എസ്എഫ്ഐ പ്രവര്‍ത്തകര്‍ വനിതാ പ്രിന്‍സിപ്പലിനെ സ്കൂളില്‍ പൂട്ടിയിട്ടതായി പരാതി
Wednesday, August 13, 2025 4:32 PM IST
തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്‍ത്തകര്‍ വനിതാ പ്രിന്‍സിപ്പലിനെ സ്കൂളില്‍ പൂട്ടിയിട്ടതായി പരാതി.
ചൊവ്വാഴ്ചയായിരുന്നു സംഭവം. കിളിമാനൂര്‍ തട്ടത്തുമല സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പ്രിന്‍സിപ്പല്‍ ഷീജയെ ഒരുമണിക്കൂറോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്കൂളില്‍ പൂട്ടിയിട്ടത്.
സ്കൂള്‍ തെരഞ്ഞെടുപ്പില്‍ ഒരു വിദ്യാര്‍ഥി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാന്‍ നിന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പ്രിന്‍സിപ്പലിനെ പൂട്ടിയിടുന്നതിലേക്ക് എത്തിയത്. ഈ വിദ്യാര്‍ഥിയെ കെഎസ്യു പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചു എന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന് പരാതി നല്കി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആര്‍ക്കും പരാതി ഇല്ലാ എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ വിഷയത്തില്‍ നടപടി എടുത്തില്ല. പിന്നാലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്കൂളില്‍ പ്രതിഷേധം നടത്തുകയും പ്രിന്‍സിപ്പല്‍ ഷീജയെ സ്കൂളില്‍ പൂട്ടിയിടുകയുമായിരുന്നു.
കിളിമാനൂര്‍ പോലീസ് സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ട് പ്രിന്‍സിപ്പലിനെ മോചിപ്പിച്ചത്. സ്കൂളിലെ എസ്എഫ്ഐ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന അഫ്സല്, ഫാത്തിമ ഹിസാന എന്നീ വിദ്യാര്‍ഥികള്‍ക്കും, കണ്ടാലറിയാവുന്ന മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.