നിപ: 61 സാമ്പിള്‍കൂടി നെഗറ്റീവ്; ഉറവിടം കണ്ടെത്തിയില്ല
Wednesday, September 20, 2023 2:45 PM IST
കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ സാമ്പിള്‍ പരിശോധനയില്‍ 61 സാമ്പിള്‍ കൂടി നെഗറ്റീവ്. പോസിറ്റീവായി ചികില്‍സയില്‍ കഴിയുന്ന രോഗികളുടെ നില അതേപടി തുരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒമ്പതു വയസുള്ള കുട്ടിയുടെ നില ക്ലിനിക്കലായി മെച്ചപ്പെടുന്നുണ്ട്. 994 പേരാണ് നിലവിൽ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്.
കേരളത്തിൽ പടർന്നത് ഒരേ ഇനത്തിൽപ്പെട്ട നിപ വൈറസാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയെങ്കിലും രോഗത്തിന്റെ തുടക്കം എവിടെനിന്നാണെന്നു കണ്ടെത്താൻ കഴിഞ്ഞില്ല. 2018, 2019, 2021 വർഷങ്ങളിലും നിലവിലും ഉണ്ടായ രോഗബാധയെക്കുറിച്ച് ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസേർച്ച് (ഐസിഎംആർ), പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് (എൻഐവി) എന്നിവയിലെ വിദഗ്ധ സംഘം പഠിച്ചതിൽനിന്ന് ഒരേ ഇനത്തിൽപ്പെട്ട വൈറസാണ് രോഗകാരണമെന്ന് വ്യക്തമായിട്ടുണ്ട്.
വൈറസിന് ജനിതക മാറ്റമുണ്ടായിട്ടില്ല. 99.7 ശതമാനമാണ് വൈറസിന്റെ സാമ്യം. 2018, 2019, 2021 വർഷങ്ങളിൽ രോഗബാധയുണ്ടായ സമയത്ത് മനുഷ്യരിലും വവ്വാലുകളിലും കാണപ്പെട്ട വൈറസ് ഒരേ ഇനത്തിൽപെട്ടതാണെന്ന് വ്യക്തമായിരുന്നു.
ഇതേതുടർന്നാണ് രോഗവാഹകർ വവ്വാലുകളാണെന്ന നിഗമനത്തിൽ അധികൃതർ എത്തിയത്. ഇതേ ഇനത്തിൽപെട്ട വൈറസിനെതന്നെയാണ് ഇപ്പോൾ മനുഷ്യ സാന്പിളുകളിലും കണ്ടെത്തിയിരിക്കുന്നത്.
എന്നാൽ, ഇത്തവണ രോഗവാഹകർ വവ്വാലുകളാണോ എന്ന് ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ആദ്യം രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ താമസ സ്ഥലത്തിനടുത്തുനിന്നു ശേഖരിച്ച 36 വവ്വാലുകളുടെ സാന്പിളുകളുടെ പരിശോധനാഫലം നെഗറ്റീവായതാണ് കാരണം.
വൈറസ് വ്യാപനത്തിന്റെ കാരണം പഠിക്കാൻ പൂനെ എൻഐവി രോഗബാധയുണ്ടായ മറ്റ് സ്ഥലങ്ങളിൽനിന്നു വവ്വാലുകളുടെ കൂടുതൽ സാന്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.