സാഹസികതയുടെ പര്യായമായ വിദ്യുത് ജാംവാൽ വീണ്ടും വാർത്തകളിൽ നിറയുകയാണ്. തന്റെ സിനിമകളിലെ അവിശ്വസനീയമായ സ്റ്റണ്ടുകളിലൂടെ ആരാധകരെ വിസ്മയിപ്പിക്കാറുള്ള താരം ഇത്തവണ ജീവിതത്തിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു പ്രകടനത്തിലൂടെയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.
ഒരു പൊതുവേദിയിൽ ഉരുകിയ മെഴുകുതുള്ളികൾ സ്വന്തം മുഖത്തേക്ക് ഒഴിക്കുന്ന വിദ്യുത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ കാട്ടുതീ പോലെ പടരുകയാണ്.
ശാരീരികമായ വേദനയെക്കാൾ ഉപരിയായി മനസിന്റെ ഏകാഗ്രതയും ആത്മവിശ്വാസവും പരീക്ഷിക്കുന്ന ഈ പ്രകടനം പുരാതന ആയോധനകലയായ കളരിപ്പയറ്റിനും യോഗയ്ക്കും താരം നൽകുന്ന ആദരമാണ്.
നമ്മുടെ ഉള്ളിലെ പരിമിതികളെ മറികടക്കാനും പോരാളിയുടെ കരുത്ത് ആർജ്ജിക്കാനും ഇത്തരം പരീക്ഷണങ്ങൾ സഹായിക്കുമെന്ന് വിദ്യുത് തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിൽ വ്യക്തമാക്കുന്നു. വിദ്യുത്തിന്റെ ഈ ധീരമായ നീക്കത്തെ പ്രശംസിച്ച് സിനിമാലോകവും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ സഹതാരമായ അദാ ശർമ്മ ഉൾപ്പെടെയുള്ളവർ താരത്തിന്റെ ഈ അസാമാന്യ ധൈര്യത്തെ അഭിനന്ദിച്ചു. വെറുമൊരു പ്രകടനം എന്നതിലുപരി, വേദനയെ അതിജീവിക്കാനുള്ള മനുഷ്യന്റെ സഹനശക്തിയുടെ തെളിവായിട്ടാണ് ആരാധകർ ഇതിനെ വിലയിരുത്തുന്നത്.
ഈ വർഷം പുറത്തിറങ്ങിയ "ക്രാക്ക്' എന്ന ചിത്രത്തിന് ശേഷം വിദ്യുത് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് തന്റെ ഹോളിവുഡ് അരങ്ങേറ്റത്തിലാണ്.
'സ്ട്രീറ്റ് ഫൈറ്റർ' എന്ന് പേരിട്ടിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ ലോകപ്രശസ്ത താരങ്ങളായ ജെയ്സൺ മോമോവ, റോമൻ റെയിൻസ് എന്നിവർക്കൊപ്പം വിദ്യുത്തും പ്രധാന വേഷത്തിലെത്തുന്നു.
കിറ്റാവോ സകുറായ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 2026 ഒക്ടോബറിൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. തമിഴ് ചിത്രമായ 'മദരാസി'യിൽ വില്ലനായി എത്തിയ വിദ്യുത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടെങ്കിലും ചിത്രം ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.
നിലവിൽ പുതിയ ബോളിവുഡ് ചിത്രങ്ങളൊന്നും താരം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 'കമാൻഡോ 4' എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ആയോധനകലയെ അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കാട്ടുന്ന വിദ്യുത്തിന്റെ പുതിയ സാഹസികത അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ മുഹൂർത്തമായി മാറിയിരിക്കുകയാണ്.
Tags : VidyutJammwal Jammwalions ActionHero StreetFighterMovie Kalaripayattu