക്കുന്ന സാഹചര്യത്തിൽ, പൊതുസമൂഹത്തിൽ ഉയരുന്ന ആശങ്കകൾ പരിഹരിക്കാനും വ്യക്തത കൈവരിക്കുന്നതിനുമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു.
യുകെയിൽ അനിശ്ചിതമായി താമസിച്ച് ജോലി ചെയ്യാനുമുള്ള അവകാശവും ഒരു വർഷത്തിനുശേഷം ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കാനുള്ള യോഗ്യത തുടങ്ങിയ സമാന അവകാശങ്ങൾ തടയുകയും വിസകൾ പുതുക്കുന്നതിന് വരുത്തുന്ന നിയന്ത്രങ്ങൾ എന്നീ കുടിയേറ്റ നിയമത്തിലെ പുതിയ നയങ്ങൾ ഏറെ സ്വപ്നങ്ങളുമായി എത്തിയവരുടെമേൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും.
പുതിയ നിർദേശങ്ങൾ പ്രകാരം ഐഎൽആർ ലഭിക്കുന്നതിനുള്ള നിലവിലെ അഞ്ച് വർഷത്തെ കാലാവധി 10 വർഷമോ, അതിലധികമോ ആയി ഉയർത്തപ്പെടുവാൻ സാധ്യതയുള്ളതിനാൽ, വ്യാപകമായ ആശങ്കകളും ആശയക്കുഴപ്പങ്ങളും കുടിയേറ്റക്കാർക്കിടയിൽ ഉയർന്നിട്ടുണ്ട്.
സർക്കാരിന്റെ കൺസൾട്ടേഷൻ ഉടൻ പുറത്തുവരാനിരിക്കുന്നതോടെ സമൂഹത്തെ ബോധവത്കരിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുവാൻ പ്രോത്സാഹിപ്പിക്കുന്നതിനുമായി യുകെയിലെ സാമൂഹിക - രാഷ്ട്രീയ - നിയമ മേഖലയിലെ പ്രമുഖരെ അണിനിരത്തിക്കൊണ്ടാണ് ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നത്.
വിദഗ്ധരും നിയമപണ്ഡിതരുമായ പാനലിസ്റ്റുകളാവും സെമിനാർ നയിക്കുക. കേംബ്രിഡ്ജ് പാർലിമെന്റ് മെമ്പർ ഡേവീസ് സെയ്ച്ചനർ, മുൻ കേംബ്രിഡ്ജ് മേയറും, ഐഒസി ലീഗൽ അഡ്വൈസറുമായ അഡ്വ. കൗൺസിലർ ബൈജു തിട്ടാല, കൗൺസിലർ ബേത് ഗാർഡിനെർ സ്മിത്ത്, (സീനിയർ പോളിസി അസോസിയേറ്റ്, ഫ്യൂച്ചർ ഗവേണൻസ് ഫോറം) തുടങ്ങിയ പ്രമുഖരാവും സെമിനാറിന്റെ പാനലിലുണ്ടാവുക.
ഓൺലൈൻ സെമിനാറിൽ പ്രധാനമായും പുതിയ ഐഎൽആർ/പിആർ നിർദേശങ്ങളുടെ സംക്ഷിപ്ത വിശദീകരണം, സ്കിൽഡ് വർക്കർ, ഹെൽത്ത് & കെയർ വർക്കർ, ആശ്രിതർ എന്നിവരെ പുതിയ നിയമത്തിൽ എങ്ങനെ ബാധിക്കപ്പെടും, കൺസൾട്ടേഷനിൽ അഭിപ്രായം രേഖപ്പെടുത്തുന്ന മാർഗങ്ങൾ, നിയമ-രാഷ്ട്രീയ തലത്തിലുള്ള നടപടികൾ, അവ എങ്ങിനെ ശക്തവും, ശ്രദ്ധേയവുമായി പാർലിമെന്റിൽ എത്തിക്കാം എന്നീ വിഷയങ്ങളിലാവും മുഖ്യമായും സെമിനാറിൽ പ്രദിപാദിക്കുക.
ഞായറാഴ്ച വൈകുന്നേരം 3.30ന് സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്ന സുപ്രധാനമായ സെമിനാറിൽ പങ്കുചേരുവാനും അടിയന്തിര പ്രാധാന്യത്തോടെ സംഘടിപ്പിക്കുന്ന പ്രസ്തുത മീറ്റിംഗിനെ പരമാവധി ആൾക്കാരിലെത്തിക്കുവാനും ആശങ്കകളിലായിരിക്കുന്ന സഹോദരങ്ങൾക്ക് കൈത്താങ്ങാകുവാൻ യുകെയിൽ സ്ഥിരതാമസമാക്കിയിട്ടുള്ളവരുടെ നിർലോഭമായ പിന്തുണ അഭ്യർഥിക്കുന്നതായും സംഘാടകർ അറിയിച്ചു.
NRI
ഡാളസ്: അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ ഏകദിന സ്പെഷ്യൽ മീറ്റിംഗ് ശനിയാഴ്ച രാവിലെ 10 മുതൽ കരോൾട്ടണിലുള്ള ട്രൂ ലൈഫ് അസംബ്ലി ഓഫ് ഗോഡ് (2405 E. Beltline Road, Carrollton, TX 75006) സഭാ മന്ദിരത്തിൽ നടക്കും.
പാസ്റ്റർ ജെസ്റ്റിൻ സാബു, ഡോ. കോശി വൈദ്യൻ എന്നിവർ തിരുവചന പ്രഭാഷണം നടത്തും. ഈ ആത്മിക കൂടി വരവിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ റോയി തോമസ് - 972 983 4698, ഷാജു ഏബ്രഹാം - 469 441 0042.
Kerala
തൃശൂർ: സാംസ്കാരികവകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘വിഷൻ 2031 - സാംസ്കാരികരംഗത്തെ ഭാവികേരള ലക്ഷ്യങ്ങൾ’ സംസ്ഥാന സെമിനാർ മൂന്നിന് കേരള സംഗീതനാടക അക്കാദമിയിലെ കെ.ടി. മുഹമ്മദ് തിയറ്ററിൽ നടക്കും.
രാവിലെ പത്തിന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.11.30 നു നടക്കുന്ന സെമിനാറിൽ കെ.ഇ.എൻ. കുഞ്ഞഹമ്മദ്, സ്വാമി സന്ദീപാനന്ദഗിരി, പ്രഫ.എം.എം. നാരായണൻ, ഡോ. അനിൽ ചേലേമ്പ്ര എന്നിവർ പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് 2.30ന് ‘കേരളം ഇന്നലെ ഇന്ന് നാളെ - നവോത്ഥാനത്തിൽനിന്ന് നവകേരളത്തിലേക്ക് ജനകീയ സർക്കാരുകളുടെ സംഭാവനകൾ’ എന്ന വിഷയത്തിൽ സെമിനാർ നടത്തും.
District News
കൊച്ചി: വൈക്കം, ചേര്‍ത്തല മേഖലകളിലെ നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള, പഠനത്തില്‍ സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്കായി എറണാകുളം-അങ്കമാലി അതിരുപത സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ നടപ്പാക്കി വരുന്ന വിദ്യാദര്‍ശന്‍ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.
പൊന്നുരുന്നി കാര്‍ഡിനല്‍ പാറേക്കാട്ടില്‍ ഓഡിറ്റോറിയത്തില്‍ സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജര്‍മനി ആസ്ഥാനമായ റേ ഓഫ് ഹോപ് ചില്‍ഡ്രന്‍സ് ഫൗണ്ടേഷന് ഫൗണ്ടര്‍ ചെയര്മാന് ഫാ. തോമസ് മുട്ടം ഉദ്ഘാടനം ചെയ്തു.
റേ ഓഫ് ഹോപ് ചില്‍ഡ്രന്‍സ് ഫൗണ്ടേഷന് ബോര്‍ഡ് അംഗങ്ങളായ സൂസന്നെ, ബെറ്റിന, സ്റ്റെഫി, ഫ്രാങ്ക് എന്നിവര്‍ കുട്ടികളുമായി സംവാദം നടത്തി. സഹൃദയ അസി. ഡയറക്ടര്‍ ഫാ. സിബിന് മനയംപിള്ളി സെമിനാര്‍ നയിച്ചു. പ്രോഗ്രാം ഓഫീസര്‍ കെ.ഒ. മാത്യൂസ്, കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജൂലി, അനഘ ജോബി എന്നിവര്‍ സംസാരിച്ചു.
NRI
ഡബ്ലിൻ: ലിറ്റർജി ആൻഡ് ബൈബിൾ അപ്പോസ്റ്റലേറ്റ് ഡിപ്പാർട്ടുമെന്റുകളുടെ നേതൃത്വത്തിൽ ഈ മാസം 18ന് "TIBERIAS' എന്ന പേരിൽ വിശുദ്ധ കുർബാനയെ കുറിച്ചുള്ള ഏകദിന സെമിനാർ നടക്കും.
ഡബ്ലിൻ റിയാൾട്ടോ അവർ ലേഡി ഓഫ് ദ ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിലാണ് സെമിനാർ. രാവിലെ 10 മുതൽ മൂന്നു വരെയാണ് പരിപാടി. ഫാ. വിനു പുള്ളിഞ്ചുവള്ളിൽ, ഫാ. സെബാൻ വെള്ളമാത്തറ എന്നിവർ നേതൃത്വം നൽകും.
സാക്രിസ്റ്റീൻസ്, കോയർ മെംബേർസ്, ആൽട്ടർ സെർവേഴ്സ് അനിമേട്ടേഴ്സ്, യൂകരിസ്റ്റിക് മിനിസ്റ്റേഴ്സ്, കാറ്റകിസം ടീച്ചേർസ്, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർക്കായാണ് സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്.
പങ്കെടുക്കുന്ന എല്ലാവരും പിഎംഎസ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
NRI
ഫിലഡല്‍ഫിയ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) എന്ന വിഷയത്തെ ആസ്പദമാക്കി പമ്പ മലയാളി അസോസിയേഷന് സംഘടിപ്പിച്ച സെമിനാര്‍ വിജ്ഞാനപ്രദമായി. പമ്പ കമ്യൂണിറ്റി സെന്ററില്‍ നടന്ന സെമിനാറില്‍ പമ്പ പ്രസിഡന്റ് ജോണ്‍ പണിക്കര്‍ സ്വാഗതം പറഞ്ഞു.
നിർമിത ബുദ്ധി എന്താണ്, എങ്ങനെ പ്രവര്‍ത്തിക്കുന്നു, അനുദിന ജീവിതത്തിലുള്ള പ്രയോജനങ്ങള്‍, എങ്ങനെ ഉപയോഗിക്കാം, ചതിക്കുഴികള്‍ തുടങ്ങിയ കാര്യങ്ങളിൽ സംശയനിവാരണം നടത്താൻ സെമിനാർ സഹായകമായി.
യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയ ആശുപത്രിയിലെ ഐടി വിദഗ്ധന്‍ ഡോ. ഈപ്പന് ഡാനിയേല്‍ മെഡിക്കല്‍ രംഗത്ത് രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും നിര്‍മിത ബുദ്ധി എങ്ങനെ ഉപയോഗിക്കാമെന്നും അതിന്റെ നേട്ടങ്ങളും വിശദീകരിച്ചു.
NRI
റിയാദ്: കേളി കലാ സാംസ്കാരിക വേദി നസീം ഏരിയ സമ്മേളനത്തിനു മുന്നോടിയായി സമ്മേളന സംഘാടക സമിതി "മരണം കൊയ്യുന്ന സമരാഭാസങ്ങൾ' എന്ന ശീർഷകത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ഏരിയ കമ്മിറ്റിയംഗം സഫറുദീൻ മോഡറേറ്ററായി ആരംഭിച്ച സെമിനാറിൽ കേന്ദ്ര കമ്മിറ്റിയംഗം ഹാരിസ് സ്വാഗതം പറഞ്ഞു. പ്രബന്ധം ഏരിയ കമ്മിറ്റിയംഗം വിനോദ് കുമാർ അവതരിപ്പിച്ചു. മുഖ്യപ്രഭാഷണം കേളി കേന്ദ്ര സാംസ്കാരിക കമ്മിറ്റി കൺവീനർ ഷാജി റസാഖ് നടത്തി.
വിഷയത്തിന്റെ സത്തയുൾക്കൊണ്ട് ഏരിയ പ്രസിഡന്റ് ഉല്ലാസൻ, ജോയിന്റ് സെക്രട്ടറിമാരായ മുഹമ്മദ് നൗഫൽ, ഗിരീഷ്കുമാർ, ഏരിയ രക്ഷാധികാരി അംഗങ്ങളായ കെ.ഇ. ഷാജി, രവീന്ദ്ര നാഥൻ, ഹരികുമാർ, ഏരിയ കമ്മിറ്റിയംഗങ്ങൾ, വിവിധ യൂണിറ്റുകളിലെഅംഗങ്ങളടക്കം 22 പേർ ചർച്ചയിൽ പങ്കെടുത്തു.
ചർച്ചകൾ ഉപസംഹരിച്ചു കൊണ്ട് മോഡറേറ്റർ സംശയ നിവാരണവും നടത്തി. കേളികേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ മധു പട്ടാമ്പി, കേന്ദ്ര കമ്മിറ്റിയംഗം ബിജി തോമസ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സജീവ് സെമിനാറിന് നന്ദി പറഞ്ഞു.
NRI
റിയാദ്: കേളി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ബദിയ ഏരിയയുടെ ഏഴാമത് സമ്മേളനത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. "നവകേരളം വികസന വഴികളിലൂടെ' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഏരിയ രക്ഷാധികാരി സമിതി അംഗം പി.കെ. ഷാജി മോഡറേറ്ററായി.
കേളി ട്രഷററും രക്ഷാധികാരി സമിതി അംഗവുമായ ജോസഫ് ഷാജി സെമിനാർ ഉദ്ഘാടനം ചെയ്തു. ഏരിയ സാംസ്കാരിക കമ്മിറ്റി കൺവീനർ നിസാം പത്തനംതിട്ട വിഷയത്തെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിച്ചു.
ഇടതുപക്ഷം വിഭാവനം ചെയ്യുന്ന നവകേരളം എന്ന വികസന മാതൃക, വിവിധ പദ്ധതികളിലൂടെ ലക്ഷ്യപ്രാപ്തിയിലേക്ക് കുതിക്കുകയാണെന്ന് സെമിനാർ വിലയിരുത്തി. ജാർനെറ്റ് നെൽസൺ, പ്രസാദ് വഞ്ചിപ്പുര, സരസൻ, ജയൻ ആർ, ജയൻ ഹിലാൽ, ധർമ്മരാജ്, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
കേളി രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത്, ഏരിയ രക്ഷാധികാരി സെക്രട്ടറി റഫീഖ് പാലത്ത്, കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ, കുടുംബ വേദി അംഗം രജിഷ നിസാം, ഏരിയ പ്രസിഡന്റ് കെ.വി. അലി, ഏരിയ ട്രഷറർ മുസ്തഫ വളാഞ്ചേരി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.
ഏരിയാ സെക്രട്ടറി കിഷോർ ഇ. നിസാം സ്വാഗതവും മോഡറേറ്റർ നന്ദിയും പറഞ്ഞു.