വക്കീല്‍ നോട്ടീസ്; മറുപടിയില്‍ മലക്കം മറിച്ചിലുമായി സി.എന്‍. മോഹനന്
Thursday, September 28, 2023 10:23 AM IST
തിരുവനന്തപുരം: അഭിഭാഷക സ്ഥാപനമായ കെഎംഎന്പിയുടെ വക്കീല്‍ നോട്ടീസിനുള്ള മറുപടിയില്‍ നിലപാട് മാറ്റി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്. നേരത്തെ, മാത്യു കുഴല്നാടന് എംഎല്‍എയ്ക്കും അദ്ദേഹം കൂടി ഉള്‍പ്പെട്ട സ്ഥാപനത്തിനും എതിരേ മോഹനന് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
ദുബായിയിലടക്കം ഈ കമ്പനി പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ പ്രമുഖ നിയമജ്ഞര്‍ക്കുപോലും ഇത്രയധികം ശാഖകളില്ല. കള്ളപ്പണം വെളുപ്പിക്കാന്‍ സ്ഥാപനം ഉപയോഗിക്കുന്നു എന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ഉന്നയിച്ചത്.
എന്നാല്‍ ഇതിന്‍പ്രകാരം കമ്പനി അയച്ച വക്കീല്‍ നോട്ടീസിനുള്ള മറുപടിയില്‍ മോഹനന് നിലപാട് തിരുത്തി. പറഞ്ഞത് മാത്യുവിന്റെ ഭൂമിയുടെ കാര്യം മാത്രം എന്നാണ് മറുപടിയില്‍ വിശദീകരിച്ചിരിക്കുന്നത്.
കെഎംഎന്‍പിയെ അപകീര്‍ത്തിപെടുത്തിയിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു. നിയമനടപടിയുമായി മുന്നോട്ടുപോകും എന്ന മാത്യുവിന്റെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് സി.എന്‍.മോഹനന് വിശദീകരണവുമായി രംഗത്ത് വന്നത്.
അതേ സമയം, അധിക്ഷേപിച്ച് കീഴ്പെടുത്താന്‍ ശ്രമിക്കുന്നത് സിപിഎം ശൈലിയാണെന്ന് മാത്യു കുഴല്നാടന് പ്രതികരിച്ചു. എല്ലാം ജനങ്ങള്‍ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.