ഇന്നിറങ്ങിയ ലോക്പാലിന്റെ വ്യാജ സിഡി വിപണിയില്‍
Thursday, January 31, 2013 7:56 AM IST
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ നടത്തിയ റെയ്ഡില്‍ ഇന്ന് ഇറങ്ങാനിരിക്കുന്ന സിനിമകളുടെയടക്കം വ്യാജപകര്‍പ്പുകള്‍ അടങ്ങിയ സിഡി പിടികൂടിയത് സിനിമാ ലോകത്തെ ഞെട്ടിച്ചു. രണ്ടായിരത്തോളം വ്യാജ സിഡികളാണ് ആന്റി പൈറസി സെല്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയത്.

മോഹന്‍ലാല്‍ അഭിനയിച്ച ലോക്പാല്‍ എന്ന സിനിമയുടേതടക്കമുള്ള സിഡികളാണ് പിടികൂടിയത്. ഈ സിനിമ ഇന്നാണ് തീയറ്ററിലെത്തിയത്. മലയാളത്തിലെ മറ്റൊരു ശ്രദ്ധേയമായ നീ കോ ഞാ ചാ എന്ന സിനിമയുടേയും തമിഴ്, ഇംഗ്ളീഷ് സിനിമകളുടേയും വ്യാജ സിഡികളാണ് പിടികൂടിയത്.

ആന്റി പൈറസി സെല്‍ എസ്ഐ അനൂപ് ആര്‍. ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. കോഴിക്കോട് നഗരത്തില്‍ ഇത്തരം വ്യാജ സിഡി വില്‍പന നടത്തുന്ന കടകളുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബാങ്ക് റോഡിലെ വ്യാപാരഭവന്‍ ബില്‍ഡിംഗിലെ ലൈവ്ബാന്റ് സീഡി കടയില്‍ നിന്നാണ് വ്യാജ സിഡികള്‍ പിടികൂടിയത്. അറസ്റിലായ കടയുടമ അബ്ദുല്‍ കരീമിനെ കോടതിയില്‍ ഹാജരാക്കി.

നേരത്തെ വ്യാജ സിഡി റെയ്ഡ് ശക്തമാക്കിയതിനെതുടര്‍ന്ന് ഇവയുടെ വില്‍പ്പനയും മറ്റും ഏറെക്കുറെ നിലച്ചിരുന്നു. ഇപ്പോള്‍ പരിശോധന വഴിപാടായതിനെതുടര്‍ന്നാണ് വ്യാജ സിഡി വില്‍പന സജീവമായത്. നഗരത്തില്‍ ചില ഷോപ്പുകളിലും വ്യാജ സിഡി വില്‍പന നടക്കുന്നുണ്െടന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.