മന്ത്രിമന്ദിരങ്ങളിൽ ക്ഷുദ്രജീവി ശല്യം; വലഞ്ഞ് മന്ത്രിമാർ
Friday, March 1, 2024 9:28 AM IST
തിരുവനന്തപുരം: തലസ്ഥാനത്ത് ക്ലിഫ്ഹൗസിലുൾപ്പെടെ മന്ത്രിമന്ദിരങ്ങളിൽ ക്ഷുദ്രജീവികളുടെ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ ഈ വിഷയം സൂചിപ്പിച്ചതിന് പിന്നാലെയാണ് മറ്റ് മന്ത്രിമന്ദിരങ്ങളിലെയും സമാനമായ സ്ഥിതി പുറത്തുവരുന്നത്.
മരപ്പട്ടി ശല്യം കാരണം വസ്ത്രങ്ങൾ ഇസ്തിരിയിട്ട് വയ്ക്കാനും വെള്ളം തുറന്നുവയ്ക്കാനും കഴിയാത്ത സാഹചര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവിന്റെ കന്റോൺമെന്റ് ഹൗസിൽ പാന്പും കീരിയും എലികളുമാണുള്ളത്.
വി. ശിവൻകുട്ടിയുടെ റോസ്ഹൗസിലും ആർ. ബിന്ദുവിന്റെ സാനഡുവിലും വി. അബ്ദുറഹിമാൻ താമസിക്കുന്ന കവടിയാർ ഹൗസ് എന്നിവിടങ്ങളിലും മരപ്പട്ടി ശല്യം രൂക്ഷമാണെന്നാണ് വിവരം. രാജ്ഭവനിൽ മരപ്പട്ടി ശല്യം വർധിച്ചതോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരു വർഷം മുമ്പ് കുറച്ചുകാലം ഹോട്ടലിലേക്ക് താമസം മാറിയിരുന്നു.
എന്നാൽ കാലപ്പഴക്കംചെന്ന മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണി നടത്താൻ മന്ത്രിമാർക്ക് മടിയാണെന്ന് മുൻ മന്ത്രി ആന്റണി രാജു പറഞ്ഞു. നവീകരണത്തിന്റെ കണക്ക് പുറത്തുവരുമ്പോഴുണ്ടാകുന്ന വിവാദങ്ങൾ ഭയന്നാണ് പലരും ഇതിൽ നിന്നും പിന്മാറുന്നത്.