വയനാടിനെ കടുവ സങ്കേതമാക്കാന്‍ നീക്കമില്ല: എം.ഐ. ഷാനവാസ് എംപി
Saturday, November 17, 2012 6:45 PM IST
കല്പറ്റ: വയനാട് വന്യജീവി സങ്കേതത്തെ കടുവ സങ്കേതമാക്കാന്‍ നീക്കം നടക്കുന്നില്ലെന്ന് എം.ഐ. ഷാനവാസ് എംപി പറഞ്ഞു. ജില്ലയുടെ വിവിധ സ്ഥലങ്ങളിലെ വന്യമൃഗ ശല്യവും ഇതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രതിഷേധവും ശക്തമായ സാഹചര്യത്തില്‍ കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദേഹം. പുതിയതായി രൂപീകരിക്കാനുദേശിക്കുന്ന കടുവാ സങ്കേതങ്ങളില്‍ വയനാട് ഉള്‍പ്പെട്ടിട്ടില്ല.

ഇക്കാര്യം നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ വെബ്സൈറ്റിലുണ്ട്. ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്നെ തകര്‍ക്കാനായി സിപിഎം കുപ്രചരണം നടത്തുകയാണ്. അതിന്റെ ഭാഗമായിട്ടാണ് തന്നെ ബദ്ധപ്പെടുത്തി കടുവയുടെ ചിത്രം സ്ഥാപിച്ചതെന്നും എം.ഐ. ഷാനവാസ് പറഞ്ഞു. ഭാവിയില്‍ അത്തരം നീക്കമുണ്ടാവുകയാണെങ്കില്‍ അതിനെതിരെ താന്‍ ജനങ്ങളുടെ മുന്‍നിരയിലുണ്ടാവുമെന്നും അദേഹം പറഞ്ഞു. 30 ന് ജില്ലയിലെത്തുന്ന മുഖ്യമന്ത്രി ജനങ്ങളുടെ ആശങ്ക ദുരീകരിക്കാന്‍ വിശദീകരണം നല്കുമെന്നും എംപി പറഞ്ഞു.

ഇനി കടുവയെ പിടികൂടുകയാണെങ്കില്‍ മറ്റ് വന്യജീവി സങ്കേതങ്ങളില്‍ കൊണ്ടു പോയി വിടാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. തിരുനെല്ലിയില്‍ നിന്നു പിടികൂടിയ കടുവയെ കുറിച്യാട് റെയ്ഞ്ചില്‍ വിട്ട വനപാലകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നു യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ഇതേ തുടര്‍ന്ന് ഇതു സംബന്ധിച്ച് അന്വേഷണം നടത്തി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കാന്‍ മന്ത്രി പി.കെ. ജയലക്ഷ്മി ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണഭട്ടിനോട് ആവശ്യപ്പെട്ടു. കുറിച്യാട് വനത്തില്‍ കടുവയെ വിട്ട ഡിഎഫ്ഒക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും റിപ്പോര്‍ട്ട് നല്കുമെന്ന് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. നിങ്ങള്‍ക്കെതിരെ നടപടി സ്വീകരിപ്പിക്കുമെന്ന് എംഎല്‍എ ഡിഎഫ്ഒയോടു പരസ്യമായി പറയുകയും ചെയ്തു.

വനംവകുപ്പ് നടപടിയില്‍ പ്രതിഷേധിച്ച ജനങ്ങള്‍ക്കെതിരെ ചാര്‍ജ് ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യമുയര്‍ന്നു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താമെന്ന് എം.ഐ. ഷാനവാസ് എംപി പ്രതികരിച്ചു. കടുവാ സങ്കേതവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സിപിഎം - കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക്കുകള്‍ കൊണ്േടറ്റുമുട്ടി. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ സിപിഎം ബോധപൂര്‍വമായ ശ്രമം നടത്തുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. കടുവയുടെ ഉടലില്‍ എംപിയുടെ തല വച്ച് പോസ്ററുകള്‍ പതിച്ചതിനെ കോണ്‍ഗ്രസ് നേതാക്കള്‍ നിശിതമായി വിമര്‍ശിച്ചു.