തുഷാർ ഗാന്ധിയെ എതിർക്കുന്പോൾ
Friday, March 14, 2025 12:00 AM IST
ഇന്ത്യയുടെ ആത്മാവിനെ വെറുപ്പും വിദ്വേഷവും ബാധിച്ചിട്ടുണ്ടെങ്കിൽ അതു ചൂണ്ടിക്കാണിക്കാൻ ഗാന്ധിജിയുടെ പ്രപൗത്രനോളം യോഗ്യത മറ്റാർക്കുമില്ല.
മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി സംഘപരിവാറിനെതിരേ നടത്തിയ പരാമർശവും ബിജെപിക്കാർ നടത്തിയ പ്രതിഷേധവും വിവാദത്തിനിടയാക്കിയെങ്കിലും അതിൽ അസാധാരണമായൊന്നുമില്ല. കാരണം, സംഘപരിവാറിനെ നിരന്തരം എതിർക്കുന്ന തുഷാർ ഗാന്ധി കേരളത്തിലും അതേ നിലപാടാണ് പറഞ്ഞത്. അതുപോലെ തുഷാർ ഗാന്ധിയെ അംഗീകരിക്കാത്ത സംഘപരിവാറുകാർ ഇവിടെയും അതുതന്നെ ചെയ്തു.
ബിജെപിയുടെ ഒരു സംസ്ഥാന നേതാവ് പറഞ്ഞത്, തുഷാർ ഗാന്ധി മാനസികരോഗിയാണെന്നാണ്. ഉത്തരേന്ത്യയിലെപ്പോലെയല്ല, ഇതൊന്നും ബിജെപിക്ക് ഒരു ഗുണവും കേരളത്തിൽ ഉണ്ടാക്കില്ല. മാത്രമല്ല, തുഷാർ ഗാന്ധിയെ എതിർക്കുന്നവരിൽ ഗാന്ധിവിരുദ്ധത ഒളിഞ്ഞിരിപ്പില്ലേയെന്നു മലയാളി സംശയിക്കുകയും ചെയ്യും.
രാജ്യത്തിന്റെ ആത്മാവിനെ കാൻസർ ബാധിച്ചിരിക്കുന്നുവെന്നും അതു പരത്തുന്നത് സംഘപരിവാറാണെന്നുമാണ് തുഷാർ ഗാന്ധി പ്രസംഗിച്ചത്. പ്രമുഖ ഗാന്ധിയനും ഗാന്ധി സ്മാരകനിധിയുടെയും സേവാഗ്രാം ആശ്രമത്തിന്റെയും ചെയർമാനുമായിരുന്ന പി. ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്യാൻ നെയ്യാറ്റിൻകരയിലെത്തിയതായിരുന്നു തുഷാർ ഗാന്ധി. പരാമർശത്തിൽ പ്രതിഷേധവുമായി ആർഎസ്എസ് - ബിജെപി പ്രവർത്തകർ തുഷാർ ഗാന്ധി കയറിയ കാറിനു മുന്നിലെത്തി. പക്ഷേ, പരാമർശം പിൻവലിക്കണമെന്ന അവരുടെ ആവശ്യം നിഷേധിച്ച തുഷാർ നിലപാടിൽ ഉറച്ചുനിൽക്കുന്നെന്നു പറഞ്ഞ് ഗാന്ധിജിക്കു ജയ് വിളിച്ച് അതേ കാറിൽ മടങ്ങുകയും ചെയ്തു.
ശിവഗിരിയിൽ ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും കൂടിക്കാഴ്ച നടത്തിയതിന്റെ ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്തതും തുഷാർ ഗാന്ധിയാണ്. വെറുപ്പിന്റെ രാഷ്ട്രീയത്തെയും മതം ഉപയോഗിച്ചുള്ള ഭിന്നിപ്പിനെയും ഇന്ത്യ നേരിടേണ്ടതുണ്ടെന്നും രണ്ടു മഹാത്മാക്കൾ ഛിദ്രശക്തികളെക്കുറിച്ച് അന്നു നൽകിയ മുന്നറിയിപ്പ് നൂറുവർഷങ്ങൾക്കിപ്പുറവും പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിവധത്തിന്റെ സംശയനിഴലിൽനിന്ന് ഒരിക്കലും പുറത്തുവന്നിട്ടില്ലാത്ത സംഘപരിവാറിനെക്കുറിച്ച് തുഷാർ ഗാന്ധി എക്കാലത്തും ഒരേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളം ഗാന്ധി സ്മരണയിലാണ്. വൈക്കം സത്യഗ്രഹത്തിലും ശിവഗിരിയിലും കോട്ടയത്തെ ക്നാനായ കത്തോലിക്കാ മെത്രാസന മന്ദിരത്തിലുമൊക്കെ ഗാന്ധിജി സന്ദർശനം നടത്തിയതിന്റെ ശതാബ്ദി, അഭിമാനത്തോടെയാണ് ബന്ധപ്പെട്ട ഇടങ്ങളിൽ ആഘോഷിച്ചത്. ഈ ചരിത്രസന്ദർഭങ്ങളിലൊന്നും കാര്യമായ പങ്കില്ലാത്ത സംഘപരിവാർ വാർത്തയിൽ നിറഞ്ഞത് ഗാന്ധിജിയുടെ കൊച്ചുമകന്റെമകനോടു പ്രതിഷേധം പ്രകടിപ്പിച്ചപ്പോഴാണ്. വെറുപ്പിന്റെ രാഷ്ട്രീയത്തെയും മതം ഉപയോഗിച്ചുള്ള ഭിന്നിപ്പിനെയും രാജ്യം നേരിടേണ്ടതാണ് എന്ന തുഷാർ ഗാന്ധിയുടെ ഓർമപ്പെടുത്തൽ ഈ രാജ്യത്തെ ജനാധിപത്യ - മതേതര വിശ്വാസികൾക്ക് പ്രത്യേകിച്ചു ന്യൂനപക്ഷങ്ങൾക്കു പെട്ടെന്നു മനസിലാകും. പറഞ്ഞ വ്യക്തിയോടു പ്രതിഷേധിക്കുകയല്ല, അത്തരം വസ്തുതകളിൽ കഴന്പുണ്ടോയെന്ന് ആത്മപരിശോധന നടത്തുകയാണ് ബിജെപി ചെയ്യേണ്ടത്.
ബിജെപി അധികാരത്തിലെത്തിയശേഷം രാജ്യത്തെ ന്യൂനപക്ഷങ്ങൾ മതത്തിന്റെ പേരിൽ നേരിടുന്ന അവഹേളനവും ആക്രമണങ്ങളും വർധിച്ചതിനെക്കുറിച്ചാണ് ആലോചിക്കേണ്ടത്. മതസ്വാതന്ത്ര്യ പട്ടികകളിൽ ഇന്ത്യ പിന്നോട്ടടിക്കുന്നതിനെ അടിസ്ഥാനരഹിതമെന്നു നിസാരവത്കരിച്ചു നമുക്ക് എതിർക്കാനാകും. പക്ഷേ, നിർബന്ധിത മതപരിവർത്തന ആരോപണത്തിന്റെ മറയിലും ഗോസംരക്ഷണത്തിന്റെ പേരിലും ബുൾഡോസർ സംസ്കാരത്തിലൂടെയുമൊക്കെ സംഘപരിവാർ നടത്തിയ ആൾക്കൂട്ട കൊലപാതകങ്ങളും വിദ്വേഷ പ്രചാരണങ്ങളും തല്ലിത്തകർക്കലുമൊക്കെ മറക്കാനാകില്ല. ന്യൂനപക്ഷങ്ങളുടെ വീടുകളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെ ഇത്രയേറെ ആക്രമിക്കപ്പെട്ട കാലം ഉണ്ടായിട്ടില്ല.
2024 ജനുവരിയിൽ, ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തിൽ ‘ഹിന്ദുമഹാസഭാ പ്രവർത്തകനായ നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തിലെ ഒരുപാടുപേരുടെ ഹീറോ’ എന്ന സമൂഹമാധ്യമ വിധ്വംസക കുറിപ്പിനടിയിൽ ‘ഗോഡ്സെ, ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ട്’ എന്നെഴുതിയ കോഴിക്കോട് എൻഐടി പ്രഫസർ ഷൈജ ആണ്ടവന് സ്ഥാനക്കയറ്റം നൽകിയത് കഴിഞ്ഞ മാസമാണ്. ഇതുപോലെ എത്രയെത്ര ഗാന്ധിനിന്ദകൾ സമീപവർഷങ്ങളിൽ അരങ്ങേറി! ഗാന്ധിജിയെയും ഗോഡ്സെയെയും അഥവാ അഹിംസയെയും ഹിംസയെയും ഒരേസമയം സേവിക്കുക സാധ്യമല്ല.
ഗോഡ്സെയുടെ മതഭ്രാന്തിനപ്പുറം, എല്ലാ മനുഷ്യരെയും ഒന്നായി കാണുന്ന അഹിംസയുടെ ഗാന്ധിസംസ്കാരം പുലർന്നു കാണാൻ ആഗ്രഹിക്കുന്നവർ ഇന്നും പോരാട്ടത്തിൽതന്നെയാണ്. അതിനുവേണ്ടിയാണ് തുഷാർ ഗാന്ധി രാജ്യമൊട്ടാകെ നടന്നു പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നത്. അതുകൊണ്ടാണ് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം തുഷാർ ഗാന്ധിക്കൊപ്പം നിന്നത്. ഇന്ത്യയുടെ ആത്മാവിനെ വെറുപ്പും വിദ്വേഷവും ബാധിച്ചിട്ടുണ്ടെങ്കിൽ അതു ചൂണ്ടിക്കാണിക്കാൻ ഗാന്ധിജിയുടെ പ്രപൗത്രനോളം യോഗ്യത മറ്റാർക്കുണ്ട്?