ഷക്കീല സംവിധായികയുടെ വേഷത്തില്‍
Monday, January 21, 2013 5:47 AM IST
കൊച്ചി: അഭ്രപാളികളില്‍ ആരാധകരെ കോരിത്തരിപ്പിച്ച ഷക്കീല ഇനി സംവിധായികയുടെ വേഷത്തില്‍. ഷക്കീലയുടെ ആദ്യസംവിധാന സംരഭമായ 'നീലക്കുറിഞ്ഞി പൂത്തു' എന്ന ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ചുരുക്കം ചിലരും മാത്രമായിരുന്നു പൂജയില്‍ പങ്കെടുത്തത്. എന്നാല്‍ വിവരം അറിഞ്ഞെത്തിയ നിരവധി പേര്‍ ഷക്കീലയെ കാണാന്‍ തടിച്ചുകൂടി. ചിലര്‍ മൊബൈലില്‍ നടിയുടെ ചിത്രം പകര്‍ത്താനും തിരക്കുകൂട്ടി. ചിത്രത്തിനായി മുന്‍നിര താരങ്ങളുടെ ഡേറ്റ് ചോദിച്ചിട്ടുണ്ടെന്നും ലഭിച്ചില്ലെങ്കില്‍ പുതുമുഖങ്ങളെ വെച്ച് അഭിനയിപ്പിക്കുമെന്നും ഷക്കീല പറഞ്ഞു. എരിവും പുളിയുമുള്ള വേഷങ്ങള്‍ തനിക്കിനി വേണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ച ഷക്കീല മറ്റ് വേഷങ്ങള്‍ക്ക് തന്നെ പരിഗണിക്കണമെന്നും പരസ്യമായി അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ചെറിയ ചില വേഷങ്ങള്‍ ഒഴികെ കാര്യമായ വേഷങ്ങളൊന്നും തേടിയെത്തിയില്ല. ഈ സാഹചര്യത്തിലാണ് സംവിധാന രംഗത്തേക്കിറങ്ങാന്‍ തീരുമാനിച്ചത്.

ജാഫര്‍ കാഞ്ഞിരപ്പള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായാണ് ചിത്രീകരണം നടക്കുക. ചിത്രത്തില്‍ ഷക്കീലയും അഭിനയിക്കുന്നുണ്ട്.