പ്രകോപനം, കല്ലേറ്, ചിരി: മേദിനിപൂരിൽ ആഹാരം തേടിയെത്തിയ ആനയോട് നാട്ടുകാരുടെ ക്രൂരത: "ആരാണ് ശരിക്കും കാട്ടുമൃഗം?'
Tuesday, October 14, 2025 6:31 PM IST
പശ്ചിമ ബംഗാളിലെ മേദിനിപൂരിൽ അരങ്ങേറിയ മനുഷ്യന്റെ ക്രൂരതയുടെ ദൃശ്യങ്ങൾ സോഷ്യൽ മാഡിയകളിൽ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ആഹാരം തേടി ജനവാസ മേഖലയിൽ പ്രവേശിച്ച കാട്ടാനയെ ഒരു കൂട്ടം നാട്ടുകാർ വിനോദത്തിനായി സംഘം ചേർന്ന് ഉപദ്രവിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മാഡിയകളിൽ അതിവേഗം പ്രചരിക്കുന്നത്.
വന്യജീവികളോടുള്ള മനുഷ്യന്റെ പെരുമാറ്റം എത്രത്തോളം മോശമാണെന്ന് ഈ വീഡിയോ ചൂണ്ടിക്കാട്ടുന്നു. റോഡിനോട് മാറി ശാന്തമായി നിൽക്കുകയായിരുന്ന ആനയുടെ പിന്നിലൂടെ വന്ന ഒരാൾ, വാലിൽ പിടിച്ച് വലിക്കുന്ന കാഴ്ച കാണാം. ഈ അപ്രതീക്ഷിത പ്രകോപനത്തിൽ അസ്വസ്ഥയായ ആന തിരിഞ്ഞ് അക്രമിയെ ലക്ഷ്യമാക്കി തിരിഞ്ഞു നോക്കുന്നുണ്ട്.
എന്നാൽ അയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ആനയെ ഉപദ്രവിച്ച ആളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിന് പകരം, കാഴ്ചക്കാരായി നിന്ന നിരവധി പേർ കല്ലുകൾ പെറുക്കിയെറിഞ്ഞ് ആനയെ കൂടുതൽ പ്രകോപിപ്പിക്കുകയാണ് ചെയ്തത്.
ഈ അപകടകരമായ സാഹചര്യം ഒരു വിനോദമായി കണക്കാക്കി, ചുറ്റും കൂടിയവർ ആർത്തുല്ലസിക്കുകയും മൊബൈലുകളിൽ ദൃശ്യങ്ങൾ പകർത്തി ചിരിക്കുകയും ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതനുസരിച്ച്, മേദിനിപൂർ ജില്ലയിൽ ആനക്കൂട്ടം അടുത്തുള്ള മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നത് സാധാരണമാണ്.
പ്രധാനമായും ഭക്ഷണ ലഭ്യത കുറയുന്നതാണ് ഇതിന് കാരണം. എന്നാൽ, ഇങ്ങനെ നാട്ടിലിറങ്ങുന്ന മൃഗങ്ങളോട് മനുഷ്യൻ കാണിക്കുന്ന ഈ ക്രൂരത വന്യജീവി സംരക്ഷണ നിയമത്തിന്റെ കടുത്ത ലംഘനമാണ്. വന്യജീവികളെ ഉപദ്രവിക്കുന്നത് നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
"ഇവിടെ ആരാണ് ശരിക്കും കാട്ടുമൃഗം? ഈ സാധു ജീവിയോ, അതോ മൃഗങ്ങളെപ്പോലെ പെരുമാറുന്ന മനുഷ്യരോ?' എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ഈ വീഡിയോ, വലിയ ചർച്ചകൾക്ക് വഴിവെച്ചു. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ അധികൃതർ ഉടൻ കർശന നടപടി സ്വീകരിക്കണമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു.
ആനകളെപ്പോലുള്ള മൃഗങ്ങൾക്ക് മോശം അനുഭവങ്ങൾ അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ലെന്നും, ഭാവിയിൽ ഇത് വലിയ മനുഷ്യ-വന്യജീവി സംഘർഷങ്ങളിലേക്ക് നയിക്കുമെന്നും പലരും മുന്നറിയിപ്പ് നൽകുന്നുണ്ട്.
മനുഷ്യൻ വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് കടന്നു കയറുമ്പോൾ സംഭവിക്കുന്ന സംഘർഷത്തിന്റെ പ്രതിഫലനം മാത്രമല്ല, മനുഷ്യന്റെ വിവേകശൂന്യതയുടെയും സംസ്കാരമില്ലായ്മയുടെയും കൂടി ചിത്രമാണ് ഈ ദൃശ്യങ്ങൾ നൽകുന്നത്.