അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നത് എതിർത്ത് നാട്ടുകാരും എംഎൽഎയും
Wednesday, April 5, 2023 8:50 PM IST
പാലക്കാട്: ഇടുക്കി ചിന്നക്കനാൽ മേഖലയിൽ വിഹരിക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാനുള്ള സർക്കാർ നീക്കത്തിനെതിരെ എതിർപ്പ് ശക്തം. ആനയെ തങ്ങളുടെ നാട്ടിലേക്ക് കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ട് കർഷക സംരക്ഷ സമിതി സർക്കാരിന് പരാതി നൽകി.
നെന്മാറ എംഎൽഎ കെ.ബാബുവും സർക്കാർ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പറമ്പിക്കുളത്തും റേഷന്‍കടകളും പലചരക്ക് കടകളും ഉണ്ടെന്നും സർക്കാർ നീക്കത്തിൽ ആദിവാസികള്‍ ഉള്‍പ്പടെയുള്ളവർ ആശങ്കയിലാണെന്നും അദ്ദേഹം അറിയിച്ചു. അരിക്കൊമ്പനെ എത്തിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ന്നാല്‍ താന്‍ മുന്നിലുണ്ടാകുമെന്നും എംഎൽഎ അറിയിച്ചു.
പറമ്പിക്കുളത്ത് 11-ൽ അധികം ആദിവാസി കോളനികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കർഷക സംരക്ഷണ സമിതി പരാതിയുമായി എത്തിയത്. ആനയെ കൊണ്ടുവിട്ടാൽ മേഖലയിൽ സമാധാന അന്തരീക്ഷം തകരുമെന്നും ഈ പ്രദേശത്ത് 27 ആനകളുടെ നിരന്തരമായ ശല്യമുണ്ടെന്നും സമിതി അറിയിച്ചു.