ഓപ്പറേഷന് നുംഖോര്‍: നടന് ദുല്‍ഖറിന്റെ വാഹനം വിട്ടുനല്‍കി
Saturday, October 18, 2025 12:10 PM IST
ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടികൂടിയ നടന് ദുല്‍ഖര്‍ സല്‍മാന്റെ വാഹനങ്ങളിലൊന്ന് വിട്ടുനല്‍കി. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറാണ് ഉപാധികളോടെ കസ്റ്റംസ് വിട്ടുനല്‍കിയത്.
ബോണ്ടിന്റേയും, 20 ശതമാനം ബാങ്ക് ഗ്യാരണ്ടിയുടെയും അടിസ്ഥാനത്തിലാണ് നടപടി. വാഹനം സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുത്, ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണം തുടങ്ങിയ നിബന്ധനകളും കസ്റ്റംസ് മുന്നോട്ടുവച്ചിട്ടുണ്ട്.
വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിയമപരമായ വഴിയിലൂടെയാണ് വാഹനം വാങ്ങിയതെന്നായിരുന്നു ദുല്‍ഖറിന്റെ വാദം. വിഷയത്തില്‍ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറെ സമീപിക്കാനായിരുന്നു കോടതി നിര്‍ദേശം. അതുപ്രകാരം ദുല്‍ഖര്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ വാഹനം വിട്ടുനല്‍കിയിട്ടുള്ളത്. വിവിധ ജില്ലകളില്‍ നിന്നായി 43 വാഹനങ്ങളാണ് ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടികൂടിയത്.
ഇതിൽ 39 വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടുനല്‍കി. കേസ് നടപടികള്‍ കഴിയുന്നതുവരെ ഉടമ വാഹനം സൂക്ഷിക്കണം. ഇവ ഉപയോഗിക്കാന്‍ പാടില്ല. അവശേഷിക്കുന്ന നാല് വാഹനങ്ങളില്‍ ഒന്ന് ദുല്‍ഖറിന്റേതാണ്.