"ദംഗൽ' ഗേൾ സൈറ വസീം വിവാഹിതയായി
Saturday, October 18, 2025 2:15 PM IST
ദംഗല്‍ ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി സൈറ വസീം വിവാഹിതയായി. സ്വകാര്യമായി നടന്ന ചടങ്ങിന്റെ നടി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഖുബൂല്‍ ഹേ എന്ന് അടിക്കുറിപ്പ് നല്‍കിക്കൊണ്ട് രണ്ട് ചിത്രങ്ങളാണ് സൈറ പങ്കുവെച്ചത്.
സൈറ വസീമും വരനുമൊപ്പമുള്ള മുഖം വെളിപ്പെടുത്താതെയുള്ള ചിത്രവും വിവാഹ ഉടമ്പടിയില്‍ ഒപ്പ് വയ്ക്കുന്ന ചിത്രവുമാണ് നടി പങ്കുവച്ചത്.
സ്വര്‍ണ നൂലുകൊണ്ട് മനോഹരമായി എംബ്രോയിഡറി ചെയ്ത കടും ചുവപ്പ് നിറത്തിലുള്ള ദുപ്പട്ടയാണ് നടി ധരിച്ചിരുന്നത്. വരന് ക്രീം നിറത്തിലുള്ള ഷെര്‍വാണിയാണ് അണിഞ്ഞിരിക്കുന്നത്.
പതിനാറാം വയസ്സിലാണ് സൈറ ആമിര്‍ ഖാന്റെ ദംഗല്‍ (2016) എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായത്. ചിത്രത്തില്‍ ഗുസ്തിക്കാരി ഗീത ഫോഗട്ടിന്റെ ചെറുപ്പകാലമാണ് അവതരിപ്പിച്ചത്.
സൈറയുടെ ശക്തമായ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. പിന്നീട് സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ (2017) എന്ന ചിത്രത്തിലും അഭിനയിച്ചു. മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 2019-ല്‍ സൈറ വസീം അഭിനയം നിര്‍ത്തിയിരുന്നു.
അഞ്ചു വര്‍ഷം ബോളിവുഡില്‍ നിറഞ്ഞുനിന്ന ശേഷമാണ് 19 വയസുകാരിയായിരുന്ന സൈറ അഭിനയം നിര്‍ത്തിയത്.