ടോണി ഡി സോര്‍സി പൊരുതുന്നു; ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകര്‍ച്ച
Monday, October 13, 2025 8:21 PM IST
ലാഹോര്‍: പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകർച്ച. ഒന്നാം ഇന്നിംഗ്സിൽ പാക്കിസ്ഥാൻ നേടിയ 378 റണ്‍സിന് മറുപടി പറയുന്ന ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെന്ന നിലയിലാണ്.
81 റണ്‍സുമായി ടോണി ഡി സോര്‍സിയും ആറ് റണ്‍സോടെ സെനുരാന് മുത്തുസ്വാമിയുമാണ് ക്രീസില്‍. മികച്ച തുടക്കത്തിനുശേഷമാണ് ദക്ഷിണാഫ്രിക്ക തകർന്നത്. ഒരു ഘട്ടത്തിൽ രണ്ടുവിക്കറ്റ് നഷ്ട്ടത്തിൽ 174 റൺസ് എന്ന നിലയിൽ നിന്നാണ് ദക്ഷിണാഫ്രിക്ക കൂട്ടത്തകർച്ച നേരിട്ടത്.
പാക്കിസ്ഥാനായി ഇടം കൈയന്‍ സ്പിന്നര്‍ നോമാന്‍ അലി നാലു വിക്കറ്റ് വീഴ്ത്തി. സല്മാന് അലി ആഗയും (93) മുഹമ്മദ് റിസ്വാനും (75) നേടിയ അര്‍ധസെഞ്ചുറികളാണ് പാക്കിസ്ഥാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
199-5 എന്ന സ്കോറില്‍ പതറിയ പാക്കിസ്ഥാനെ ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 163 റണ്‍സെടുത്ത് കരകയറ്റുകയായിരുന്നു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി സെനുരാന് മുത്തുസ്വാമി ആറ് വിക്കറ്റെടുത്തു.