റേസ് ട്രാക്കിൽ ഹൃദയം നിലച്ച നിമിഷം: കങ്കാരുവിനെ ഇടിക്കാതെ രക്ഷിക്കാൻ 200 കി.മീ. വേഗതയിൽ പറന്ന കാർ വെട്ടിച്ച കൈ അലൻ സൂപ്പർതാരം
Tuesday, October 14, 2025 6:08 PM IST
ഓസ്ട്രേലിയയിലെ വിഖ്യാതമായ റെപ്കോ ബാത്തസ്റ്റ് 1000 കാർ റേസിനിടെ ഗ്രോവ് റേസിംഗിന്റെ യുവതാരം കൈ അലന് നേരിട്ടൊരു ദുർഘട നിമിഷമാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള റേസിംഗ് പ്രേമികൾക്കിടയിൽ ചർച്ചാവിഷയം. മരണത്തെ മുഖാമുഖം കണ്ട ഈ സംഭവം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.
റേസിനിടെ, കൈ അലനും സഹ ഡ്രൈവർ ഡെയ്ൽ വുഡും സഞ്ചരിച്ച കാറിന് മുന്നിലേക്ക് ഒരു കങ്കാരു ചാടി കടന്നുപോവുകയായിരുന്നു. കോൺറോഡ് സ്ട്രെയ്റ്റിലൂടെ മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗതയിൽ പായുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഈ ചാട്ടം.
കങ്കാരുവിന്റെ കൃത്യസമയത്തുള്ള ഒഴിഞ്ഞ് മാറലും 20 വയസുകാരനായ റേസർ കൈ അലന്റെ സമയോചിതമായ നിയന്ത്രണവും കാരണം വൻ ദുരന്തം ഒഴിവായി. ഏതാനും ഇഞ്ചുകളുടെ വ്യത്യാസത്തിൽ കങ്കാരു കാറിന് മുന്നിൽനിന്നും രക്ഷപ്പെട്ടു. കാറിൽ ഘടിപ്പിച്ച ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കങ്കാരുവിന് ഒരു പോറൽ പോലും ഏൽക്കാതെ സുരക്ഷിതമായി ട്രാക്ക് കടന്നുപോകുകയും, റേസർമാർക്ക് അപകടമൊന്നുമില്ലാതെ ഓട്ടം തുടരാനും സാധിച്ചു എന്നത് ആശ്വാസകരമായി. മാറ്റ് പെയിൻ/ഗാർത്ത് ടാൻഡർ ഫോർഡ് മസ്താങ് വിജയിച്ച ആവേശകരമായ ഈ റേസിൽ കൈ അലനും ഡെയ്ൽ വുഡും തകർപ്പൻ പ്രകടനത്തിലൂടെ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.