അപകടത്തിൽപ്പെട്ട് മണിക്കൂറുകളോളം കൊക്കയിൽ കിടന്നു; ബൈക്ക് യാത്രികന് ദാരുണാന്ത്യം
Sunday, July 30, 2023 6:16 AM IST
ചിന്നക്കനാൽ: ബൈക്ക് അപകടത്തിൽപെട്ടു 10 മണിക്കൂറിലധികം കൊക്കയിൽ കിടന്നയാൾ മരിച്ചു. അപ്പർ സൂര്യനെല്ലി സ്വദേശി ഭാഗ്യരാജ്(47) ആണു മരിച്ചത്.
വെള്ളിയാഴ്ച രാത്രി ഏഴിനു വീട്ടിൽ നിന്നു ബൈക്കിൽ സൂര്യനെല്ലിക്കു പോയ ഭാഗ്യരാജ് നേരം വൈകിയിട്ടും തിരിച്ചെത്തിയില്ല. വീട്ടുകാർ ഫോണിലേക്ക് വിളിച്ചെങ്കിലും കിട്ടിയില്ല.
ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് ഭാഗ്യരാജിന്റെ ബൈക്ക് ചിന്നക്കനാൽ മോണ്ട് ഫോർട്ട് സ്കൂളിനു സമീപം പൊതുമരാമത്ത് റോഡിന്റെ താഴെ കൊക്കയിൽ കിടക്കുന്നത് നാട്ടുകാർ കണ്ടത്.
തുടർന്നു നടത്തിയ തിരച്ചിലിൽ ഭാഗ്യരാജിന്റെ മൃതദേഹവും കണ്ടെത്തി. ശാന്തൻപാറ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മേസ്തിരി പണിക്കാരനായിരുന്നു ഭാഗ്യരാജ്.