പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണി: ശക്തമായ അന്വേഷണം നടത്തണമെന്ന് സുരേന്ദ്രൻ
Saturday, April 22, 2023 9:41 AM IST
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ച പശ്ചാത്തലത്തിൽ ശക്തമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭീഷണിപ്പെടുത്തിയ ആളുടെ പേരും നന്പറും കത്തിലുണ്ട്. ഇത് പോലീസ് പരിശോധിച്ചോയെന്നും സുരേന്ദ്രൻ ചോദിച്ചു.
എസ്പിജി മികച്ച സുരക്ഷയാണ് പ്രധാനമന്ത്രിക്ക് ഒരുക്കുന്നത്. കേരളത്തിൽ മതതീവ്രവാദ സംഘടനകളും രാജ്യദ്രോഹ ശക്തികളും ശക്തമാണെന്നാണ് പോലീസ് പുറത്തുവിട്ട ഇന്റലിജൻസ് റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്.
ഇന്റലിജൻസ് റിപ്പോർട്ടിൽ നിരവധി സംഘടനകളെ സംബന്ധിച്ച് പരാമർശം ഉണ്ട്. പിഡിപി, എസ്ഡിപിഐ, പിഎഫ്ഐ, ചില ആർബൻ നെക്സൽ സംഘടനകൾ തുടങ്ങിവയുടെ പേരുകളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ അവരെയെല്ലാം സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
നാളെ പിഡിപി നേതാവ് കേരളത്തിലേക്ക് വരികയാണ്. അദ്ദേഹത്തിന് എല്ലാ സുരക്ഷയും സംസ്ഥാന സർക്കാരാണ് ഒരുക്കുന്നത്. ഈ ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവിട്ടതിലൂടെ പ്രധാനമന്ത്രിയുടെ സുരക്ഷയെ ആണോ, അതോ മറ്റെന്തെങ്കിലുമാണോ കേരള പോലീസ് ഉദേശിക്കുന്നതെന്ന് മനസിലാകുന്നില്ല.
പോലീസ് ശക്തമായ നടപടി എടുക്കുകയാണ് വേണ്ടത്. ഭീഷണി കത്തിനെ സംബന്ധിച്ച് അന്വേഷണം നടത്തി അത് ആരാണെന്ന് കണ്ടെത്തുകയാണ് വേണ്ടത്. അതിനുപകരം പോലീസ് ചെയ്യുന്നത് പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു തൊട്ടടുത്ത ദിവസം ഉന്നതനായ പോലീസ് ഉദ്യോഗസ്ഥൻ തന്നെ മാധ്യമങ്ങളെ വിളിച്ച് ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
അതേസമയം പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എഡിജിപി ഇന്റലിജൻസ് തയാറാക്കിയ സുരക്ഷാസ്കീം ചോർന്നു. പോലീസ് സുരക്ഷയുടെ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്.