മിനോയൺസിന്റെ വലിയൊരു ശേഖരം; തേടിയെത്തിയത് ഗിന്നസ് റിക്കാർഡ്
Saturday, May 10, 2025 10:48 AM IST
ഓരോരുത്തർക്കും ഇഷ്ടമുള്ള പലതുമുണ്ടാകും. ചിലർക്ക് ചിലതിനോടുള്ള ഇഷ്ടം കൂടിഎന്താണ് ചെയ്യേണ്ടതെന്നു പോലും അറിയാത്ത അവസ്ഥ. ഇങ്ങനെയുള്ളവർ ഇഷ്ടപ്പെട്ടത് എവിടെ കണ്ടാലും ശ്രദ്ധിക്കും അത് ശേഖരിക്കും. ഇങ്ങനെ മിനിയോൺസിനോടുള്ള ഇഷ്ടം മൂത്ത് ഓസ്ട്രേലിയൻ വനിതയായ ലൈസൽ ബെനെക്കെ നേടിയത് ഗിന്നസ് റിക്കാർഡാണ്.
ഏറ്റവും വലിയ മിനിയോൺസ് ശേഖരമാണ് ഗിന്നസ് വേൾഡ് റിക്കാർഡിന് അവരെ അർഹയാക്കിയത്. കഴിഞ്ഞ 15 വർഷത്തിനിടെ, ലൈസൽ 1,035 മിനിയൻസ് പ്രമേയമുള്ള ഇനങ്ങളാണ് ശേഖരിച്ചത്. മിനിയോൺസ് എന്നത് ലൈസലിന് വെറുമൊരു ഹോബിയേക്കാൾ വലിയ ഇഷ്ടമാണ്.
അവ ശേഖരിക്കുന്നത് അവളുടെ ജീവിതശൈലിയായി മാറിയിരിക്കുന്നു. മിനിയോൺസ് പ്രമേയമുള്ള വസ്ത്രങ്ങൾ മുതൽ മിനിയോൺസ് ടാറ്റൂ വരെ അങ്ങനെ അങ്ങനെ കഥാപാത്രങ്ങളോടുള്ള അവളുടെ സ്നേഹം എല്ലായിടത്തും ഉണ്ട്. ലൈസലിന്റെ സ്വീകരണമുറി, അടുക്കള, കുളിമുറി എന്നിവയെല്ലാം മിനിയോൺസ് അലങ്കാരങ്ങൾ കൊണ്ടാണ് ഭംഗിയാക്കിയിരിക്കുന്നത്. മിനിയോൺസ് കാർഡുകളുടെ ശേഖരം വളരെ കൂടുതലായതിനാൽ ഇതെല്ലാം സൂക്ഷിക്കാൻ മറ്റൊരു വീട് ആവശ്യമാണെന്നാണ് ലൈസൽ പറയുന്നത്.
ട്രാഫിക് ലൈറ്റുകളിൽ ശ്രദ്ധ ആകർഷിക്കുകയും പുഞ്ചിരി വിടർത്തുകയും ചെയ്യുന്ന മിനിയോൺസ് ഉപയോഗിച്ചാണ് ലൈസൽ തന്റെ കാറിന്റെ പിൻഭാഗം പോലും അലങ്കരിച്ചിരിക്കുന്നത്. സഹപ്രവർത്തകരാകട്ടെ അവളെ "മിനിയോൺ ലേഡി" എന്നാണ് വിളിക്കുന്നത്.
എവിടെയെങ്കിലും ഒരു മിനയോണിനെ കണ്ടാൽ വിലപോലും നോക്കാതെയാണ് അവൾ അതു വാങ്ങി കൂട്ടുന്നത്. അവളുടെ പ്രിയപ്പെട്ട ഒന്നാണ് കുസൃതി നിറഞ്ഞ, ഒറ്റക്കണ്ണുള്ള മിനിയൻ സ്റ്റുവർട്ട്. ലൈസൽ തന്റെ കൈയിൽ സ്റ്റുവർട്ടിന്റെ ടാറ്റൂ പോലും ചെയ്തിട്ടുണ്ട്. മാത്രവുമല്ല പലപ്പോഴും അവളുടെ യാത്രകൾക്കൊപ്പം അവനേയും കൊണ്ടുപോകാറുണ്ട്.
ഗിന്നസ് റിക്കാർഡ് കിട്ടിയതിന്റെ ആഘോഷത്തിനായി അവൾ അടുത്തിടെ ഒരു സ്വരോവ്സ്കി ക്രിസ്റ്റൽ മിനിയോണിനെയാണ് വാങ്ങിച്ചത്. മിനിയൻസിനോടുള്ള ലീസലിന്റെ സ്നേഹം ആരംഭിച്ചത്, അവൾ കുട്ടികളോടൊപ്പം ഡെസ്പിക്കബിൾ മി എന്ന സിനിമകൾ കണ്ടപ്പോഴാണ്. അതിലെ കഥാപാത്രങ്ങൾ അവളെ വളരെയധികം ചിരിപ്പിച്ചു. അങ്ങനെ അവൾ മിനിയോൺസ് ഉത്പന്നങ്ങൾ ശേഖരിക്കാൻ തുടങ്ങി.
2018-ൽ സിംഗപ്പൂരിലേക്കുള്ള ഒരു ജന്മദിന യാത്രയ്ക്കിടെ, മിനിയോൺസ് ലാൻഡിൽ 400 ഡോളർ ചെലവഴിച്ച്, അവളുടെ ശേഖരത്തിലേക്ക് ചേർക്കാൻ വിവിധ ഇനങ്ങൾ വാങ്ങി. വർഷങ്ങളായി അവളുടെ അഭിനിവേശത്തെ കുട്ടികളും പിന്തുണക്കുന്നുണ്ട്.