താലിബാന്റെ ഇമെയില്‍ പട്ടിക അബദ്ധത്തില്‍ പുറത്തായി
Sunday, November 18, 2012 12:16 PM IST
വാഷിംഗ്ടണ്‍: താലിബാന്‍ തീവ്രവാദികളുടെ ഇമെയില്‍ പട്ടിക അബദ്ധത്തില്‍ പുറത്തായി. ഔദ്യോഗിക പത്രക്കുറിപ്പുകളും മറ്റും ഇമെയില്‍ അയയ്ക്കുന്നവരുടെ പട്ടികയാണ് താലിബാന്‍ അബദ്ധത്തില്‍ പുറത്തുവിട്ടത്. മാധ്യമപ്രവര്‍ത്തകരുടെയും താലിബാന്‍ സംഘടനയിലെ മുതിര്‍ന്ന തീവ്രവാദികളുടെയും ഇമെയില്‍ അഡ്രസുകള്‍ പട്ടികയിലുണ്ട്. താലിബാന്റെ ഔദ്യോഗിക വക്താവ് ക്വാരി യൂസഫ് അഹമ്മദിയ്ക്കു സംഭവിച്ച പിശകാണ് ഇമെയില്‍ പട്ടിക പുറത്താകാന്‍ കാരണം. ഇമെയിലില്‍ ബിസിസി-ല്‍ വിലാസം ടൈപ്പ് ചെയ്യുന്നതിനു പകരം സിസി-ല്‍ വിലാസം ടൈപ്പ് ചെയ്തതോടെയാണ് രഹസ്യമായി സൂക്ഷിച്ചിരുന്ന ഇമെയില്‍ വിലാസങ്ങള്‍ പുറത്തായത്.

താലിബാന്റെ മറ്റൊരു വക്താവായ സബിഹുള്ള മുജാഹിദ് അയച്ച ഇമെയില്‍ പത്രക്കുറിപ്പ് ക്വാരി, മറ്റു താലിബാന്‍ നേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ബിസിസി വയ്ക്കാതെ ഫോര്‍വേഡ് ചെയ്തു. പ്രൈവറ്റ് ഇമെയില്‍ വിലാസങ്ങള്‍ ഹൈഡ് ചെയ്യാതെ മെയില്‍ ഫോര്‍വേഡ് ചെയ്തതോടെ താലിബാന്റെ രഹസ്യ ഇമെയില്‍ പട്ടിക പുറത്താകുകയായിരുന്നു. നാനൂറില്‍ അധികം ഇമെയില്‍ വിലാസങ്ങളാണ് പുറത്തായത്. പ്രവിശ്യാ ഗവര്‍ണര്‍മാര്‍, അഫ്ഗാന്‍ നിയമസഭാംഗങ്ങള്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍, താലിബാന്‍ നേതാക്കള്‍, മതനേതാക്കള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഇമെയില്‍ വിലാസങ്ങളാണ് പുറത്തായ പട്ടികയിലുള്ളത്.