പോക്സോ കേസ്: നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ഹൈക്കോടതി
Sunday, August 20, 2023 5:06 AM IST
കൊച്ചി: പോക്സോ കേസുകളിൽ നഷ്ടപരിഹാരം നൽകാൻ വിക്ടിം കോന്പൻസേഷൻ ഫണ്ടിൽ മതിയായ തുക ഉണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. നിലവിലെ അപേക്ഷകളിൽ തുക വിതരണം ചെയ്യാൻ ആവശ്യമായ ഫണ്ട് ഉടൻ അനുവദിക്കണമെന്നും ജസ്റ്റീസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടു.
ആറു കോടിയോളം രൂപ നഷ്ടപരിഹാരം നൽകാനുള്ളത് കണക്കാക്കിയാണ് നിർദേശം. ലൈംഗിക അതിക്രമം നേരിട്ട രണ്ടു കുട്ടികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി എടുത്ത തീരുമാനം സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി അംഗീകരിക്കാത്തത് ചോദ്യംചെയ്തുള്ള ഹർജി അനുവദിച്ചാണ് ഉത്തരവ്. ഹർജിക്കാരുടെ കേസിൽ ഉടൻ തുക വിതരണം ചെയ്യാനും നിർദേശിച്ചു.
നഷ്ടപരിഹാരം നൽകാൻ സർക്കാർ പ്രത്യേക സ്കീമിന് രൂപം നൽകുന്നതുവരെ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഫണ്ട് അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി.