മഞ്ഞുമലയുടെ മുകളിൽ നിന്ന് തണുത്തുറഞ്ഞ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് പിന്നിലേക്ക് ചാടി ചരിത്രമെഴുതിയിരിക്കുകയാണ് കനേഡിയൻ ഹൈ ഡൈവിംഗ് താരം മോളി കാൾസൺ.
കാനഡയിലെ ന്യൂഫൗണ്ട്ലാന്റിൽ സ്ഥിതി ചെയ്യുന്ന കൂറ്റൻ മഞ്ഞുമലയിൽ നിന്ന് ഏകദേശം 15 മീറ്റർ ഉയരത്തിൽ നിന്നായിരുന്നു ഇരുപത്തെട്ടുകാരിയായ മോളിയുടെ സാഹസിക പ്രകടനം.
വടക്കൻ സമുദ്രത്തിലെ മഞ്ഞുമലകളിൽ നിന്നും വനിതകൾ ആദ്യമായാണ് ഇത്തരം ഒരു സാഹസികത പൂർത്തിയാക്കുന്നത്. റെഡ് ബുൾ ക്ലിഫ് ഡൈവിംഗ് മത്സരങ്ങളിലൂടെ പ്രശസ്തയായ മോളിക്ക് വലിയ ഉയരങ്ങളിൽ നിന്ന് ചാടി പരിചയമുണ്ടെങ്കിലും, കടലിൽ ഒഴുകിനടക്കുന്ന മഞ്ഞുമലയിലെ സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തവും അതീവ അപകടം നിറഞ്ഞതുമായിരുന്നു.
ഏതു നിമിഷവും പൊട്ടിപ്പിളരാനോ മറിയാനോ സാധ്യതയുള്ള ഐസ്ബർഗുകൾ കണ്ടെത്തി സുരക്ഷിതമായി ഡൈവ് ചെയ്യുക എന്നത് ഈ ദൗത്യത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. ഏകദേശം നാല് വർഷത്തെ കഠിനമായ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഈ ലക്ഷ്യം യാഥാർഥ്യമാക്കാനായത്.
കനേഡിയൻ പർവതാരോഹകനായ വിൽ ഗാഡിന്റെ സഹായത്തോടെ ഐസ് ക്ലൈംബിംഗ് പരിശീലനവും പ്രത്യേക വെറ്റ്സൂട്ടുകളുടെ ഉപയോഗവും മോളി പൂർത്തിയാക്കിയിരുന്നു.
ന്യൂഫൗണ്ട്ലാന്റിൽ എത്തിയതിന് ശേഷവും അനുകൂലമായ കാലാവസ്ഥയ്ക്കും ശാന്തമായ സമുദ്രാവസ്ഥയ്ക്കും വേണ്ടി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നു.
20 മീറ്ററിലധികം ഉയരത്തിൽ നിന്ന് മുമ്പ് ഡൈവ് ചെയ്തിട്ടുണ്ടെങ്കിലും, ജീവനിൽ ഭയമുണ്ടാക്കിയ ഏറ്റവും വലിയ സാഹസികത ഇതാണെന്നാണ് മോളി പിന്നീട് പ്രതികരിച്ചത്.
വായുവിൽ പത്തുമിനിറ്റോളം ഒഴുകിനടന്ന പ്രതീതിയാണ് തനിക്ക് ഉണ്ടായതെന്നും തന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു ഈ ചാട്ടമെന്നും അവർ സന്തോഷത്തോടെ പങ്കുവെച്ചു.
കാനഡയുടെ വന്യമായ പ്രകൃതി സൗന്ദര്യവും തണുത്തുറഞ്ഞ ഭൂപ്രകൃതിയും ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുക കൂടിയാണ് ഈ കായികതാരം ചെയ്തത്.
Tags : IcebergDive MollyCarlson HighDiving RedBullCliffDiving NorthAtlantic Newfoundland