ഭൂമിയുടെ വക്രത പശ്ചാത്തലമാക്കി ത്രിവർണ പതാക തരംഗമാകുന്ന ദൃശ്യങ്ങൾ സ്വാതന്ത്ര്യദിനത്തിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. 'ഇസ്രോ ഇൻസൈറ്റ്' എന്ന അക്കൗണ്ടിലൂടെ പ്രചരിച്ച ഈ വീഡിയോയിൽ ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങളെക്കുറിച്ചുള്ള സന്ദേശവുമുണ്ട്.
ഇതോടെ ഐഎസ്ആർഒ യഥാർഥത്തിൽ ബഹിരാകാശത്ത് ദേശീയ പതാക സ്ഥാപിച്ചതാണോ എന്ന് പലരും സംശയം പ്രകടിപ്പിച്ചു. എന്നാൽ ബഹിരാകാശത്ത് നേരിട്ടെത്തി പതാക ഉയർത്തിയ ദൃശ്യമല്ലിത്.
അന്തരീക്ഷത്തിന്റെ ഉയർന്ന തട്ടുകളിലേക്ക് അയക്കുന്ന ശാസ്ത്രീയ ബലൂണുകൾ വഴി പകർത്തിയ ദൃശ്യങ്ങളാകാം ഇവ. സമുദ്രനിരപ്പിൽ നിന്നും 100 കിലോമീറ്റർ മുകളിലുള്ള 'കാർമാൻ ലൈൻ' ആണ് ബഹിരാകാശത്തിന്റെ അതിർത്തിയെങ്കിലും, അന്തരീക്ഷത്തിന്റെ വക്കിൽ നിന്നുള്ള ഇത്തരം ദൃശ്യങ്ങളെയും പൊതുവെ സ്പേസ് എന്ന് വിശേഷിപ്പിക്കാറുണ്ട്.
വായുവില്ലാത്ത ഇടത്ത് പതാക എങ്ങനെ പാറുമെന്നും ദൃശ്യങ്ങൾ എഐ നിർമ്മിതമാണോ എന്നും ചിലർ സംശയം ഉന്നയിച്ചപ്പോൾ, രാജ്യത്തിന്റെ നേട്ടത്തിൽ അഭിമാനം പ്രകടിപ്പിച്ചുള്ള സന്ദേശങ്ങളും ദൃശ്യങ്ങൾക്ക് താഴെ നിറയുന്നുണ്ട്.
Tags : ISRO IndianTiranga ViralVideo IndependenceDay SpaceNews