ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്: മണ്ഡലപൂജയ്ക്ക് സാക്ഷികളായി ആയിരങ്ങള്‍
Wednesday, December 26, 2012 6:14 AM IST
ശബരിമല: ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. അയ്യപ്പവിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി നടന്ന മണ്ഡലപൂജയ്ക്ക് ആയിരങ്ങളാണ് സന്നിധാനത്ത് സാക്ഷ്യം വഹിച്ചത്.

രാവിലെ പമ്പയില്‍ ദേവസ്വം ബോര്‍ഡിന്റെയും അയ്യപ്പസേവാസംഘത്തിന്റെയും പ്രതിനിധികള്‍ ചേര്‍ന്ന് തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിച്ചു. പിന്നീട് സന്നിധാനത്തേക്ക് തിരിച്ച ഘോഷയാത്ര ശരംകുത്തിയില്‍ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പതിനെട്ടാം പടിക്കു മുകളില്‍ ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.വി ഗോവിന്ദന്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തങ്ക അങ്കി പേടകത്തെ സ്വീകരിച്ച് സോപാനത്തിലേക്ക് ആനയിച്ചത്. ഇതിനുശേഷമായിരുന്നു മണ്ഡലപൂജ.

അതേസമയം വന്‍ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. കെഎസ്ആര്‍ടിസി ഒഴികെയുള്ള തീര്‍ഥാടകരുടെ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടുന്നില്ല. വാഹനങ്ങള്‍ പലയിടത്തായി പോലീസ് തടഞ്ഞിട്ടിരിക്കുകയാണ്.