എഐക്ക് പോലും അമ്പരപ്പ്: ബീഹാറുകാരന്റെ ജീൻസ് മാന്ത്രികത സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
Sunday, October 12, 2025 7:32 PM IST
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വിസ്മയിപ്പിക്കുന്ന സൃഷ്ടികൾക്ക് ലോകം സാക്ഷ്യം വഹിച്ചു കഴിഞ്ഞുവെന്നിരിക്കെയാണ്, തനതായ കരവിരുതിൽ ഒരുക്കിയ സർഗ്ഗാത്മക പ്രകടനത്തിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായത്.
ചിരിയുടെ മേമ്പൊടിയോടെ എത്തിയ ഈ വേറിട്ട വീഡിയോ, സമൂഹമാധ്യമ ഉപയോക്താക്കളെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു. വീഡിയോ കണ്ടവർ ഒന്നടങ്കം ഈ യുവാവിന്റെ അസാധാരണമായ കഴിവിന് നിറഞ്ഞ കൈയ്യടി നൽകി കമന്റ് ബോക്സുകൾ നിറച്ചു.
ബീഹാറിൽ നിന്നുള്ള ഒരു യുവാവാണ് ഈ കൗതുകകരമായ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഇദ്ദേഹം ധരിച്ചിരുന്ന ജീൻസിനൊപ്പം, രണ്ടാമതൊരു ജോഡി ജീൻസിന്റെ കാലുകൾ തുന്നിച്ചേർത്താണ് കാഴ്ചക്കാരെ വിസ്മയിപ്പിച്ചത്.
ഇത് ദൂരെ നിന്ന് കാണുന്നവർക്ക്, ഇയാൾ വേർപെട്ട് പോയ രണ്ട് കാലുകളുമായി നടക്കുന്ന തമാശരൂപത്തിലുള്ള തെറ്റിദ്ധാരണയുണ്ടാക്കി. ഈ ഹാസ്യപരമായ പ്രകടനം നിരവധി കാഴ്ചക്കാരുടെ മനസ് കവർന്നു. കൂടാതെ, ഇയാൾ തമ്പ്സ് അപ് കാണിക്കുന്ന മറ്റൊരു രംഗവും വീഡിയോയിൽ ഉണ്ട്.
വീഡിയോയുടെ തുടർഭാഗമാണ് കാഴ്ചക്കാരെ ഏറെ ചിരിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തത്. ആദ്യ കാഴ്ചയിൽ ഇയാൾ കയ്യിൽ പിടിച്ചിരുന്ന പാന്റ്സ് തന്റെ കഴിവ് വെളിവാക്കാനായി ഉപയോഗിക്കുകയായിരുന്നു. അതോടൊപ്പം, ഷർട്ടിന്റെ പകുതി ഭാഗം മുറിച്ച് രൂപകൽപ്പന ചെയ്യുകയും, തല മുതൽ അരഭാഗം വരെ തൂങ്ങിക്കിടക്കുന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തു.
"സഹോദരൻ എഐ -യെ പോലും പിന്നിലാക്കി, എഐ ഞെട്ടി, ബീഹാറി തകർത്തു' എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പുറത്തിറങ്ങിയത്. എഐയുടെ സഹായമില്ലാതെ, ജീൻസ് ഉപയോഗിച്ച് സൃഷ്ടിച്ച ഈ ദൃശ്യവിസ്മയം കണ്ട പലരും ആവേശത്തോടെ പ്രതികരിച്ചു.
"എഐ -ക്ക് ഇയാളുടെ ജോലി എങ്ങനെ മോഷ്ടിക്കാൻ സാധിക്കുമെന്നും എനിക്ക് ഇപ്പോഴും ആശയക്കുഴപ്പം തീർന്നിട്ടില്ലെന്നും അമ്പരപ്പോടെ ആളുകൾ പ്രതികരിച്ചു. ഒരു റീൽസിന് വേണ്ടി അവൻ ഷർട്ടും പാന്റും കീറിക്കളഞ്ഞു, എഐ -യുടെ അൾട്രാ പ്രോ പ്രോ മാക്സ് പതിപ്പിന് പോലും ഇതിന് പകരം വെക്കാനാവില്ലെന്നും തുടങ്ങിയ രസകരമായ കമന്റുകളും വീഡിയോയ്ക്ക ലഭിച്ചു.