എഐ ഇമേജ്
ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ച് ഒരു ദിവസത്തിന് ശേഷം, സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോകുന്നതിനിടെ വയോധികയ്ക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ സംഭവം വൻ നടുക്കമുണ്ടാക്കുന്നു.
ഉത്തർപ്രദേശിലെ ബറേലിയിൽ നടന്ന ഈ അപൂർവ്വ സംഭവം വൈദ്യശാസ്ത്ര രംഗത്തെ മരണ സ്ഥിരീകരണ പ്രോട്ടോക്കോളുകളെക്കുറിച്ചും ആശുപത്രികളുടെ ജാഗ്രതയെക്കുറിച്ചും വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.
65-കാരിയായ ഷീല ദേവിക്കാണ് ഈ അത്ഭുതകരമായ അനുഭവമുണ്ടായത്. നിലവിൽ ആഗ്രയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിയുന്ന ഇവരുടെ ആരോഗ്യാവസ്ഥ ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.
സംസാരിക്കാനോ മറ്റോ ഉള്ള ശേഷി ഇവർക്ക് ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ല. ചൊവ്വാഴ്ച രാത്രിയാണ് ബറേലിയിലെ സ്വകാര്യ ആശുപത്രി അധികൃതർ ഷീല ദേവി മരിച്ചതായി കുടുംബത്തെ അറിയിക്കുന്നത്.
തുടർന്ന് സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ജന്മനാടായ ആഗ്രയിലേക്ക് റോഡ് മാർഗം കൊണ്ടുപോകാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു.
എന്നാൽ യാത്രയ്ക്കിടെ ബുധനാഴ്ച രാത്രിയോടെ വാഹനത്തിലുണ്ടായിരുന്ന ബന്ധുക്കൾ ഷീല ദേവിയുടെ ശരീരത്തിൽ നേരിയ ചലനങ്ങൾ ശ്രദ്ധിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ ശ്വസിക്കുന്നുണ്ടെന്ന് വ്യക്തമായതോടെ ബന്ധുക്കൾ ഞെട്ടിപ്പോയി. ഒട്ടും സമയം കളയാതെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് വാഹനം തിരിച്ചുവിട്ട് ഇവരെ അടിയന്തര ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു.
തെറ്റായ വിവര നൽകിയ ആദ്യ ആശുപത്രിയുടെ പേരുവിവരങ്ങൾ കുടുംബം ഇതുവരെ പരസ്യമാക്കിയിട്ടില്ല. കരൾ സംബന്ധമായ ഗുരുതരമായ രോഗത്തെ തുടർന്ന് ഷീല ദേവി ഏറെ നാളായി ചികിത്സയിലായിരുന്നു.
മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ഡൽഹിയിൽ വെച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയായ ഇവരെ, പിന്നീട് ബദൗൺ ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്ന ഇളയ മകന്റെ കൂടെ താമസിക്കുന്നതിനിടയിലാണ് ബറേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇവിടെ ചികിത്സയിലിരിക്കെ ആരോഗ്യാവസ്ഥ പെട്ടെന്ന് മോശമാവുകയും തുടർന്ന് മരണം സംഭവിച്ചതായി ഡോക്ടർമാർ വിധിയെഴുതുകയുമായിരുന്നു.
മരണ സർട്ടിഫിക്കറ്റ് നൽകുന്നതിലും മരണം സ്ഥിരീകരിക്കുന്നതിലും ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വലിയ സംശയങ്ങളാണ് പൊതുസമൂഹത്തിൽ ഉയരുന്നത്.
ശ്വാസോച്ഛ്വാസം, ഹൃദയമിടിപ്പ്, രക്തചംക്രമണം, നാഡീവ്യൂഹത്തിന്റെ പ്രതികരണങ്ങൾ എന്നിവ പൂർണമായും നിലച്ചുവെന്ന് കൃത്യമായ പരിശോധനകളിലൂടെ ഉറപ്പുവരുത്തിയ ശേഷമാണ് സാധാരണയായി മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാറുള്ളത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപൂർവ്വമായ എന്തെങ്കിലും വൈദ്യശാസ്ത്ര പ്രതിഭാസമാണോ അതോ ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണോ ഇതിന് കാരണമെന്ന് അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരികയുള്ളൂ.
?VIRAL | Sheela Devi, a 65-year-old woman declared dead in Bareilly, regained consciousness while being taken back home to Agra for final rites Currently undergoing treatment and remains in critical condition pic.twitter.com/1QAZ9AgXWp
— The Tatva (@thetatvaindia) July 31, 2026
Tags : MedicalMiracle Agra Bareilly MedicalNegligence UttarPradesh