പോലീസ് സബ് ഇൻസ്പെക്ടറായി ആൾമാറാട്ടം; യുവാവ് അറസ്റ്റിൽ
Wednesday, August 13, 2025 10:50 PM IST
ന്യൂഡൽഹി: പോലീസ് സബ് ഇൻസ്പെക്ടറായി ആൾമാറാട്ടം നടത്തിയ യുവാവ് അറസ്റ്റിൽ. രോഹിണി നിവാസിയായ ലഖ്പത് സിംഗ് നേഗി(36) യാണ് അറസ്റ്റിലായത്.
മൗര്യ എൻക്ലേവ് പോലീസ് സ്റ്റേഷനിലെ പട്രോളിംഗ് ഉദ്യോഗസ്ഥർ പിതാംപുരയിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് ഡിസിപി (വടക്കുപടിഞ്ഞാറൻ) ഭീഷം സിംഗ് പറഞ്ഞു.
ഒരു കാറിനുള്ളിൽ സംശയാസ്പദമായ സാഹചര്യത്തിലാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ കൃത്യമായ വിവരങ്ങൾ പറയാതിരുന്ന ഇയാൾ, താൻ ദ്വാരകയിലെ സൈബർ പോലീസ് സ്റ്റേഷനിൽ നിയമിതനായ സബ് ഇൻസ്പെക്ടറാണെന്ന് അവകാശപ്പെട്ടു.
എന്നാൽ ഇതിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പോലീസ് തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടുവെങ്കിലും ഇയാൾ നൽകിയില്ല. പിഐഎസ് നമ്പർ ആവശ്യപ്പെട്ടപ്പോൾ തെറ്റായ വിവരങ്ങൾ കൈമാറി.
ഇയാളുടെ വാഹനത്തിൽ നടത്തിയ പരിശോധനയിൽ, ലഖ്പത് സിംഗ് എന്ന പേരും ഫോട്ടോയും ആലേഖനം ചെയ്ത നാല് വ്യാജ ഡൽഹി പോലീസ് തിരിച്ചറിയൽ കാർഡുകൾ, നെയിം പ്ലേറ്റുള്ള ഒരു പോലീസ് യൂണിഫോം, മൂന്ന് മൊബൈൽ ഫോണുകൾ, കളിപ്പാട്ട പിസ്റ്റൾ, തൊപ്പികൾ, ഒരു ഫ്ലൂറസെന്റ് ജാക്കറ്റ്, ഡൽഹി പോലീസ് സ്റ്റിക്കറുകൾ, ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന നിരവധി ബാഡ്ജുകൾ, ഫയൽ കവറുകൾ, കോടതി സമൻസ്, എട്ട് ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ എന്നിവ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ബിരുദധാരിയും മുൻ അക്കൗണ്ടന്റുമായ നേഗി ചോദ്യം ചെയ്യലിൽ, ബഹുമാനവും സാമ്പത്തിക നേട്ടവും നേടുന്നതിനായി കഴിഞ്ഞ രണ്ട് വർഷമായി ഡൽഹി പോലീസ് ഉദ്യോഗസ്ഥനായി വേഷമിടുകയായിരുന്നുവെന്ന് സമ്മതിച്ചു.
നേഗിക്ക് ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലെങ്കിലും, ആളുകളുമായി ഇടപഴകാൻ ഇയാൾ തന്റെ വ്യാജ ഐഡന്റിറ്റി ഉപയോഗിച്ചിരിക്കാമെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.