ഹജ്ജ് സബ്സിഡി നിർത്തലാക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് കോണ്‍ഗ്രസ്
Tuesday, January 16, 2018 7:31 PM IST
ന്യൂഡൽഹി: ഹജ്ജ് സബ്സിഡി നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ പിന്തുണച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ തീർഥാടകരുടെ ആശങ്ക കേന്ദ്രസർക്കാർ പരിഹരിക്കണം. ഹജ്ജ് സബ്സിഡി ഇനത്തിൽ ലഭിക്കുന്ന ഇത്രയധികം തുക വിമാനക്കന്പനികൾക്കും ടൂർ ഓപ്പറേറ്റർമാർക്കുമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഹജ്ജ് സബ്സിഡി നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്. ബിജെപി സർക്കാരിന്‍റെ ന്യൂനപക്ഷങ്ങളോടുള്ള ശത്രുതാമനോഭാവമാണ് ഇപ്പോൾ വ്യക്തമായതെന്നും കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ പറഞ്ഞു.

ചൊവ്വാഴ്ചയാണ് ഹജ്ജ് സബ്സിഡി നിർത്തലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. 700കോടി രൂപ ഹജ്ജ് സബ്സിഡിയായി നൽകുന്നത് നിർത്തലാക്കുകയും പകരം ഈ പണം ന്യൂനപക്ഷ വിദ്യാർഥികളുടെ ക്ഷേമത്തിന് ഉപയോഗിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി വ്യക്തമാക്കി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.