ദേശീയ സ്കൂള്‍ മീറ്റ്: റിക്കാര്‍ഡ് തിരുത്തിക്കുറിച്ച താരങ്ങള്‍ക്കും സമ്മാനമായി നാനോ ?
Friday, February 1, 2013 11:09 AM IST
ഇറ്റാവ: ഇറ്റാവയില്‍ നടക്കുന്ന അന്‍പത്തിയെട്ടാമത് ദേശീയ സ്കൂള്‍ മീറ്റില്‍ റിക്കാര്‍ഡ് തിരുത്തിക്കുറിച്ച എല്ലാ താരങ്ങള്‍ക്കും നാനോ കാര്‍ സമ്മാനമായി നല്‍കിയേക്കുമെന്ന് സൂചന. ഇക്കാര്യം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനൌദ്യോഗികമായി താരങ്ങളെയും ഒഫീഷ്യലുകളെയും അറിയിച്ചതായാണ് വിവരം. എന്നാല്‍ ഔദ്യോഗികമായ പ്രഖ്യാപനമുണ്ടായിട്ടില്ല.

മീറ്റിലെ താരമായി തെരഞ്ഞെടുക്കപ്പെടുന്ന കുട്ടിക്ക് കാര്‍ സമ്മാനമായി നല്‍കുമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. റിക്കാര്‍ഡ് ഭേദിച്ച മികച്ച താരങ്ങള്‍ക്കും ഈ സമ്മാനം നല്‍കാനാണ് അഖിലേഷിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. തീരുമാനം നടപ്പിലാകുകയാണെങ്കില്‍ കേരളത്തില്‍ നിന്നുള്ള നാല് താരങ്ങള്‍ക്ക് കാര്‍ ലഭിക്കും. സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലും 5000 മീറ്ററിലും ദേശീയ റിക്കാര്‍ഡ് ഭേദിച്ച പ്രകടനം നടത്തിയ പാലക്കാട് മുണ്ടൂര്‍ എച്ച്എസിലെ പി.യു ചിത്ര, സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ 4.60 മീറ്റര്‍ മറികടന്ന് റിക്കാര്‍ഡ് നേടിയ കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിലെ വിഷ്ണു ഉണ്ണി, ജൂണിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ പാലാ സെന്റ് മേരീസ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറിയിലെ മരിയ ജയ്സണ്‍ (3.15 മീറ്റര്‍), സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ 12.84 മീറ്റര്‍ ചാടി പുതിയ മീറ്റ് റിക്കാര്‍ഡ് കുറിച്ച തിരുവനന്തപുരം സായിയുടെ ജിനിമോള്‍ ജോയ് എന്നിവര്‍ക്കാണ് കാര്‍ ലഭിക്കുക.

മീറ്റിനെത്തിയ കുട്ടികള്‍ക്കും ഒഫീഷ്യലുകള്‍ക്കും മികച്ച താമസസൌകര്യമുള്‍പ്പെടെ ഒരുക്കി മാതൃകാപരമായ പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാര്‍ ഇവിടെ നടപ്പിലാക്കിയത്. ഓരോ താമസസ്ഥലത്തും സൌകര്യങ്ങള്‍ വിലയിരുത്താനും അന്വേഷിക്കാനും ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കുട്ടികളുടെ ഊര്‍ജസംരക്ഷണത്തിന് രാവിലെ ഒരു ഗ്ളാസ് പാല്‍ നല്‍കാനുള്ള തീരുമാനവും പുതുമയായിരുന്നു.