റിയാദ് എയർ; പുതിയ എയർലൈൻ കമ്പനി പ്രഖ്യാപിച്ച് സൗദി
Monday, March 13, 2023 10:55 AM IST
റിയാദ്: പുതിയ വിമാനക്കമ്പനി പ്രഖ്യാപിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽഅസീസ്. റിയാദ് എയർ എന്നാണ് വിമാനക്കമ്പനിക്ക് പേരിട്ടിരിക്കുന്നത്. പിഐഎഫ് പൂർണ ഉടമസ്ഥതയിലാണ് വിമാനക്കമ്പനി സ്ഥാപിക്കുന്നത്.
പിഐഎഫ് ഗവർണർ യാസിർ അൽ റുമയ്യനാണ് റിയാദ് എയറിന്റെ ചെയർമാൻ. വ്യോമായന, ഗതാഗത, ചരക്കുനീക്ക മേഖലകളിൽ 40 വർഷത്തിലേറെ പരിചയമുള്ള ടോണി ഡഗ്ലസിനെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചിട്ടുണ്ട്. യുഎഇ ആസ്ഥാനമായുള്ള ഇത്തിഹാദ് എയർലൈനിനെ ഡഗ്ലസ് നയിച്ചിട്ടുണ്ട്.
റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയാദ് എയർ 2030-ഓടെ ലോകമെമ്പാടുമുള്ള 100-ലധികം കേന്ദ്രങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കും. എണ്ണയിതര വരുമാന മേഖലയിലേക്ക് 2,000 കോടി ഡോളർ കൂട്ടിച്ചേർക്കുമെന്ന് കണക്കാക്കുന്ന എയർലൈൻസ് പ്രത്യക്ഷമായും പരോക്ഷമായും രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.
പുതിയ എയർലൈൻസ് സൗദിയുടെ ആഗോളതലത്തിലുള്ള യാത്ര, വ്യോമയാന വ്യവസായത്തിൽ പുതിയ യുഗത്തിന് തുടക്കമിടുമെന്നാണ് കരുതുന്നത്.