പാലക്കാട്ട് ദളിത് വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായി പരാതി
Saturday, January 5, 2013 5:39 AM IST
പാലക്കാട്: പെരുവെമ്പില്‍ പുതുവര്‍ഷപ്പുലരിയില്‍ ദളിത് വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായി. പതിനാലുകാരിയായ അഞ്ചാം ക്ളാസ് വിദ്യാര്‍ഥിനിയാണ് കൊടുംക്രൂരതയ്ക്ക് ഇരയായത്. തമിഴ്നാട്ടില്‍ നിന്നെത്തി പെരുവെമ്പ് കല്ലഞ്ചിറയിലെ പുറമ്പോക്കു സ്ഥലത്ത് കുടിയേറി താമസിക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.

സംഭവത്തെ തുടര്‍ന്ന് ഇന്നലെ പെണ്‍കുട്ടിയും മാതാവും പുതുനഗരം പോലീസില്‍ പരാതി നല്കി. പ്രതികള്‍ ഒളിവിലാണ്. പ്രതികളില്‍ രാഷ്ട്രീയപ്രവര്‍ത്തകരും ഉള്‍പ്പെടുന്നതായി ആരോപണമുണ്ട്. പെണ്‍കുട്ടിയുടെ ചെറിയച്ഛന്റെ മകനും സുഹൃത്തുമാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. പീഡനത്തിനിടെ ബോധരഹിതയായ വിദ്യാര്‍ഥിനി മണിക്കൂറുകള്‍ക്കു ശേഷമാണ് ഉണര്‍ന്നത്. ഇതിനിടെ മറ്റുചിലരും പീഡിപ്പിച്ചതായി സംശയിക്കുന്നു. സംഭവസമയത്ത് ബലൂണ്‍ വില്പനക്കാരായ മാതാപിതാക്കള്‍ ഉത്സവപറമ്പിലായിരുന്നു.

രാത്രിയില്‍ പെണ്‍കുട്ടി തനിച്ചായതു മുതലെടുത്താണ് പീഡനം അരങ്ങേറിയത്. ഇന്നലെ മാത്രമാണ് പരാതി ലഭിച്ചതെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും പുതുനഗരം പോലീസ് പറഞ്ഞു. കൊല്ലങ്കോട് സിഐ എസ്.പി. സുധീരനാണ് അന്വേഷണ ചുമതല.