തിരക്കേറിയ ഫ്രീവേയിൽ താറാവുകൾക്കായി "ബ്രേക്ക്'; ആറ് കാറുകൾ കൂട്ടിയിടിച്ചു
Saturday, October 11, 2025 12:51 PM IST
ഓസ്ട്രേലിയയിലെ പെർത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ക്വിനാന ഫ്രീവേയിൽ കണ്ട കാഴ്ച, തിരക്കിട്ട നഗരജീവിതത്തിനിടയിലും മനുഷ്യർക്കിടയിൽ അവശേഷിക്കുന്ന മനുഷ്യത്വത്തിന്റെ നേർചിത്രമായി. കാനിംഗ് ഹൈവേയ്ക്ക് സമീപം കോമോയിൽ, ഹൈവേ മുറിച്ചുകടക്കാൻ ശ്രമിച്ച താറാവ് കൂട്ടത്തിന് വേണ്ടി തിരക്കേറിയ ഫ്രീവേയിൽ ഗതാഗതം പൂർണമായും നിലച്ചു.
രാവിലെ തിരക്കുള്ള സമയത്ത്, മൂന്ന് വരികളുള്ള ഹൈവേയിലൂടെ ഒരു കൂട്ടം താറാവുകൾ മെല്ലെ നടന്നുനീങ്ങുന്നത് കണ്ടതോടെ, മുൻനിരയിലെ വാഹനങ്ങൾ അവയ്ക്ക് കടന്നു പോകാൻ പെട്ടെന്ന് ബ്രേക്ക് ചെയ്തു നിർത്തുകയായിരുന്നു.
മനുഷ്യന്റെ ഈ സ്നേഹം താറാവുകൾക്ക് രക്ഷയായെങ്കിലും, പിന്നാലെ വന്ന ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം സംഭവിച്ചു. എന്നിരുന്നാലും ആർക്കും കാര്യമായ പരിക്കുകളില്ലാതെ അപകടം ഒതുങ്ങി. സംഭവത്തെ തുടർന്ന് പാതയിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
എന്നാൽ, താറാവുകൾ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്ന സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ദൃശ്യങ്ങളിൽ, ഡ്രൈവർമാർ ക്ഷമയോടെ കാത്തിരിക്കുന്നതും, തിരക്കിനിടയിലും ആരും ഹോൺ മുഴക്കാനോ പക്ഷികളെ ഉപദ്രവിക്കാനോ ശ്രമിക്കുന്നില്ലായെന്നതും ശ്രദ്ധേയമാണ്.
പിന്നീട്, ട്രാഫിക് അധികൃതർ സ്ഥലത്തെത്തി താറാവുകളെ സുരക്ഷിതമായ ആവാസവ്യവസ്ഥയിലേക്ക് തിരിച്ചുവിട്ടു. അപകടങ്ങൾ സംഭവിച്ചെങ്കിലും, മനുഷ്യരുടെ ഈ പ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തി.
ഈ കാഴ്ച മനുഷ്യത്വത്തിന് ലഭിച്ച വിജയമാണെന്നും അപകടത്തിന് കാരണം താറാവുകളല്ല, മോശം ഡ്രൈവിംഗ് ശീലങ്ങളാണെന്നും അഭിപ്രായങ്ങൾ ഉയർന്നു. അതേസമയം, അത്യാവശ്യ യാത്രകളുള്ളവർക്ക് ഇത് പ്രയാസകരമാകുമെന്ന ആശങ്ക പങ്കുവെച്ചവരും ഉണ്ട്.
എന്നാൽ, എല്ലാ ജീവജാലങ്ങളോടുമുള്ള ഓസ്ട്രേലിയക്കാരുടെ സ്നേഹത്തെയും പെരുമാറ്റത്തെയും പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് ഏറെയും. അപ്രതീക്ഷിത തടസ്സങ്ങൾ ഉണ്ടാകുമ്പോൾ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. അപകടം പെട്ടെന്ന് പരിഹരിച്ചതിനാൽ അൽപസമയത്തിനകം ഫ്രീവേയിലെ ഗതാഗതം സാധാരണ നിലയിലായി.