സാബു എം.ജേക്കബിന്‍റെ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും
Wednesday, December 14, 2022 10:25 AM IST
കൊച്ചി: പി.വി. ശ്രീനിജന്‍ എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ കിറ്റെക്സ് ഗ്രൂപ്പ് തലവന്‍ സാബു എം. ജേക്കബിന്‍റെ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും. ശ്രീനിജന്‍ നല്‍കിയ പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ട്വന്‍റി- 20 ചീഫ് കോര്‍ഡിനേറ്റര്‍ കൂടിയായ സാബു എം.ജേക്കബ് ഹൈക്കോടതിയെ സമീപിച്ചത്.
എംഎല്‍എയുടെ പരാതിയില്‍ സാബു എം.ജേക്കബിനെ ഒന്നാം പ്രതിയാക്കി പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമ പ്രകാരമാണ് പോലീസ് കേസെടുത്തത്. ഐക്കരനാട് കൃഷിഭവന്‍ നടത്തിയ കര്‍ഷക ദിനത്തില്‍ ഉദ്ഘാടകനായി എത്തിയ എംഎല്‍എയെ ജാതീയമായി അപമാനിച്ചു എന്നാണ് പരാതിയില്‍.
എന്നാല്‍ പരാതിക്കാരനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും സംഭവദിവസം സ്ഥലത്തില്ലായിരുന്നുവെന്നും സാബു എം.ജേക്കബ് ചൂണ്ടിക്കാട്ടുന്നു.
കേസില്‍ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീന ദീപക് ആണ് രണ്ടാം പ്രതി. പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെ ആകെ ആറ് പ്രതികള്‍ ആണ് ഉള്ളത്. പ്രതികളുടെ അറസ്റ്റ് കഴിഞ്ഞ ദിവസം കോടതി തടഞ്ഞിരുന്നു. ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.