മെസി ഡിസംബറിൽ ഇന്ത്യയിൽ
Friday, August 15, 2025 5:22 PM IST
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഗോട്ട് ടൂർ ഓഫ് ഇന്ത്യ എന്ന പേരിലായിരിക്കും മെസിയുടെ ഇന്ത്യാ സന്ദര്‍ശനം. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് ഇതിന് നേതൃത്വം നൽകുന്ന കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത ദേശീയ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഡിസംബര്‍ 12ന് കൊല്‍ക്കത്തയിലെത്തുന്ന മെസി 13ന് അഹമ്മദാബാദ്, 14ന് മുംബൈ, 15ന് ദില്ലി നഗരങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കും. ദില്ലിയിലെത്തുന്ന മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും സതാദ്രു ദത്ത പറഞ്ഞു.
മെസിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് അര്‍ജന്റീന നായകന് ഡിസംബറില്‍ ഇന്ത്യയിലെത്തുന്നത്. മെസി ഉള്‍പ്പെട്ട അര്‍ജന്റീന ടീം ഒക്ടോബറില്‍ കേരളത്തിലെത്തുമെന്നും സൗഹൃദ മത്സരം കളിക്കുമെന്നും കായിക മന്ത്രി വി. അബ്ദുറഹിമാന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ കരാര്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സന്ദര്‍ശനത്തില്‍ നിന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പിന്മാറിയത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു.
എന്നാല്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി കരാര്‍ ഒപ്പിട്ടത് സ്പോണ്‍സറാണെന്നും അര്‍ജന്റീന ടീമിനെ കേരളത്തില്‍ കൊണ്ടുവരാനുള്ള പണം സ്പോണ്സര് അടച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ മെസിയുള്‍പ്പെട്ട അര്‍ജന്റീന ടീം കേരളത്തിലേക്ക് വരുന്നില്ലങ്കില്‍ ഇന്ത്യയില്‍ എവിടെയും കളിക്കാനാകില്ലെന്നും തങ്ങളുമായാണ് അര്‍ജന്റീന ടീം കരാറൊപ്പിട്ടിരിക്കുന്നതെന്നും സ്പോണ്‍സര്‍മാരായ റിപ്പോര്‍ട്ടിംഗ് ബ്രോഡ്കാസ്റ്റിംഗ് കോര്പറേഷന് വ്യക്തമാക്കിയിരുന്നു.