ട്രെയിൻ യാത്രക്കിടെ മലയാളി യുവതിക്ക് ദുരനുഭവം: റിസർവ് ചെയ്ത സീറ്റിൽ അതിക്രമിച്ചു കയറി യാത്രക്കാർ
Tuesday, October 14, 2025 1:46 PM IST
കേരളത്തിൽ നിന്നും വാരണാസിയിലേക്കുള്ള ട്രെയിൻ യാത്രയിൽ മലയാളി യുവതിക്ക് നേരിടേണ്ടിവന്ന ദുരനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. യുവതി റിസർവ് ചെയ്ത സീറ്റിൽ മറ്റാളുകൾ കൂട്ടത്തോടെ കയറി തിങ്ങിനിറഞ്ഞ കാഴ്ചയും യുവതിയുടെ പരാതിയുമാണ് വീഡിയോയിലുള്ളത്.
ഈ വീഡിയോ ഇതിനോടകം തന്നെ 23 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയിരിക്കുകയാണ്. സന്തോഷത്തോടെ തുടങ്ങി ദിവസങ്ങളോളം നീണ്ട യാത്ര, ഒരു പേടിസ്വപ്നമായി മാറിയതെങ്ങനെയെന്ന് യുവതി വീഡിയോയിലൂടെ തുറന്നു പറയുന്നുണ്ട്.
യുവതി യാത്രാ ടിക്കറ്റ് റിസർവ് ചെയ്തിരുന്നെങ്കിലും, ട്രെയിൻ വടക്കൻ സംസ്ഥാനങ്ങളിലേക്ക് പ്രവേശിച്ചതോടെ റിസർവ് ചെയ്ത കോച്ചുകളിലേക്ക് മറ്റ് യാത്രികർ ബലം പ്രയോഗിച്ച് പ്രവേശിക്കാൻ തുടങ്ങി. താൻ കിടന്നുകൊണ്ടിരുന്ന സീറ്റ് പോലും ആളുകൾ കൈവശപ്പെടുത്താൻ ശ്രമിച്ചതായി യുവതി വീഡിയോയിൽ പറയുന്നു.
റെയിൽവേ ഗാർഡുകളോടും റെയിൽ സേവ സംവിധാനത്തോടും തുടർച്ചയായി പരാതിപ്പെട്ടെങ്കിലും ഫലപ്രദമായ ഒരു സഹായവും അവരുടെ ഭാഗത്തുനിന്നും ലഭിച്ചില്ല. ഇതോടെ നിരാശയിലും ദേഷ്യത്തിലുമായ യുവതി, തനിക്ക് നേരിടേണ്ടിവന്ന ദുരിതം വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ട്രെയിനിൽ കയറിയപ്പോൾ തനിക്ക് സീറ്റിൽ സുഖമായി കിടക്കാൻ സാധിച്ചിരുന്നു. പോകെ, പോകെ രാത്രിയിൽ തന്റെ സീറ്റിലേക്ക് ആളുകൾ ഇരച്ചുകയറുകയും അതിലൊരാൾ തന്നോട് ചേർന്ന് കിടക്കാൻ ശ്രമിച്ചത് ഏറെ അസ്വസ്ഥതയുണ്ടാക്കിയെന്നും യുവതി വെളിപ്പെടുത്തി.
ഇത് ചോദ്യം ചെയ്തപ്പോൾ അയാൾ മാറിയെന്നും യുവതി കൂട്ടിച്ചേർത്തു. തൊട്ടുപിന്നാലെ ഒരു സ്ത്രീയും കുട്ടികളുമടങ്ങുന്ന നാലംഗ കുടുംബം സീറ്റ് പൂർണമായും കൈവശപ്പെടുത്തിയിരുന്നത് കാരണം തനിക്ക് ഇരിക്കാൻ പോലും സാധിക്കാതെ വന്ന സാഹചര്യവും യുവതി പങ്കുവെച്ചു.
നിരന്തരമായുള്ള പരാതികൾക്കൊടുവിൽ യുവതിക്ക് മുകളിലെ ബർത്തിലേക്ക് സീറ്റ് മാറ്റി കിട്ടിയെങ്കിലും സുരക്ഷിതത്വമില്ലായ്മ തുടർന്നു. പാതിരാത്രിയിൽ ഒരാൾ തന്റെ സീറ്റിന്റെ അറ്റത്ത് വന്ന് ഇരിക്കുന്ന ദൃശ്യവും യുവതി പുറത്തുവിട്ടു.
"കേരളം വിട്ട് യാത്ര ചെയ്യുമ്പോൾ എന്തിനും തയ്യാറായിരിക്കണം. ഒരു പരിധി വരെ ഉൾക്കൊള്ളാൻ കഴിയും, പക്ഷേ എനിക്ക് മറ്റെന്താണ് ചെയ്യാൻ സാധിക്കുക? ഒന്നും മാറാൻ പോകുന്നില്ല,' എന്ന നിസഹായതയോടെയാണ് യുവതി ഈ വീഡിയോ പങ്കുവെച്ചത്.
"ഞാൻ പൂർണമായും പുരുഷന്മാരെ കുറ്റപ്പെടുത്തുന്നില്ല, അവർക്ക് മോശം ഉദ്ദേശങ്ങൾ ഉണ്ടായിരിക്കണമെന്നില്ല. ചിലർ എന്നെ തുറിച്ചുനോക്കുന്നുണ്ടെങ്കിലും, ചിലരുടെ യഥാർത്ഥ ദുരവസ്ഥയും എനിക്ക് കാണാൻ കഴിഞ്ഞു. അവർ മോശമായത് ഉദ്ദേശിക്കുന്നില്ലായിരിക്കാം, എന്നാൽ അവരുടെ സാന്നിധ്യവും ശരീരഭാഷയും ശ്രദ്ധയില്ലാത്ത പെരുമാറ്റവും എന്നെ അസ്വസ്ഥമാക്കുന്നു.
പണം കൊടുത്ത് സ്വന്തം സീറ്റ് ബുക്ക് ചെയ്തതുകൊണ്ട് എനിക്ക് ചോദ്യം ചെയ്യാൻ അവകാശമുണ്ട്', വീഡിയോയുടെ അടിക്കുറിപ്പിൽ യുവതി കുറിച്ചു. യുവതിയെ അനുകൂലിച്ചും തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരിതങ്ങൾ പങ്കുവച്ചും നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.
കേരളം കഴിഞ്ഞാൽ സിസ്റ്റം മാറുമെന്നും നോർത്തിലുള്ളവർ സാമാന്യബോധവും മര്യാദയും ഇല്ലാത്തവരാണെന്നും പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നും ഇതുപോലെ നിരവധി പരാതികൾ ദിനംപ്രതി നടക്കുന്നുണ്ടെന്നുമെല്ലാം ആളുകൾ അഭിപ്രായപ്പെട്ടു.
യുവതിക്ക് യാത്രക്കിടയിൽ അനുഭവിക്കേണ്ടിവന്ന ഈ ദുരിതം, ഇന്ത്യൻ ട്രെയിനിലെ യാത്രാ സുരക്ഷിതത്വമില്ലായ്മയുടെയും റിസർവ് ചെയ്ത കോച്ചുകളിലെ അനധികൃതമായ തിരക്കിന്റെയും യഥാർത്ഥ ചിത്രം വരച്ചുകാട്ടുന്നു. റെയിൽവേ അധികൃതർ ഈ വിഷയത്തിൽ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്.