മണിയാശാന്‍ താവളം തല്‍ക്കാലം കോട്ടയത്തേക്കു മാറ്റുന്നു
Saturday, January 5, 2013 5:40 AM IST
കോട്ടയം: മണിയാശാനെ ഇനി കോട്ടയത്തു കാണാം. ജയില്‍ മോചിതനായ സിപിഎം ഇടുക്കി ജില്ലാ മുന്‍ സെക്രട്ടറി എം.എം. മണി കോട്ടയത്തെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകും. കിടങ്ങൂര്‍ പാദുവയിലെ വീട്ടില്‍ താമസിച്ചാണു പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്.

അഞ്ചേരി ബേബി വധക്കേസില്‍ നെടുംകണ്ടം ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതിയാണ് മണിക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തരുതെന്നും ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്നുമാണ് പ്രധാന ജാമ്യ വ്യവസ്ഥകള്‍. ഈ സാഹചര്യത്തിലാണ് മണി താവണം കോട്ടയത്തേക്ക് മാറ്റുന്നത്. സിപിഎമ്മിന്റെ മിച്ചഭൂമി സമരവുമായി ബന്ധപ്പെട്ട് കുമരകം മെത്രാന്‍കായല്‍ സമരം ഉള്‍പ്പെടെയുള്ള കോട്ടയത്തെ പാര്‍ട്ടി സമരങ്ങളില്‍ എം.എം.മണി സജീവമായി പങ്കെടുക്കും.

അഞ്ചേരി ബേബി വധക്കേസില്‍ പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന മണി കിടങ്ങൂര്‍ പാദുവ മുണ്ടയ്ക്കല്‍ തറവാട്ടിലെത്തിയതു ഇന്നലെ രാത്രി എട്ടരയോടെയാണ്. പാര്‍ട്ടി പ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടുമൊപ്പമാണ് അദ്ദേഹം പാദുവയിലെ വീട്ടിലെത്തിയത്. മണിയുടെ പിതൃസഹോദരന്റെ മക്കള്‍ താമസിക്കുന്ന മുണ്ടയ്ക്കല്‍ തറവാട്ടിലാണ് ഇനിയുള്ള ദിവസങ്ങളില്‍ ഇദ്ദേഹത്തിന്റെ താമസം.

സിപിഎം മൂലമറ്റം ഏരിയ സെക്രട്ടറി കെ.എല്‍. ജോസഫ്, പീരുമേട് ഏരിയ സെക്രട്ടറി ആര്‍. തിലകന്‍, രാജാക്കാട് ഏരിയ സെക്രട്ടറി വി.എ. കുഞ്ഞുമോന്‍ തുടങ്ങിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ മണിയോടൊപ്പമുണ്ടായിരുന്നു. മക്കളായ എം.എസ്. സതി, എം.എസ്. സുമ, എം.എസ്. അനി എന്നിവരും മണിയോടൊപ്പം കിടങ്ങൂരിലെത്തിയിരുന്നു. ഇന്നലെ വൈകുന്നേരം മൂന്നേകാലോടെയാണ് മണി ജയിലിനു പുറത്തിറങ്ങിയത്.