ഗോവധ നിരോധന നിയമം രാജ്യത്ത് മുന്പേയുണ്ടായിരുന്നു. പക്ഷേ, ബിജെപി അധികാരത്തിലെത്തിയതോടെയാണ് അത് ദുരുപയോഗിക്കപ്പെട്ടത്. മതപരിവർത്തന നിയമ ഭേദഗതിയും
ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ബുൾഡോസറായി മാറാൻ അനുവദിക്കരുത്.
പാക്കിസ്ഥാനിൽ ഒരു മതനിന്ദാ നിയമമുണ്ട്. പീനൽ കോഡിന്റെ സെക്ഷൻ 295-സിയിൽ പറയുന്ന ഈ നിയമം അത്യന്തം കുപ്രസിദ്ധമാണ്. മതനിന്ദ ആരോപിക്കപ്പെട്ടാൽ ഇല്ലെന്നു കുറ്റാരോപിതൻ തെളിയിക്കണം. അതു സാധ്യവുമല്ല. പോലീസും സർക്കാരും കോടതിയും ഭൂരിപക്ഷ മതവിഭാഗത്തിലെ ഭൂരിപക്ഷവുമൊക്കെ കുറ്റാരോപിതന് എതിരായിരിക്കും.
കഴിഞ്ഞ ഒക്ടോബറിലെ കണക്കനുസരിച്ച് 179 പേർ ജയിലിലുണ്ട്. വ്യക്തിവൈരാഗ്യം തീർക്കാൻ ആർക്കും നിയമം ദുരുപയോഗിക്കാം. കോടതി വിട്ടയച്ചാലും ജനം കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ട്. ന്യൂനപക്ഷവിരുദ്ധത പാക്കിസ്ഥാന് ഭൂഷണമായിരിക്കാം. കാരണം, അത് ഒരു മതരാഷ്ട്രമാണ്. ഇന്ത്യ അങ്ങനെയല്ല. ആകാനും പാടില്ല.
അതുകൊണ്ട്, ഉത്തർപ്രദേശിൽ യോഗി സർക്കാർ പുതുക്കി അവതരിപ്പിച്ച നിർബന്ധിത മതപരിവർത്തന നിരോധന നിയമം രാജ്യം ഗൗരവത്തിൽ ചർച്ച ചെയ്യേണ്ടതുണ്ട്.
നിർബന്ധിത മതപരിവർത്തന നിരോധന (ഭേദഗതി) ബിൽ 2024 രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ഭയാശങ്കകൾ വർധിപ്പിച്ചിരിക്കുകയാണ്.
ഒരു വ്യക്തി ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ വിവാഹം കഴിക്കുകയോ വിവാഹം കഴിക്കുമെന്നു വാഗ്ദാനം ചെയ്യുകയോ അതിനായി ഗൂഢാലോചന നടത്തുകയോ മതപരിവർത്തനം ലക്ഷ്യമാക്കി ഒരു സ്ത്രീയെയോ പ്രായപൂർത്തിയാകാത്തവരെയോ ആരെയെങ്കിലുമോ കടത്തിക്കൊണ്ടുപോകുകയോ ചെയ്താൽ, അയാളുടെ കുറ്റകൃത്യം അതീവ ഗുരുതരമായ വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്നാണ് ഭേദഗതിയിൽ ഉള്ളത്.
20 വർഷം തടവോ ജീവപര്യന്തമോ ലഭിക്കാവുന്ന വകുപ്പുമുണ്ട്. നിയമം ആർക്കും ദുരുപയോഗിക്കാം. അതായത്, പുത്തൻ വ്യവസ്ഥകൾ പ്രകാരം, മതപരിവർത്തന കേസുകളിൽ ആർക്കും എഫ്ഐആർ രജിസ്റ്റർ ചെയ്യാം. മുന്പ്, കേസിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനോ പരാതി നൽകാനോ ഇരയുടെയോ മാതാപിതാക്കളുടെയോ സഹോദരങ്ങളുടെയോ സാന്നിധ്യം ആവശ്യമായിരുന്നു.
എല്ലാ കുറ്റകൃത്യങ്ങളും ജാമ്യമില്ലാ വകുപ്പ് ആക്കുകയും ചെയ്തു. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തകർക്കുകയും ആൾക്കൂട്ടകൊലപാതകങ്ങൾ ആവർത്തിക്കുകയും ചെയ്യുന്ന യുപി പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു ഭേദഗതിയുടെ അനന്തരഫലങ്ങൾ രാജ്യം അവഗണിക്കരുത്. നിയമം മാത്രമല്ല, അത് കൈകാര്യം ചെയ്യുന്നവരുടെ രാഷ്ട്രീയവും പ്രസക്തമാണ്.
ഗോവധ നിരോധനനിയമം രാജ്യത്ത് മുന്പേയുണ്ടായിരുന്നു. പക്ഷേ, ബിജെപി അധികാരത്തിലെത്തിയതോടെയാണ് അത് ഭീതിതമാംവിധം ഉപയോഗിക്കപ്പെട്ടത്. മതപരിവർത്തന നിയമ ഭേദഗതിയും ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ബുൾഡോസറായി മാറാൻ അനുവദിക്കരുത്.
കർണാടകത്തിൽ ബിജെപി കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമമായ, "മതസ്വാതന്ത്ര്യ സംരക്ഷണ നിയമം 2022', കോൺഗ്രസ് 2023 ജൂണിൽ റദ്ദാക്കി. കുറ്റാരോപിതർ നിരപരാധിത്വം തെളിയിക്കേണ്ടിവരുന്ന വ്യവസ്ഥകളാണ് റദ്ദാക്കാൻ കാരണമെന്ന് ഊർജമന്ത്രി കെ.ജെ. ജോർജ് അന്ന് മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
ശക്തമായ നിയമം നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഒറീസ, ഛത്തീസ്ഘട്ട്, മധ്യപ്രദേശ്, ഗുജറാത്ത്, ഹിമാചൽപ്രദേശ്, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന എന്നിങ്ങനെ ഒമ്പത് സംസ്ഥാനങ്ങളിലാണ് മതപരിവർത്തന നിരോധന നിയമങ്ങൾ നിലവിലുള്ളത്.
അരുണാചൽപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ത്രിപുര, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമനിർമാണത്തിനുള്ള ശ്രമത്തിലാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കൊക്കെ യുപി മാതൃകയാകാനിടയുണ്ട്. അതേസമയം, മറ്റു മതങ്ങൾ സ്വീകരിച്ചവരെ വീണ്ടും ഹിന്ദു മതത്തിലേക്ക് കൂട്ട മതപരിവർത്തനം നടത്തുന്ന ‘ഘർവാപസി’ സംഘപരിവാർ വിഘ്നമില്ലാതെ നടത്തുന്നുമുണ്ട്. കേസോ അന്വേഷണമോ ഒന്നുമില്ല.
യുപിയിലെ തെരഞ്ഞെടുപ്പു പരാജയവും പാർട്ടിയിലെ തമ്മിലടിയും ദോഷമായി ഭവിച്ചതോടെയാവാം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വർഗീയവാദികളെ പ്രീണിപ്പിക്കുന്ന പുതിയ ഭേദഗതി കൊണ്ടുവന്നത്. അതു പാർട്ടിക്കു ഗുണകരമായിരിക്കും; രാജ്യത്തിന് ഒട്ടുമല്ല. യഥാർഥ രാജ്യസ്നേഹികൾ ഇതിനെതിരേ നിലകൊള്ളേണ്ടതുണ്ട്. പാക്കിസ്ഥാനിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും അനുഭവിക്കുന്നത് തങ്ങൾ അനുഭവിക്കേണ്ടിവരുമോയെന്ന ആശങ്ക ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് ഉണ്ടാകരുത്.