നന്ദി അറിയിച്ച് മാര്‍പാപ്പയുടെ അവസാന കൂടിക്കാഴ്ച
Wednesday, February 27, 2013 5:49 AM IST
വത്തിക്കാന്‍സിറ്റി: സ്ഥാനത്യാഗം ചെയ്യുന്ന ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ, വിശ്വാസികളുമായുള്ള അവസാന പൊതു കൂടിക്കാഴ്ച നടത്തി. എല്ലാ ബുധനാഴ്ചയും മാര്‍പാപ്പ വിശ്വാസികള്‍ക്കു സന്ദേശം നല്‍കാറുണ്ട്. ബനഡിക്ട് പതിനാറാമന്‍ പാപ്പയുടെ അവസാന പൊതുകൂടിക്കാഴ്ചയായതിനാല്‍ അതിശൈത്യം വകവയ്ക്കാതെ പുലര്‍ച്ചെ മുതല്‍ തന്നെ ലക്ഷക്കണക്കിന് വിശ്വാസികള്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്ക് ഒഴുകിയെത്തിയിരുന്നു.

എല്ലാവര്‍ക്കും നന്ദിപറഞ്ഞുകൊണ്ടാണ് മാര്‍പാപ്പ തന്റെ പ്രസംഗം ആരംഭിച്ചത്. സഭയെ നയിക്കാന്‍ കഴിഞ്ഞതില്‍ ഏറെ നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്നോട് എല്ലാവരും വലിയ സ്നേഹമാണ് പ്രകടിപ്പിച്ചത്. ഈ സ്നേഹം സഭയില്‍ കൂടുതല്‍ പ്രാവര്‍ത്തികമാകണം. തനിക്കൊപ്പം പ്രവര്‍ത്തിച്ച കര്‍ദിനാള്‍മാര്‍ക്കും മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും സന്യസ്തര്‍ക്കും വിശ്വാസികള്‍ക്കും പാപ്പ നന്ദിയറിയിച്ചു. തന്റെ പ്രാര്‍ഥനയില്‍ എല്ലാവരെയും ഓര്‍ക്കുമെന്ന് പാപ്പ അറിയിച്ചു. സന്തോഷത്തൊടൊപ്പം വിഷമങ്ങളെയും തന്റെ കാലത്തു നേരിടേണ്ടിവന്നു. കടല്‍ക്കോളുകളെയും കൊടുങ്കാറ്റുകളെയും ദൈവകൃപയാല്‍ അതിജീവിച്ചുവെന്നു പാപ്പ പറഞ്ഞു.

സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ കൂടിയ കര്‍ദിനാള്‍മാരും മെത്രാന്‍മാരും ചത്വരത്തിലും പുറത്തുമായി തടിച്ചുകൂടിയ മൂന്നരലക്ഷം വരുന്ന വിശ്വാസികളും ഹര്‍ഷാരവം മുഴക്കി, കൈയടിച്ചാണ് മാര്‍പാപ്പയുടെ സന്ദേശം ശ്രവിച്ചത്.

ഫെബ്രുവരി 28 ന് താന്‍ പാപ്പാ പദവിയില്‍ നിന്ന് ഒഴിയുമെന്നാണ് ബനഡിക്ട് പതിനാറാമന്‍ അറിയിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ 11 ന് പരിശുദ്ധ പിതാവ് കര്‍ദിനാളന്മാരുടെ സമ്മേളനത്തില്‍ സംബന്ധിക്കുന്നതും കര്‍ദിനാളന്മാര്‍ ഓരോരുത്തരെയായി കണ്ട് അഭിവാദനം നേരുന്നതുമായിരിക്കും. വൈകുന്നേരം അഞ്ചിന് അദ്ദേഹം വേനല്‍ക്കാല വസതിയായ കാസ്റില്‍ ഗണ്‍ഡോള്‍ഫോയിലേക്ക് പോവും. രണ്ടുമാസത്തിനുശേഷം അദ്ദേഹം വത്തിക്കാനില്‍ തന്റെ താമസത്തിനായി ഒരുക്കിയിരിക്കുന്ന ആശ്രമത്തില്‍ എത്തും.