വിഴിഞ്ഞത്ത് ആദ്യ കപ്പൽ സെപ്റ്റംബർ അവസാനത്തോടെ: മന്ത്രി അഹമ്മദ് ദേവർകോവിൽ
Wednesday, December 14, 2022 7:41 PM IST
തിരുവനന്തപുരം: തുറമുഖം നിർമാണ പ്രവർത്തി പുനരാരംഭിച്ച വിഴിഞ്ഞത്ത് അടുത്ത വർഷം സെപ്റ്റംബർ അവസാനത്തോടെ ആദ്യ കപ്പൽ അടുപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞത്ത് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെയും അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ പ്രതീക്ഷകളാണ് യോഗത്തിൽ പങ്കുവച്ചത് എന്ന് മന്ത്രി അറിയിച്ചു. സമരം മൂലം നഷ്ടമായ ദിവസങ്ങൾ തിരികെ പിടിക്കാൻ ശ്രമിക്കും. അതിനനുസരിച്ച് കൃത്യമായ കലണ്ടർ തയാറാക്കി ഓരോ ഘട്ടവും തീരുമാനിച്ചിട്ടുണ്ട്.
കല്ല് നിക്ഷേപിക്കാൻ പുതിയ ലൈൻ ഓഫ് പൊസിഷൻ (എൽഒപി) നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് 60 കോടി രൂപയാണ് ചെലവ്. ഇതിന്റെ പ്രവർത്തി ജനുവരിയിൽ പൂർത്തിയാവും. പുതിയ എൽഒപി പ്രവർത്തി പൂർത്തിയായാൽ ഇപ്പോൾ ദിവസം നിക്ഷേപിക്കുന്ന 15,000 കരിങ്കല്ല് എന്നത് ഇരട്ടിയായി ഉയർത്താൻ സാധിക്കും.
തുറമുഖ നിർമ്മാണ പ്രവർത്തിയിൽ പാറക്കല്ലുകളുടെ സംഭരണം വേണ്ടത്ര ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിദിനം 7,000 പാറക്കല്ല് ആണ് വേണ്ടത്. തുറമുഖ നിർമാണ പ്രവർത്തി പുനരാരംഭിക്കുന്നതോടനുബന്ധിച്ച് തയാറാക്കിയ കലണ്ടർ പ്രകാരം തുറമുഖത്തിലെ സബ്സ്റ്റേഷൻ ജനുവരിയിൽ നിലവിൽ വരും.
ഗേറ്റ് കോംപ്ലക്സ് അടുത്തവർഷം മാർച്ചിലും വർക് ഷോപ്പ് കോംപ്ലക്സ് ഏപ്രിലിലും എക്യുപ്മെന്റ്സ് ഷിപ്പ് മേയിലും റീഫർ സൗകര്യം ഓഗസ്റ്റിലും നിലവിൽ വരും. 400 മീറ്റർ നീളമുള്ള ബർത്ത് ഓണത്തോടനുബന്ധിച്ച് പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
12 ബാർജുകളും ആറ് ടഗ്ഗുകളും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. നിരീക്ഷണ കമ്മിറ്റി യോഗം എല്ലാ മാസത്തിലെയും അവസാന ബുധനാഴ്ച ചേർന്ന് പ്രവർത്തി അവലോകനം നടത്തും. 2024 ലാണ് തുറമുഖം പൂർണമായും കമ്മീഷനിംഗ് നിശ്ചയിച്ചിട്ടുള്ളത്.
തുറമുഖം കമ്മീഷൻ ചെയ്യുക എന്നതിനേക്കാൾ ആദ്യ കപ്പൽ എത്തിക്കുക എന്നതിനാണ് ഇപ്പോൾ പ്രാധാന്യം. ബ്രേക്ക് വാട്ടർ, ബാർജ് എന്നിവയുടെ പ്രവർത്തി ഇപ്പോൾ നന്നായി പോകുന്നുണ്ട്. ആകെയുള്ള നിർമാണ പ്രവർത്തിയുടെ 70 ശതമാനം പൂർത്തിയായതായി മന്ത്രി പറഞ്ഞു.